കേരളത്തെ മുഖ്യധാരയിൽ നിന്ന് അടർത്തിമാറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ

കേരളത്തെ മുഖ്യധാരയിൽ നിന്ന് അടർത്തിമാറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന്  കെ സുരേന്ദ്രൻ. കേരളം വേറെ രാഷ്ട്രമാണ് എന്ന ചിന്ത വളർത്തുന്ന ശ്രമങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അതിനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിൽ കടക്കെണി മൂലം കർഷകർ ആത്മഹത്യ ചെയ്യുകയാണ്. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് കടക്കെണിയിലേക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ആർട്ടിക്കിൾ 370 പോലെ ഭരണഘടനയിലെ അനാശാസ്യമായ പല കാര്യങ്ങളും എടുത്തു മാറ്റാനുള്ള ധൈര്യം മോദിസർക്കാർ കാണിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ചിന്ത ജെറോമിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് നിൽക്കുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും ആരോപിച്ചിരുന്നു.

കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്നലെ നടന്ന മാര്‍ച്ചിൽ സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.