ഫ്രണ്ട് ഓഫീസ് ജീവനക്കാരി നേരത്തേ പോയി; ഓവര്‍സിയറെ അകത്താക്കി പഞ്ചായത്തംഗം ഓഫീസ് പൂട്ടി

ജീവനക്കാരിയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ മെമ്മോ

ഫ്രണ്ട് ഓഫീസ് ജീവനക്കാരി നേരത്തേ സ്ഥലംവിട്ടു. ഓവര്‍സിയറെ അകത്താക്കി പഞ്ചായത്തംഗം ഓഫീസ് പൂട്ടി താക്കോല്‍ കീശയിലിട്ടു. കഴിഞ്ഞ ദിവസം വെണ്മണി ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സംഭവം.

ഫ്രണ്ട് ഓഫീസ് ജീവനക്കാരി ഉച്ചകഴിഞ്ഞ് 3.30 ആയപ്പോഴേക്കും ബാഗും കുടയുമെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. അവരുടെ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടാം വാര്‍ഡംഗം അനില്‍ അമ്പാടിയാണ് ഫ്രണ്ട് ഓഫീസ് പൂട്ടി താക്കോല്‍ കീശയിലിട്ടത്. എന്നാല്‍ ഓഫീസ് പൂട്ടുന്ന സമയം ഒരു ഓവര്‍സിയറും സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവും ഫ്രണ്ടോഫീസിനകത്ത് ഉണ്ടായിരുന്നു. ഇതു ശ്രദ്ധിക്കാതെയാണ് ഓഫീസിനു താഴിട്ടത്. തുടര്‍ന്നു അവര്‍ ബഹളംവച്ചതോടെ സംഭവം കൊഴുത്തു പോലീസും സ്ഥലത്തെത്തി.

തുടര്‍ന്നു പോലീസും വൈസ് പ്രസിഡന്റ് മറിയാമ്മ ചെറിയാനും ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസിനുള്ളിലുണ്ടായിരുന്നവരെ തുറന്നു വിട്ടു. ഏറെ നാളായി ഫ്രണ്ടോഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലായിരുന്നു. ഇതിന്റെ ചുമതലക്കാരിയായ യുഡി ക്ലാര്‍ക്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.

ജോലി സമയം തീരും മുമ്പേ ഓഫീസില്‍ നിന്നും പോയ ഫ്രണ്ട് ഓഫീസ് ജീവനക്കാരിക്കു പഞ്ചായത്ത് സെക്രട്ടറി മെമ്മോ നല്‍കി. ഉദ്യോഗസ്ഥനെ ഓഫീസില്‍ പൂട്ടിയതിനു ഓവര്‍സിയര്‍ വെണ്മണി പോലീസില്‍ പരാതി നല്‍കിയെങ്കിലും ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിക്കുകയാണുണ്ടായത്. പഞ്ചായത്തംഗം ഫ്രണ്ടോഫീസ് പൂട്ടിയത് സംബന്ധിച്ച വിഷയം അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ രൂക്ഷമായ വാദ പ്രതിവാദത്തിന് ഇടയാക്കുമെന്ന് സൂചനയുണ്ട്.