WIFI EXCLUSIVE: ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ മാപ്പുസാക്ഷിയായത്‌ വിവാദമാകുന്നു

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് നികുതിവെട്ടിപ്പിന് കൂട്ടുനിന്ന ശേഷം ഉദ്യോഗസ്ഥരെ സി.ബി.ഐയ്ക്ക് ഒറ്റിക്കൊടുത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കെതിരെ ഒരു സന്നദ്ധ സംഘടന പൊതുതാല്‍പര്യ ഹരജി നല്‍കാന്‍ ഒരുങ്ങുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ജ്വല്ലറി ഉടമകളില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അടക്കം രണ്ട് ആദായവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.  പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടി, ശരത് എന്നിവരെയാണ് സി.ബി.ഐ പിടികൂടിയത്.

mozhiഇതുമായി ബന്ധപ്പെട്ട് കോട്ടയത്തെ ഒരു പ്രമുഖ വ്യവസായിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലിപ്പണം കക്ഷികളില്‍ നിന്ന് വാങ്ങിക്കൊടുത്തത് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എം.കെ. കുരുവിള മാപ്പ് സാക്ഷിയാകുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ സ്വദേശയായ കെ.ജെ. ടോമി എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഇത്തരത്തില്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. കോട്ടയം സ്വദേശിയായ എം.കെ. കുരുവിള പ്രിന്‍സിപ്പില്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടിക്കെതിരെയാണ് മൊഴി നല്‍കിയത്.

ഈ മാസം 24ന് കെ.ഐ. കോശിയെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റും മാപ്പ് സാക്ഷിയായി മൊഴി നല്‍കുമെന്ന് അറിയുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴിലിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി ചെയ്ത് ഇവര്‍ ഇപ്പോഴും അക്കൗണ്ടന്റുമാരായി തുടരുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങിക്കൊടുക്കുകയും ചെയ്തശേഷം ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരെ സി.ബി.ഐയ്ക്ക് ഒറ്റിക്കൊടുത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കെതിരെ തിരുവനന്തപുരത്തെ ഒരു അഴിമതി വിരുദ്ധ സംഘടനയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കാന്‍ ഒരുങ്ങുന്നത്. അഴിമതിക്ക് കൂട്ടുനില്‍ക്കുകയും കൈക്കൂലി കൊടുക്കുകയും ചെയ്ത ശേഷം മാപ്പ് സാക്ഷിയാകുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കൊപ്പം അവരുടെ സംഘടനയെയും പ്രതി ചേര്‍ക്കാന്‍ ആലോചിക്കുന്നുണ്ട്.

തൊഴിലിന്റെ മാന്യതയ്ക്ക് ചേരാത്ത പ്രവൃത്തി ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നാണ് സംഘടനയില്‍പ്പെട്ട ബഹുഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. തൃശൂര്‍ സ്വദേശിയായ കെ.ജെ. ടോമി എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.ജെ. വിന്‍സെന്റ്, ജോസഫ് കുഞ്ഞിപ്പാലു എന്നിവര്‍ക്കെതിരെയാണ് മൊഴി നല്‍കിയത്.