യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന റഷ്യന്‍ നിലപാട് തന്ത്രപരം

യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന റഷ്യന്‍ നിലപാട് തന്ത്രപരം. സമാധാനത്തിനായി പരമാവധി തങ്ങളും ശ്രമിക്കുന്നുണ്ടെന്ന സന്ദേശം ലോകത്തിനു നല്‍കാനാണ് ഇത്തരമൊരു പരസ്യ പ്രസ്താവന റഷ്യ നടത്തിയിരിക്കുന്നത്.

എന്നാല്‍, ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്ന് റഷ്യന്‍ ആവശ്യം യുക്രൈന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. സമീപത്തെ നാറ്റോ രാജ്യങ്ങളില്‍ ഏതിലെങ്കിലും വച്ച് ചര്‍ച്ച നടത്തണമെന്നതാണ് അവരുടെ ആവശ്യം.എന്നാല്‍ ഈ ആവശ്യം റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ചര്‍ച്ചകളുടെ വേദിയാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

എന്ത് ചര്‍ച്ച നടന്നാലും നിലവിലെ യുക്രൈന്‍ ഭരണകൂടം മാറണം എന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും റഷ്യ തയ്യാറല്ല. തലസ്ഥാന നഗരത്തില്‍ അന്തിമ യുദ്ധത്തിന് ഇറങ്ങിയ റഷ്യന്‍ നീക്കം, അപകടകരമായ ആയുധ പ്രയോഗത്തില്‍ എത്തുമോ എന്ന ആശങ്ക ലോക രാഷ്ട്രങ്ങള്‍ക്കുമുണ്ട്. അങ്ങനെ ഒരു ‘ കടുംകൈ ‘ ചെയ്യേണ്ടി വന്നാല്‍, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം യുക്രൈനും നാറ്റോ രാജ്യങ്ങള്‍ക്കും ആയിരിക്കുമെന്നതാണ് റഷ്യന്‍ നിലപാട്.

പാലങ്ങള്‍ തകര്‍ത്ത യുക്രൈന്‍ സൈന്യത്തിന്റെ നടപടിയാണ് റഷ്യയുടെ സൈനിക നടപടി പതുക്കെയാവാന്‍ കാരണമായിരിക്കുന്നത്‌. എന്നാല്‍, ഞായറാഴ്ച കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുത്ത് ശക്തമായ ആക്രമണമാണ് റഷ്യ നടത്തിയിരിക്കുന്നത്.

അതേസമയം, യുക്രൈന് ആയുധങ്ങള്‍ നല്‍കാനുള്ള നാറ്റോ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും തീരുമാനവും റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആയുധങ്ങളുമായി വരുന്ന വാഹനങ്ങളും കപ്പലുകളും തകര്‍ക്കാനാണ് റഷ്യന്‍ തീരുമാനം.ഇത് ആയുധം കൊടുത്തുവിടുന്ന രാജ്യങ്ങള്‍ക്കും വലിയ തിരിച്ചടിയാകും. തിരിച്ചടിക്കാന്‍ അവരും തയാറായാല്‍, ഏത് കടുത്ത ആയുധം ഉപയോഗിക്കാന്‍ റഷ്യയും തയ്യാറായേക്കും. ഇക്കാര്യം പുടിന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതുവരെ സ്വന്തം സൈനിക ശേഷിയുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് റഷ്യ ഉപയോഗിച്ചിരിക്കുന്നത്. നാറ്റോ സഖ്യം ഇടപെട്ടാല്‍, തിരിച്ചടിക്കാന്‍ മറ്റൊരു വിഭാഗത്തെയും പുടിന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. അതായത് ഒരു മൂന്നാം ലോക മഹായുദ്ധ സാധ്യത ഇനിയും തള്ളിക്കളയാന്‍ കഴിയില്ലന്നു വ്യക്തം.

ഇതിനിടെ, റഷ്യ – യുക്രൈന്‍ യുദ്ധത്തിനു കാരണക്കാരനായ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ വധിക്കാന്‍ റഷ്യ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കീവിനെ വളഞ്ഞ റഷ്യന്‍ സേനയുടെ അടുത്ത നീക്കം എന്താണെന്നതും ലോകം ഉറ്റു നോക്കുന്നുണ്ട്. യുക്രൈന്റെ പല ഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യന്‍ സേന നടത്തുന്നത്. റഷ്യന്‍ സേനക്കു നേരെ പാര്‍പ്പിട സമുച്ചയത്തില്‍ നിന്നുള്‍പ്പെടെ ആക്രമണമുണ്ടായപ്പോള്‍ റഷ്യ നടത്തിയ തിരിച്ചടിയില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ഖാര്‍കീവിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെയാണ് റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തത്. ഒന്‍പത് നില കെട്ടിടമായിരുന്നു ഇത്. യുക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നുകയറിയുള്ള രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.

വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തിയത് യുക്രൈയിനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. ഇവിടെ തീ പടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. കാര്‍കീവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വന്‍ തീപിടുത്തമാണ് ഉണ്ടായത്. വിഷവാതകം ചോരുന്നതിനാല്‍ പ്രദേശവാസികള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് യുക്രൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, സാധാരണക്കാര്‍ക്ക് ആയുധം നല്‍കി റഷ്യന്‍ ആക്രമണത്തെ ചെറുക്കുവാന്‍ യുക്രൈന്‍ നടത്തിയ നീക്കം, ആ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് ഭീഷണി ആയിരിക്കുന്നത്. തോക്കു ലഭിച്ചവര്‍ കൊള്ളയും ആക്രമണവുമാണ് നടത്തുന്നത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും കൂടുതലാണ്. ‘വിനാശകാലേ’ യുക്രൈന്‍ ഭരണകൂടം നടത്തിയ വിപരീത ബുദ്ധിയാണിത്.