ഗോ റ്റു യുവർ ക്ലാസ്സ് ഇൻ കാനഡ (ഡോ.പി.വി.ബൈജു)

ഒരു കൂട്ടർ നാട്ടിൽ നിന്നും എങ്ങനെയും രക്ഷപെടാൻ നോക്കുന്നു. വേറൊരു കൂട്ടർ പുറത്തേക്കു പോകുന്നവരെ തടയാൻ നോക്കുന്നു. എത്ര തടഞ്ഞാലും കേരളത്തിൽ നിന്നും കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെയും കുടിവെയ്റ്റക്കാരുടെയും ഒഴുക്ക് കൂടുന്നേയുള്ളൂ. മലയാളികൾ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങങ്ങളിലിൽ നിന്നുള്ളവരും പഠിക്കാനായി കാനഡയിലേക്ക് വരുന്നുണ്ട്.

കാനഡയിൽ രണ്ടു വര്ഷം പഠിച്ചാൽ, സാധാരണ നിലയിൽ മൂന്നു വര്ഷം ഇവിടെ താമസിച്ചു ജോലി ചെയ്യാം. ഒരു വർഷത്തെ കോഴ്സ് ആണെങ്കിൽ ഒരു വര്ഷം താമസിച്ജോലി ചെയ്യാം. മൂന്നു വർഷത്തെ താമസക്കാലം കൊണ്ട്, കാനഡയിലെ പെർമെനന്റ് റെസിഡന്റ് വിസ ലഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ചുരുക്കത്തിൽ അഞ്ചു വര്ഷം കൊണ്ട് പഠനവും കഴിഞ്ഞു കാനഡയിലെ പി ആറും കിട്ടി, സാമ്പത്തീക ഭദ്രത കൈവരിക്കാം. പ്ലസ് ടു കഴിഞ്ഞു നാട്ടിൽ നിന്നും വരുന്ന ഒരാൾക്ക്, ഏകദേശം ഇരുപത്തഞ്ചു വയസോടെ, പഠിക്കാനായി ചെലവഴിച്ച കടവും വീട്ടി, സാമ്പത്തീക സുരക്ഷിതത്വം നേടാം. നാട്ടിലെ പോലെ ആരുടെയും കയ്യും കാലും പിടിക്കാതെ തന്നെ ഇവിടെ ജീവിക്കുകയും ചെയ്യാം. ഇതൊക്കെ ആയിരിക്കാം കൂടുതൽ മലയാളികളെ കാനഡയിലേക്ക് ആകർഷിക്കുന്നത്.

കാനഡയിലെ കുടിയേറ്റത്തിന്റെ ചുമതലയുള്ള ഇമ്മിഗ്രേഷൻ ആൻഡ് റെഫ്യൂജീസ് കമ്മീഷൻ കാനഡയുടെ കണക്കനുസരിച്ചു 2022 ൽ കാനഡ 184 രാജ്യങ്ങളിൽ നിന്നായി 551,405 വിദ്യാർത്ഥികളെ പഠിക്കാനായി സ്വീകരിച്ചു. ഇതൊരു സർവകാല റെക്കോർഡ് ആണ്. 2019 ൽ 400600 വിദ്യാർത്ഥികളാണ് കാനഡയിൽ പഠിക്കാൻ വന്നത്. അടുത്ത വര്ഷം കോവിഡ്മൂലം അത് കുറഞ്ഞു. പക്ഷെ 2021 ൽ അത് 444,260 ആയി ഉയർന്നു. 2022 ന്റെ അവസാനം കാനഡയിൽ 807,750 വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പഠിക്കാനായി കാനഡയിൽ ഉണ്ട്. (മുൻവർഷങ്ങളിൽ വന്നവർ ഉൾപ്പടെ).

2022 ൽ കാനഡയിൽ പുതിയതായി പഠിക്കാൻ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയ പത്തു രാജ്യങ്ങൾ
രാജ്യം വിദ്യാർത്ഥികളുടെ എണ്ണം
ഇന്ത്യ 226,450
ചൈന 52,165
ഫിലിപ്പൈൻസ് 23,380
ഫ്രാൻസ് 16,725
നൈജീരിയ 16,195
ഇറാൻ 13,525
റിപ്പബ്ലിക്ക് ഓഫ് കൊറിയ 11,535
ജപ്പാൻ 10,955
മെക്സിക്കോ 10,405
ബ്രസീൽ 10,405

ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്. 2022 ന്റെ അവസാനം ഇന്ത്യയിൽ നിന്നുള്ള 319,130 പേരാണ് വിദ്യാര്ഥികളായി കാനഡയിൽ ഉള്ളത്. അത് കാനഡയിലെ മൊത്തം വിദേശ വിദ്ധാർത്ഥികളുടെ 39 . 5 ശതമാനം ആണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി കൂടിക്കൊണ്ടിരിക്കയാണ്. എന്നാൽ മുൻകലങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ വന്നിരുന്ന ചൈനയിലെ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷമായി കുറഞ്ഞുകൊണ്ടിരിക്കയാണ്. കാനഡയിലെ കോളേജുകളിലും, സർവകലാശാലകളിലും അഡ്മിഷൻ കിട്ടുന്ന എല്ലാവര്ക്കും, പഠിക്കാനുമുള്ള വിസ കിട്ടുന്നില്ലെന്നതും ഒരു യാഥാർഥ്യമാണ്. 2021 ൽ കാനഡയിൽ പഠിക്കാനുള്ള ഓഫർ ലെറ്റർ കിട്ടിയ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ, ഏകദേശം 41 ശതമാനം പേർക് വിസ കിട്ടിയില്ല. അവരിൽ ചിലർ വീണ്ടും അപേക്ഷിച്ചു, വിസ കിട്ടിയിരിക്കാൻ സാധ്യതയുണ്ട്.

2022അവസാനം കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ എത്തിച്ചേർന്ന പതിനഞ്ച് രാജ്യങ്ങൾ
രാജ്യം വിദ്യാർത്ഥികളുടെ എണ്ണം
ഇന്ത്യ 319,130
ചൈന 100,075
ഫിലിപ്പൈൻസ് 32,455
ഫ്രാൻസ് 27,135
നൈജീരിയ 21,660
ഇറാൻ 21,115
റിപ്പബ്ലിക്ക് ഓഫ് കൊറിയ 16,505
വിയറ്റ്നാം 16,140
മെക്സിക്കോ 14,930
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക 14,485
ബ്രസീൽ 14,465
ഹോങ്കോങ് 13,100
കൊളംബിയ 12,440
ബംഗ്ലാദേശ് 12,295
ജപ്പാൻ 12,095
മുഖ്യ പതിനഞ്ച് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ ശതമാനം 80.23
ആകെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ 807,750

കാനഡയിലെ ഉന്നതവിദ്യാഭാസത്തിന്റെ ഗുണ നിലവാരം, മറ്റുള്ള വികസിത രാജ്യങ്ങളുമായി തുലനംചെയ്യുമ്പോൾ കുറഞ്ഞ ഫീസ്, പഠനത്തിനുശേഷം ജോലിക്കും, സ്ഥിരതാമസത്തിനും ഉള്ള സാദ്ധ്യതകൾ, പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാനുള്ള അവസരങ്ങൾ, തുടർ പഠനത്തിനുള്ള അവസരങ്ങൾ മുതലായവയാണ് കാനഡയിലേക്ക് അന്തരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. കാനഡയിൽ പഠിക്കാൻ വരുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും, താരതമന്യേ പഠിക്കാൻ എളുപ്പവും, ജോലി കിട്ടാൻ സാധ്യതയുമുള്ള ഡിപ്ലോമ തലത്തിലുള്ള കോഴ്സകളാണ് ആദ്യത്തിൽ എടുക്കുന്നത്. പക്ഷെ ഇവിടെ സ്ഥിരതാമസമാക്കി കഴിയുമ്പോൾ, തങ്ങൾക്കു ഇഷ്ടമുള്ള ഏതു കോഴ്സുകളും, ഏതു പ്രായത്തിലും ചെയ്യാം. മാത്രവുമല്ല, പിആർ ആയിക്കഴിയുമ്പോള് പഠിക്കാനുള്ള ഫീസ് വളരെ കുറയുകയും ചെയ്യുന്നു.

2022 ൽ ഇന്ത്യയിൽ നിന്നും 750,365 വിദ്യാർഥികൾ പഠിക്കാനായി വിദേശത്തേക്ക് പോയി എന്നാണ് ഒരു ചോദ്യത്തിന് മറുപടി ആയി, കേന്ദ്ര വിദ്യാഭ്യസ സഹമന്ത്രി സുഭാഷ് സർക്കാർ 2023 ഫെബ്രുവരി ആറിന് പാർലമെൻറിൽ പറഞ്ഞത്. 2017 ൽ 454,009, 2018 ൽ 586,337 , 2019 ൽ 517,998 , 2020 ൽ 259,655 (കോവിഡ് മൂലം പുറത്തു പഠിക്കാൻ പോകുന്നവർ കുറഞ്ഞു), 2021 ൽ 444,553 എന്നിങ്ങനയെയാണ് കഴിഞ്ഞ ആറ് വർഷങ്ങളിലായി ഇന്ത്യയിൽ നിന്നും പഠിക്കാനായി വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്ക് പോയത്. അതായത് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഏകദേശം മുപ്പതു ലക്ഷം ഇന്ത്യക്കാരാണ് വിദേശത്തു പഠിക്കാനായി പോയത്.
ഇന്ത്യയിൽ നിന്നും വിദേശത്തതു പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളിൽ നാല് ശതമാനം മാത്രമാണ് കേരളത്തിൽ നിന്നുള്ളത് എന്നാണ് ഈ വര്ഷം ഫെബ്രുവരി ആറിന് സംസ്ഥാന ഉന്നത വിദ്യാഭാസ മന്ത്രി പറഞ്ഞത്. മന്ത്രിയുടെ കണക്കു പ്രകാരം 2016 ൽ 18,428, 2017 ൽ 21,093, 2018 ൽ 26456, 2019 ൽ 30,948, 2020, 15,277 എന്നിങ്ങനയെയാണ് വിദേശത്തു പഠിക്കാൻ പോയ മലയാളികൾ. നോർകയിൽ രജിസ്റ്റർ ചെയ്തു പഠിക്കാൻ പോകുന്നവരുടേതല്ലാതെ, വിദശത്തു പഠിയ്ക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ യഥാർത്ഥ കണക്കുകൾ കേരളം സര്ക്കാരിന്റെ പക്കൽ ഇല്ല എന്നതാണ് യാഥാർഥ്യം. ഒരു വര്ഷം ഏകദേശം 35000 പേരെങ്കിലും കേരളത്തിൽ നിന്നും വിദേശത്തു പഠിക്കാൻ പോകുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഒരു വിദ്യാർത്ഥി ഏകദേശം ഇരുപത് ലക്ഷം രൂപ വിദേശത്തു പഠിക്കാനായി മുടക്കുന്നുണ്ട്. എന്തായാലും കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കാനഡയുൾപ്പടെ വിദേശത്തു പഠിക്കാൻ പോകുന്നവരുടെ എണ്ണം ഏറെ വര്ധിച്ചീട്ടുണ്ട്. വിദ്യാർത്ഥികളെ വിദേശത്തേക്കു അയക്കാൻ സഹായിക്കുന്ന ഏജൻസികൾ പത്തു വര്ഷം മുൻപ് ഏകദേശം അൻപതോളം ആയിരുന്നെങ്കിൽ ഇപ്പോഴത് അഞ്ഞൂറെണ്ണത്തിനടുത്തുണ്ടെന്നു കണക്കാക്കുന്നു. കേരളത്തിൽ നിന്നും വിദേശത്തു പഠിക്കാൻ പോകുന്നതിനെ കുറിച്ച് പഠിക്കാൻ കേരളം ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥിന്റെ കീഴിൽ ഒരു കമ്മിറ്റി ഉണ്ടാക്കുമെന്ന് കേരളം സർക്കാർ ഫെബ്രുവരിയിൽ പ്രസ്താവിച്ചിരുന്നു. കേരളത്തിന് പുറത്തു പഠിക്കാൻ പോകുന്നവർക്ക് രെജിസ്ട്രേഷൻ നിർബന്ധമാക്കാൻ ആലോചിക്കുന്നുവെന്നും സർക്കാർ പ്രഖ്യാപിച്ചീട്ടുമുണ്ട്. കാനഡയിൽ താമസമാക്കിയ ഒത്തിരി മലയാളികൾ അവരുടെ സ്വന്തക്കാരെയും ബന്ധുക്കാരെയും പഠിക്കാൻ കാനഡയിലേക്ക് കൊണ്ടുവരുന്നുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തിലെയും ഓരോ വാർഡിൽ നിന്നും അഞ്ചു പേര് വീതം കാനഡയിൽ ഉണ്ടെന്നു, ആരോ തമാശയായി പറഞ്ഞതാണെങ്കിലും, വാസ്തവത്തിനോട് അടുത്ത് നിൽക്കുന്നതാണ് ആ പ്രസ്താവന.

കാനഡയിലെ ഓരോ പ്രവിശ്യയിലെ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം
പ്രവിശ്യ വിദ്യാർത്ഥികളുടെ എണ്ണം %
ഒന്റാരിയോ 411,000 50.88
ബ്രിട്ടീഷ് കൊളംബിയ 164,000 20.30
ക്യുബെക് 93,000 11.51
ആൽബെർട്ട 43,000 5.32
മാനിട്ടോബ 22,000 2.72
നോവ സ്കോഷ്യ 20,850 2.58
സസ്കാചെവാൻ 13,135 1.62
ന്യൂ ബ്രെൻസ്വിക് 11,140 1.37
ന്യൂ ഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ 6,175 0.76
പ്രിൻസ് എഡ്വേഡ് ഐലൻഡ് 4,485 0.55

ചെലവും പ്രശ്നങ്ങളും
കാനഡയിലെ പഠിക്കാൻ വരുന്ന വിദേശ വിദ്യാർത്ഥികൾ, കാനഡയിലെ പിആറോ, പരത്വമോ ഉള്ളവരേക്കാൾ മൂന്നോ, നാലോ ഇരട്ടി ഫീസ് കൊടുത്താണ് പഠിക്കുന്നത്. എങ്കിൽ തന്നെയും അമേരിക്കയിലെയും യൂറോപ്പിലെയും യൂണിവേഴ്സിറ്റികളെക്കാൾ താരതമേന കുറഞ്ഞ ഫീസ് ആണ് കാനഡയിൽ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാനഡയിലെ സര്വകലാശാലകളുടെയും, കോളേജുകളുടെയും പകുതിയോളം ഫണ്ടിംഗ് സർക്കാരാണ് വഹിക്കുന്നത്. (മാനേജ്മന്റ്, സ്വകാര്യ തലത്തിലുള്ള സർവകലാശാലകളും കോളേജുകളൂം കൂരാച്ചുണ്ട്). ബാക്കി തുക സ്ഥാപനങ്ങൾ തന്നെ കുട്ടികളുടെ ഫീസുലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഉന്നത വിദ്യാഭാസം ഏറെ ചെലവ് കുറഞ്ഞതാണ്. കാനഡയിൽ സ്കൂൾ വിദ്യാഭാസം സാർവത്രികമായി, സൗജന്യമായിരിക്കുമ്പോൾ പോലും ഉന്നത വിദ്യാഭ്യസത്തിന്റെ ചെലവ് അത്രക്കും കൂടുതലാണ്. ഉന്നത വിദ്യാഭാസത്തിനു പോകുന്ന ഭൂരിഭാഗം കനേഡിയൻ വിദ്യാർത്ഥികളും ലോൺ എടുത്താണ് പഠിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികൾ കാനഡയിൽ നിരവധിയായ പ്രശ്നങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്, വീട്ടുകാരെ വിട്ടു മാറിനിൽക്കുമ്പോഴുള്ള ഒറ്റപ്പെടൽ, നാട്ടിൽ നിന്നും വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളോട് ഒത്തിണങ്ങി പോകാനുള്ള ബുദ്ധിമുട്ട്, കാനഡയിലെ പഠനരീതികൾ ഉയർത്തുന്ന വെല്ലുവിളികൾ, സാമ്പത്തീക പരാധീനതകൾ തുടങ്ങിയ പ്രശനങ്ങൾ വിദ്യാർത്ഥികളെ അരക്ഷിതാവസ്ഥയിലേക്കും, നിരാശയിലേക്കും അപൂർവമായി ആല്മഹത്യയിലേക്കും നയിക്കുന്നുണ്ട്. കടകളിൽ നിയമപരമായി ലഭിക്കുന്ന കഞ്ചാവ്, വ്യ്കതിജീവിതത്തിന്റെ സ്വകാര്യതയും വിദ്യാർത്ഥികളെ ആസ്കതിയുടെ അപകടങ്ങളിലേക്ക് നയിക്കുന്നുണ്ട്. പഠിച്ചതിനുശേഷം പിആർ കിട്ടാൻ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിന്റെ സഹായം ആവശ്യമുള്ളതിനാൽ, പല വിദ്യാത്ഥികളും ജോലി സ്ഥലത്ത് നിന്ന്, പ്രതെയ്കിച്ചു ഇന്ത്യക്കാരായ തൊഴിൽ ദാതാക്കളിൽ നിന്ന്, ചൂഷണം നേരിടുന്നുവെന്നതും ഒരു യാഥാർഥ്യമാണ്. ഓരോ മാസവും നാലോ അഞ്ചോ അന്താരാഷ്ട്ര വിദ്യാർഥികൾ ആല്മഹത്യ യായോ അല്ലാതെയോ മരിക്കുന്നുണ്ടെന്നു, 2021 ൽ ഒന്റാറിയോയിൽ ഫ്യൂണറൽ ഹോംസ്കാർ വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. കാനഡയിലെത്തുന്ന മലയാളി വിദ്യാർത്ഥികളും ആസക്തിക്ക് അടിപ്പെടുന്നതും, മാനസീകപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നതും, അറിഞ്ഞോ അറിയാതെയോ പറ്റിക്കപെടുന്നതും മറ്റും ചിലപ്പോഴൊക്കെ സംഭവിക്കുന്നുണ്ട്.

മലയാളികൾ കൂടുതൽ ആവുംതോറും നാട്ടിലെ ഉത്സവങ്ങളും, കല കായിക മത്സരങ്ങളും, ഒത്തുകൂടലുകളും കാനഡയി ലും കൂടി വരുന്നു. അതിനാൽ തന്നെ മലയാള നാട് വേറൊരു തരത്തിൽ കാനഡയിൽ പുനഃസൃഷ്ടിക്കപെടുന്നുണ്ട്. ഏകദേശം ഇരുപതു വര്ഷങ്ങള്ക്കു മുന്പ് കാനഡയിൽ കുടിയേറിയവരെക്കാളും, മലയാളിയായി ജീവിക്കാൻ പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്കും, പുതിയ കുടിയേറ്റക്കാർക്കും കഴിയുന്നുണ്ട്. ഏകദേശം 2030 ടു കൂടി മലയാളികൾ കാനഡയിലെ മലയാളികൾ, ഈ രാജ്യത്ത് നിർണായക സ്വാധീനം ചെലുത്തുന്ന സമൂഹമായി മാറും എന്നത് നിസ്തർക്കമാണ്.
***************
ഡോ. പി. വി. ബൈജു
ചരിത്രം, സാമൂഹികം, സാമ്പത്തികം, പരിസ്ഥിതികം, ആരോഗ്യം, രാഷ്ട്രീയം എന്നീ ആര് മേഖലകളിലായി 36 ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം. എല്ലാ വിഷയങ്ങളും കാനഡയും ഇന്ത്യയും കേരളവുമായി താരതമ്യം ചെയ്താണ് അവതരിപ്പീച്ചിട്ടുള്ളത്. കണ്ണൂരുള്ള കൈരളി പബ്ലിഷേഴ്സ് ആണ് പ്രസാധകർ.

കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്മന്റനിൽ പത്തു വർഷമായി താമസിക്കുകകയാണ് ബൈജുവും കുടുംബവും. എഡ്മന്റണിലെ മക്ഇവാൻ സർവകലാശാലയിൽ സോഷ്യൽ വർക് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫെസർ ആയി സേവനം ചെയ്യുന്നു. ആൽബർട്ട പ്രവിശ്യയിലെ സോഷ്യൽ വർക് കൗണ്സിലിലേക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ആയിരുന്നു. കുമ്പസാരം എന്ന കവിതസമാഹാരം 2015 സൈകതം ബുക്സ് പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കാനഡയുമായി ബന്ധപ്പെട്ട വ്ഷയങ്ങൾ പതിവായി എഴുതുന്നു.
കണ്ണൂർ -കാഞ്ഞൂർ കിഴക്കുംഭാഗം പള്ളിക്ക കുടുംബാംഗം ആണ്.

https://www.facebook.com/pv.baiju.5