ഡി.വൈ.എഫ്.ഐയുടെ വളര്‍ച്ച പടവലങ്ങ പോലെ

22,000 ഡി.വൈ.എഫ്.ഐ അംഗങ്ങളുണ്ടായിരുന്ന ഗുജറാത്തില്‍ ഒരംഗം പോലും ഇല്ലാത്ത സ്ഥിതി

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു പ്രവര്‍ത്തനവും സംഘടിപ്പിക്കാനായില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് 

അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കാന്‍ നേതാക്കന്മാരില്ലാത്ത അവസ്ഥയിലേക്കു ഡിവൈഎഫ്‌ഐ

യുവാക്കളെ ആകര്‍ഷിച്ചു സംഘടനയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയാത്തതിനാല്‍ പല സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു പ്രവര്‍ത്തനവും സംഘടിപ്പിക്കാനായില്ലെന്ന് അഖിലേന്ത്യാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. അംഗങ്ങള്‍ക്കു ചര്‍ച്ചയ്ക്കായി നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി മെട്രൊ വാര്‍ത്തയ്ക്കു ലഭിച്ചു.

കേരളം, ത്രിപുര എന്നിവിടങ്ങളില്‍ അംഗത്വത്തില്‍ വര്‍ധനയുണ്ടെങ്കിലും ബംഗളൂരുവില്‍ നടന്ന സമ്മേളനത്തിനുശേഷം ആറു വര്‍ഷം കൊണ്ട് മറ്റു പല സംസ്ഥാനങ്ങളിലും ഗണ്യമായ ഇടിവാണുണ്ടായത്. അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കാന്‍ നേതാക്കന്മാരില്ലാത്ത അവസ്ഥയിലേക്കു ഡിവൈഎഫ്‌ഐയെത്തി. നേതൃത്വത്തിന്റെ പിടിപ്പുകേടും പ്രവര്‍ത്തന മാന്ദ്യവും സംഘടനയെ അനുദിനം തകര്‍ച്ചയിലേക്കു നയിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യാപക വിമര്‍ശനമാണുള്ളത്.

അംഗസംഖ്യ 2012ല്‍ 1,34,26182 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 1,87,4569 ന്റെ കുറവാണുണ്ടായിരിക്കുന്നത്. 22,000 അംഗങ്ങളുണ്ടായിരുന്ന ഗുജറാത്തില്‍ ഒരംഗം പോലും ഇല്ലാത്ത സ്ഥിതിയായി. പശ്ചിമ ബംഗാളിലാണു കനത്ത നഷ്ടമുണ്ടായത്. അവിടെ 58,38,850 അംഗത്വമുണ്ടായിരുന്നതില്‍ 16,38,220 പേര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞു. കേന്ദ്ര കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ഡല്‍ഹിയില്‍ 17,485 മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നതില്‍ 5337 ന്റെ കുറവുണ്ട്. 10,12,709 അംഗങ്ങളുണ്ടായിരുന്ന തമിഴ്നാട്ടില്‍ ഒരു ലക്ഷത്തിലധികം കുറവുണ്ടായി. ആന്ധ്രാപ്രദേശ്, ഒറീസ, ടിവൈഎഫ് എന്നിവടങ്ങളിലും വലിയ ഇടിവു സംഭവിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രണ്ടു ശതമാനമാണ് കേരളത്തില്‍ മെമ്പര്‍ഷിപ്പ് ഉയര്‍ന്നത്.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആളില്ലാതിരുന്നതാണ് പ്രധാനമായും തകര്‍ച്ചയിലേക്കു നയിച്ചതെന്നാണു വിലയിരുത്തല്‍. നാല് അംഗങ്ങളാണ് അഖിലേന്ത്യാ സെന്ററായി പ്രവര്‍ത്തിച്ചിരുന്നത്. അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് പാര്‍ലമെന്റംഗമായതുകൊണ്ട് അദ്ദേഹത്തെ എന്നും കിട്ടാറില്ല. ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയാണ് സംസ്ഥാന കമ്മിറ്റികളില്‍ റിപ്പോര്‍ട്ടിങ്ങിനു പോകുന്നത്. ബാക്കിയുള്ളത് ഓഫിസ് സെക്രട്ടറിയും ഒരു ഓഫിസ് സ്റ്റാഫും മാത്രമാണ്. സെന്ററിന്റെ പ്രവര്‍ത്തനം മോശമായതിനെത്തുടര്‍ന്ന് മുഹമ്മദ് റിയാസിനെ 2016 ജൂലൈയില്‍ സെന്ററിന്റെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഹിന്ദി അറിയാവുന്ന പ്രവര്‍ത്തകനില്ലാത്തതു പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ 75 ശതമാനം മാത്രമാണ് ഹാജര്‍ നില. ഭൂരിഭാഗം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളും സ്റ്റേറ്റ് കമ്മിറ്റികളുമായി ഇടപെട്ടു പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തി. ദുര്‍ബലമായ സംസ്ഥാന കമ്മിറ്റികളില്‍പ്പോലും അഖിലേന്ത്യാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്.

ബിജെപിക്കും ആര്‍എസ്എസിനുമെതിരെയുള്ള കുറ്റപത്രമെന്ന നിലയിലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുടനീളമുള്ളത്.

കേരളമുള്‍പ്പെടുയുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷമായി ബിജെപി വളര്‍ന്നുകൊണ്ടിരിക്കുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസുകാര്‍ പോലും ബിജെപിയിലേക്കു പോയതോടെ പ്രതിപക്ഷമായി ബിജെപി മാറിയെന്നും വിലയിരുത്തുന്നു. സംഘപരിവാറിന്റെ വളര്‍ച്ചയില്‍ ജാഗ്രത പുലര്‍ത്താന്‍ റിപ്പോര്‍ട്ട് പ്രതിനിധികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. നൂനപക്ഷങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒട്ടേറെ പദ്ധതികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.