ബ്രഹ്മപുരത്തെ വിഷപ്പുക: ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ബ്രഹ്മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, തെറ്റുകാർ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ നിർമ്മാർജ്ജനത്തിന് കൃത്യമായ കർമ്മപദ്ധതികൾ വേണമെന്നും ഇതിനായി ബജറ്റിൽ പണം നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”ഈ അ​ഗ്നിബാധയെക്കുറിച്ചല്ല നാം കൂടുതൽ ശ്രദ്ധിക്കേണ്ടത്. മാലിന്യ നിർമ്മാർജ്ജനത്തിൽ മാലിന്യ സംസ്കരണ പ്രക്രിയയിൽ നമ്മുടെ ഭരണ സംവിധാനം പരാജയപ്പെടുന്നോ എന്നാണ്. അവിടെ തീയിട്ടതാണോ തീ പിടിച്ചതാണോ എന്നുളള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അതിനെക്കാളുപരി മാലിന്യത്തിന്റെ ദുരീകരണത്തിലും സംസ്കരണത്തിനും നമ്മുടെ ഭരണ സംവിധാനം എന്തു ചെയ്യുന്നു എന്നുള്ളതാണ്. ഈ മാലിന്യമല ഇതുപോലെ കത്തിയെരിഞ്ഞപ്പോൾ ഇവിടെയെല്ലാം പുക നിറഞ്ഞപ്പോൾ ജനങ്ങൾ ശ്വാസം മുട്ടിയപ്പോൾ അത് ഭരണവ്യവസ്ഥയുടെ വലിയ പരാജയമാണ്. വളരെ വിശാലമായിട്ടുള്ള പരിഹാരപദ്ധതി ആസൂത്രണം ചെയ്ത് ബജറ്റുകളിൽ അതിന് വേണ്ട പണം ഏർപ്പെടുത്തി പ്രവർത്തിക്കാൻ ഭരണ സംവിധാനം തയ്യാറാകണം.” ജോർജ് ആലഞ്ചേരി  പറഞ്ഞു.