ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ മോള്‍ഡോവ വഴിയും ശ്രമം; കുടുങ്ങിയവര്‍ പടിഞ്ഞാറന്‍ പ്രദേശത്ത് എത്താന്‍ നിര്‍ദേശം

കീവ്: യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മറ്റുവഴികള്‍ തേടുന്നു. ഇതിന്റെ ഭാഗമായി റുമാനിയ, ഹംഗറി എന്നി രാജ്യങ്ങള്‍ക്ക് പുറമേ മോള്‍ഡോവ വഴിയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. യുക്രൈന്‍- മോള്‍ഡോവ അതിര്‍ത്തിയില്‍ എത്തുന്ന ഇന്ത്യക്കാരെ പ്രവേശിപ്പിക്കാന്‍ വേണ്ട സൗകര്യം ഒരുക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി മോള്‍ഡോവ വിദേശകാര്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഫോണിലൂടെയായിരുന്നു ആശയവിനിമയം.

ഇതിന് അനുകൂലമായി മോള്‍ഡോവ വിദേശകാര്യമന്ത്രി പ്രതികരിച്ചതായി എസ് ജയശങ്കര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വിദേശകാര്യമന്ത്രാലയ പ്രതിനിധികള്‍ നാളെ മോള്‍ഡോവയില്‍ എത്തുമെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

അതിനിടെ, യുക്രൈനില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാരോട് യുക്രൈനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് യുക്രൈന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് എത്തിച്ചേരാന്‍ ശ്രമിക്കുക.

ട്രെയിന്‍ വഴിയുള്ള യാത്ര സുരക്ഷിതമാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് യുക്രൈന്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നതായും എംബസി അറിയിച്ചു. സൗജന്യ യാത്രയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ട്രെയിനില്‍ കയറ്റുക. സംഘമായി യാത്ര ചെയ്യാനും എംബസി നിര്‍ദേശിച്ചു.