ബിബിസി പരിശോധന: ‘ക്രമക്കേട്’, വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്

ബിബിസിയിലെ മൂന്ന് ദിവസം നീണ്ട ആദായ നികുതി വകുപ്പിൻ്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സർവേയിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്.

ബിബിസിക്കെതിരായ നടപടികൾ തുടരുമെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രവർത്തനങ്ങളിലൂടെ ലഭിച്ച ലാഭം അനധികൃതമായി ബിബിസി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിൽ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിൽ നടന്ന 60 മണിക്കൂറോളം നീണ്ട മാരത്തൺ പരിശോധന തുടക്കം മാത്രമാണെന്ന്  സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന നിയമപ്രകാരമാണെന്നും ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതിവകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.