കണ്ണൂരിലെ സ്ഥിതി ആശങ്കാജനകമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: സി.പി.എം, ബി.ജെ.പി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ല ഇതുവരെയില്ലാത്ത വിധത്തില്‍ അപകടമേഖലയിലേക്കെന്നു സംസ്ഥാന പൊലിസ് രഹസ്യാന്വേഷണവിഭാഗം ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ടു നല്‍കി. നേരത്തെ കണ്ണൂരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സ്വഭാവമുള്ള സംഘടനകളും ആയുധം ശേഖരിക്കുന്നതായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെ അനുബന്ധ റിപ്പോര്‍ട്ടാണ് വീണ്ടും നല്‍കിയത്. ആഭ്യന്തരവകുപ്പിനു ലഭിച്ച റിപ്പോര്‍ട്ടു പരിഗണിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ചേക്കും. ജില്ലാഭരണകൂടം വിളിച്ചു ചേര്‍ക്കുന്ന സമാധാനയോഗ തീരുമാനങ്ങള്‍ ഗൗനിക്കാതെ മുന്‍പോട്ടു പോകുന്ന ശൈലി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതിനാലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗം വിളിക്കുന്നത്. കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം വിളിക്കണമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കണ്ണൂരില്‍ ക്രമസമാധാന നില വഷളാകുന്നതായി രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു നല്‍കിയത്.

അണ്ടല്ലൂരിലെ സന്തോഷ് കുമാര്‍ വധത്തിനു ശേഷം കണ്ണൂരിലെ വിവിധയിടങ്ങളില്‍ ഇന്നലെയും അക്രമം നടന്നു. സി. പി. എം തളിപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന കെ.കെ.എന്‍ പരിയാരം സ്മാരക ഹാള്‍ ബോംബെറിഞ്ഞു തകര്‍ത്തു. പള്ളിക്കുന്ന്  എടച്ചേരിയിലെ കോണ്‍ഗ്രസ് നേതാവ് കൂക്കിരി രാജേഷിന്റെ വീടും തകര്‍ത്തു. കോടിയേരി മൂഴിക്കരയിലെ സി.പി.എം ഓഫീസിനും  ബ്രാഞ്ചു സെക്രട്ടറി സുജിത്തിന്റെ വീടിനു നേരേയും ബോംബേറുണ്ടായി. ഇതിനിടെ, ജില്ലയിലെ പൊലിസിന്റെ പ്രവര്‍ത്തനത്തെ കുറിച്ചു വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ട്.