16കാരിയെ മാസം തികയും മുമ്പേ പ്രസവിപ്പിക്കാം, നവജാത ശിശുവിന്‍റെ ജീവൻ സംരക്ഷിക്കണം; പോക്സോ കേസിൽ ഹൈക്കോടതി

കൊച്ചി: പോക്സോ കേസിലെ ഇരയുടെ മാനസിക സാമൂഹിക ആഘാതം ഒഴിവാക്കാൻ മാസം തികയും മുമ്പേ പ്രസവിപ്പിച്ച് ഗർഭസ്ഥ ശിശുവിനെ  സംരക്ഷിക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്. 29 ആഴ്ച പ്രായം കഴിഞ്ഞ ഗർഭം അലസിപ്പിക്കാൻ സമീപിച്ച പോക്സോ കേസിലാണ് ഹൈക്കോടതി നടപടി. മലപ്പുറം സ്വദേശിനിയുടെ ഹർജിയിലാണ് കേരള ഹൈക്കോടതി ഉത്തരവ്. എന്നാൽ ജനിച്ച്  39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞിന്‍റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

17 വയസ് പൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് ബന്ധുക്കൾ അറിയുന്നത് വളരെ വൈകിയാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോൾ തന്നെ ബന്ധുക്കൾ മാസം തികയും മുമ്പേ പ്രസവിപ്പിക്കാന്‍ ഹൈക്കോടതിയേയും സമീപിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഗർഭിണിയുടേയും ഗർഭസ്ഥ ശിശുവിന്‍റേയും ആരോഗ്യാവസ്ഥയും ഗർഭഛിദ്രത്തിനുള്ള സാധ്യതയും ആരാഞ്ഞ കോടതിക്ക് മുന്നിൽ സ്കാനിങ് അടക്കം ചെയ്ത ശേഷം കുട്ടിക്ക് 29 ആഴ്ച പിന്നിട്ട ഗർഭം ആണെന്നും മാസം തികയും മുമ്പേ പ്രസവിപ്പിക്കാന്‍ ആരോഗ്യപരമായ മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും ഗർഭവുമായി മുന്നോട്ട് പോയാൽ അത് കുട്ടിയുടെ സാമൂഹിക മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. മാസം പൂർത്തിയാകാതെ പ്രസവിക്കുന്ന കുഞ്ഞ് ജീവിച്ചിരുന്നാൽ ആ കുഞ്ഞിന്‍റെ ഭാവി എന്താകുമെന്നതിൽ മെഡിക്കൽ ബോർഡിന്‍റെ ആശങ്കയും റിപ്പോർട്ടിൽ വ്യക്തമായിരുന്നു.