കീവ്: യുക്രൈനിലെ ഖാര്‍കീവില്‍ വന്‍ സ്‌ഫോടനം നടന്നുവെന്ന് റിപ്പോര്‍ട്ട്. ജനങ്ങള്‍ പ്രദേശത്ത് നിന്ന് കൂട്ടപ്പലായനം നടത്തുകയാണ്. അതേസമയം, ജി7 രാജ്യങ്ങളുടെ അടിയന്തര യോഗം നാളെ നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
കാനഡയില്‍ നിന്ന് ആയുധങ്ങളുമായി ഒരു വിമാനം യുക്രൈനില്‍ എത്തിയിട്ടുണ്ട്.തലസ്ഥാനമായ കീവിലും ഖാര്‍കീവിലും വലിയ പ്രതിസന്ധിയാണ് ഉള്ളത്. ആളുകള്‍ സാധനം വാങ്ങാനായി നിരത്തുകളിലൂടെ പാഞ്ഞുനടക്കുകയാണ്.
ലുഹാന്‍സ്‌കില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ആളുകള്‍ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു്.
യുക്രൈനിലെ വാസില്‍കീവ് എയര്‍ബേസില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കാര്‍കീവിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ 10 സ്ഥലങ്ങളില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈന്‍ പറഞ്ഞു.