താനൂർ ബോട്ടപകടം മുൻ നിർത്തി നേതൃത്വത്തിനെതിര മുനീർ വിഭാഗത്തിന്റെ കരുനീക്കം

മുസ്ലീംലീഗിൽ ഇപ്പോൾ ശക്തമായ പോരാട്ടം നടക്കുകയാണ്. ഇടതുപക്ഷ സർക്കാറിനോടുള്ള മൃദു സമീപനത്തെ എതിർക്കുന്നവരും ഔദ്യോഗിക നേതൃത്വവും തമ്മിലാണ് ഏറ്റുമുട്ടൽ. താനൂരിലെ ബോട്ടപകടത്തില്‍ 22 പേര്‍ മരണപ്പെട്ട ദുരന്തത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിലപാടിൽ മുനീർ – കെ.എം ഷാജി വിഭാഗങ്ങൾ കട്ട കലിപ്പിലാണ്. യൂത്ത് ലീഗിനെ മുൻ നിർത്തി ഈ വിഭാഗം പ്രതിഷേധം കടുപ്പിക്കുമ്പോൾ ലീഗിനുള്ളിലെ ഭിന്നത കൂടിയാണ് പുറത്തു വരുന്നത്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ താനൂര്‍ തൂവല്‍ കടപ്പുറത്ത് മന്ത്രി വി.അബ്ദുറഹിമാന്റെ സുഹൃത്തെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്ന വ്യക്തിയുടെ ബോട്ട് സുരക്ഷാവീഴ്ചകൊണ്ട് അപകടത്തില്‍പെട്ടതും അപകടത്തിന് മുമ്പു തന്നെ മന്ത്രിമാരായ അബ്ദുറഹിമാൻ അടക്കമുള്ള മന്ത്രിമാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാഞ്ഞതും ശരിയായില്ലന്ന നിലപാടാണ് മുനീർ വിഭാഗത്തിനുള്ളത്.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള സുവര്‍ണാവസരമാണ് പ്രതിപക്ഷത്തിന് വീണു കിട്ടിയതെന്നും ഇത് പാഴാക്കിയത് ലീഗ് നേതൃത്വമാണെന്നുമുള്ള നിലപാട് ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വത്തിനുമുണ്ട്. അവരിപ്പോൾ സ്വന്തം നിലയ്ക്കാണ് വിഷയം സജീവമാക്കി നിർത്താൻ ശ്രമിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ ഉപനേതാവും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയും ബോട്ട് അപക വിഷയത്തിൽ പിണറായി സര്‍ക്കാരിനൊപ്പം നിന്നു എന്ന വികാരമാണ് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വത്തിനും ഉള്ളത്.

ദുരന്തദിവസം രാത്രി തന്നെ മന്ത്രിമാരായ മുഹമ്മദ് റിയാസിനും അബ്ദുറഹിമാനും ഒപ്പം സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനവറലി ശിഹാബ് തങ്ങളും ഒരുമിച്ച് ഇരുന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. തൊട്ടടുത്ത ദിവസം സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ ധനസഹായമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തതും സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം സഹായധനം നല്‍കണമെന്ന സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ളവരുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
ദുരന്തത്തില്‍ രാഷ്ട്രീയ ആരോപണം ഉന്നയിക്കാതെ സര്‍ക്കാരിനെ പൂര്‍ണമായും പിന്തുണക്കുകയായിരുന്നു സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനവറലി തങ്ങളും ചെയ്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരിലെത്തിയപ്പോഴും മന്ത്രിമാരേക്കാളും പരിഗണന നല്‍കിയത് സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കുമായിരുന്നു എന്ന ആക്ഷേപം കോൺഗ്രസ്സ് നേതൃത്വത്തിനുണ്ട്. താനൂര്‍ ദുരന്തത്തിലെ സുരക്ഷാവീഴ്ചയില്‍ രാഷ്ട്രീയ ആക്രമണം നടത്തിയിരുന്നെങ്കില്‍ രണ്ടു മന്ത്രിമാർ രാജിവെക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നു എന്നാണ് കോൺഗ്രസ്സ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തപ്പോൾ പോലും സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ താനൂരില്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ ഒപ്പമുണ്ടാവാത്തതിൽ കടുത്ത അതൃപ്തി കോൺഗ്രസ്സുകാർക്കിടയിൽ ഉണ്ട്. കോണ്‍ഗ്രസ് നേതാക്കളായ എ.പി അനില്‍കുമാര്‍ എം.എല്‍.എയും, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി എന്നിവർ മാത്രമാണ് പ്രതിപക്ഷ നേതാവിനു ഒപ്പമുണ്ടായിരുന്നത്. ബോട്ട് ദുരന്തത്തിൽ ലീഗുമായി ആശയവിനിമയം നടത്തി സര്‍ക്കാരിനെതിരെ നിലപാടെടുപ്പിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസിനു വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ലീഗ് നേതൃത്വം സ്വന്തം നിലയ്ക്ക് തന്നെ പ്രധാന വിഷയങ്ങളിൽ തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാണ് യു.ഡി.എഫ് എന്ന സംവിധാനം എന്നാണ് കോൺഗ്രസ്സ് നേതാക്കൾ ചോദിക്കുന്നത്.
ലീഗ് നേതൃത്വത്തിന്റെ സര്‍ക്കാര്‍ അനുകൂല നിലപാടിനെതിരെ എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ രംഗത്തിറക്കിയാണ് കോൺഗ്രസ്സ് സമ്മർദ്ദതന്ത്രം പയറ്റുന്നത്. അവരുടെ പ്രധാന ലക്ഷ്യം മന്ത്രി വി അബ്ദുറഹിമാനാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെ കേവലം 985 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി. അബ്ദുറഹിമാന്‍ തുടർ വിജയം നേടിയിരുന്നത്. മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന താനൂരില്‍ ആദ്യ മത്സരത്തിൽ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം മണ്ഡലം പിടിച്ചെടുത്തിരുന്നത്. കൈവിട്ട താനൂര്‍ മണ്ഡലം യൂത്ത്‌ലീഗിലെ യുവതുര്‍ക്കി ഫിറോസിനെ ഇറക്കി പിടിക്കാനുള്ള ലീഗ് നീക്കവും വിജയം കണ്ടിരുന്നില്ല. നേരിയ വോട്ടാണ് ഭൂരിപക്ഷമെങ്കിലും ലീഗ് കോട്ടയിൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ച സാഹചര്യത്തിൽ അബ്ദുറഹിമാന് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം നല്‍കുകയാണുണ്ടായത്.

ലോകായുക്ത വിധിയെ തുടര്‍ന്നു ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും മന്ത്രി സ്ഥാനം നഷ്ടപ്പെട്ട കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തേക്ക് രണ്ടാമൂഴത്തിന് പരിഗണിക്കാതിരുന്നതോടെയാണ് അബ്ദുറഹിമാന് നറുക്ക് വീണിരുന്നത്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച അദ്ദേഹം ഇപ്പോൾ സി.പി.എം അംഗത്വവും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ സി.പി.എം ചിഹ്നത്തിൽ തന്നെ അബ്ദുറഹിമാനു മത്സരിക്കാൻ കഴിയും. ഇങ്ങനെ ലീഗിനു വില്ലനായ അബ്ദു റഹ്‌മാന്റെ ഇമേജ് തകർക്കാൻ കിട്ടിയ അവസരം ലീഗ് നേതൃത്വം തുലച്ചതിലാണ് കോൺഗ്രസ്സിന്റെ രോക്ഷം. പാർട്ടിക്കുള്ളിലും മുന്നണിയിലും പ്രതിഷേധം കനത്തതോടെ സമരവുമായി മുന്നോട്ട് പോകാൻ യൂത്ത് ലീഗിന് അനുമതി നൽകാനും ലീഗ് നേതൃത്വം നിർബന്ധിക്കപ്പെട്ടു. തുടർന്ന് മന്ത്രി അബ്ദുറഹിമാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് താനൂരിൽ മാര്‍ച്ചും നടത്തുകയുണ്ടായി.

ഈ പ്രതിഷേധ യോഗത്തിൽ വച്ച് ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് വി.കെ മോഹന്‍ കമ്മീഷനെതിരെ അതിരൂക്ഷമായാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഗുരുതരമായ ആരോപണവും ഉന്നയിച്ചിരുന്നു. “വി.കെ മോഹനന്‍ ഇടതുപക്ഷത്തിന്റെ സുഹൃത്താണെന്നും ഇതിനേക്കാള്‍ നല്ലത് സി.പി.എം ലോക്കല്‍ സെക്രട്ടറി അന്വേഷിക്കുന്നതാണെന്നുമായിരുന്നു” ഫിറോസിന്റെ ആരോപണം. മാര്‍ച്ച് നടത്തിയതിന് ഫിറോസും അബ്ദുറഹിമാന്‍ രണ്ടത്താണിയുമടക്കം 150 പേര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരും ശക്തമായ നിലപാട് സ്വീകരിക്കുകയുണ്ടായി. യൂത്ത് ലീഗ് ശക്തമായി രംഗത്തിറങ്ങിയിട്ടും ലീഗ് നേതാക്കളായ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇതുവരെയും സര്‍ക്കാരിനെ രാഷ്ട്രീയപരമായി കടന്നാക്രമിക്കാന്‍ തയ്യാറായിട്ടില്ല. ഇത് ലീഗിന്റെ ഭാവിയിലെ രാഷ്ട്രീയ നിലപാടായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

പിണറായി സര്‍ക്കാരിന് ഭരണതുടര്‍ച്ച ഉണ്ടായത് മുസ്ലീം ലീഗിനെയാണ് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം കൊതിച്ച കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവായാണ് ഒതുങ്ങിപ്പോയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാറി വി.ഡി സതീശനും കെ. സുധാകരനും എത്തിയതോടെ ലീഗ് – കോണ്‍ഗ്രസ് ബന്ധം നിലവിൽ പഴയപോലെ സൗമ്യമായല്ല പോകുന്നത്. ലീഗുമായി കൂടിയാലോചിക്കുകപോലും ചെയ്യാതെയാണ് പലകാര്യങ്ങളും കോൺഗ്രസ്സ് പ്രഖ്യാപിക്കുന്നത്. ഇപ്പോൾ ലീഗും അതേ സമീപനം തന്നെയാണ് പിന്തുടരുന്നത്. പണ്ടത്തെ പോലെ ലീഗുമായി സി.പി.എം അടവുനയം ഉണ്ടാക്കുമോ എന്നതാണ് കോൺഗ്രസ്സിന്റെ ഭയം. അങ്ങനെ സംഭവിച്ചാൽ കോൺഗ്രസ്സിന്റെ അടിവേരാണ് തകരുക.

പിണറായി സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ലീഗും സി.പി.എമ്മും ചേര്‍ന്ന് അടവ് നയമുണ്ടാക്കിയിരുന്നത്. ലീഗിന്റെ കോട്ടയായ തിരൂരങ്ങാടിയിലടക്കം അന്ന് സി.പി.എമ്മിന് ഭരണപങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ സഹകരണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയാതിരുന്നത് വി.എസ് അച്യുതാനന്ദന്റെ ശക്തമായ എതിർപ്പു കാരണമായിരുന്നു. ലീഗ് വര്‍ഗീയകക്ഷിയാണെന്ന നിലപാടാണ് വി.എസ് അന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പഴയ ആ എതിർപ്പ് സി.പി.എം നേതൃത്വത്തിന് ലീഗിനോടില്ല. ലീഗിലെ പ്രബല വിഭാഗമാകട്ടെ ഇടതുമുന്നണി പ്രവേശനത്തിനായുള്ള രാഷ്ട്രീയ സാഹചര്യത്തിനായി കാത്തിരിക്കുകയുമാണ്.

ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു തിരിച്ചടി നേരിട്ടാൽ ലീഗ് ഇടതുപക്ഷത്തേക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്തരമൊരു ഘട്ടത്തിൽ മുനീർ – കെ.എം ഷാജി വിഭാഗങ്ങൾ മാത്രമാകും ലീഗില്‍ അവശേഷിക്കുക. ഇത് മറികടക്കാൻ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ലീഗിന് ഉപമുഖ്യമന്ത്രി പദം എന്ന ഓഫറാണ് കോൺഗ്രസ്സ് മുന്നോട്ടു വയ്ക്കുന്നത്. ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ്സ് ഇടതുമുന്നണി വിട്ടുവന്നാലും ഇതേ ഓഫർ തന്നെയാണ് കോൺഗ്രസ്സ് മുന്നോട്ടുവയ്ക്കുന്നത്. രണ്ടു ഉപമുഖ്യമന്ത്രിമാർ ഉണ്ടായാലും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മതിയെന്ന നിലപാടിലാണ് കോൺഗ്രസ്സ്.

അതേസമയം 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ 3 സീറ്റ് ലഭിച്ചില്ലെങ്കില്‍ ലീഗ് ഇടതുപക്ഷത്തേക്ക് ചാടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ലീഗിന്റെ നിലവിലുള്ള മലപ്പുറം, പൊന്നാനി സീറ്റുകൾ നിലനിർത്താനും വയനാട്ടിലോ കോഴിക്കോട്ടോ ജയിക്കാനും ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിച്ചാലും ലീഗിന് നിഷ്പ്രയാസം സാധിക്കും. അതല്ലങ്കിൽ പൊന്നാനിയിൽ ഉൾപ്പെടെ കടുത്ത മത്സരം ലീഗിനു നേരിടേണ്ടിവരും. മൂന്നാമതായി വയനാട് അതല്ലങ്കിൽ കോഴിക്കോട് നൽകണമെന്നതാണ് ലീഗ് നിലപാട്. ഇക്കാര്യം കോൺഗ്രസ്സ് നേതാക്കളോട് ലീഗ് നേതാക്കൾ തുറന്നു പറഞ്ഞിട്ടുമുണ്ട്. കൊല്ലത്ത് എം.കെ പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതോടെയാണ് ആര്‍.എസ്.പി യു.ഡി.എഫിലേക്ക് ചേക്കേറിയിരുന്നത്. കോഴിക്കോട് സീറ്റ് എം.പി വീരേന്ദ്രകുമാറിന് നിഷേധിച്ചപ്പോൾ ജനതാദളും ഇടതുപക്ഷം വിട്ട് യു.ഡി.എഫിൽ എത്തുകയുണ്ടായി. ജനതാദൾ ഒടുവില്‍ ഇടതുപക്ഷത്തേക്ക് മടങ്ങിയതും രാഷ്ട്രീയകേരളം കണ്ട കാഴ്ചയാണ്.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയം കൊണ്ട് മാത്രം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ ഭരണം പിടിക്കുമെന്ന പ്രതീക്ഷ തൽക്കാലം ലീഗിനില്ല. ഇടതുപക്ഷത്ത് ചേര്‍ന്നാലും യു.പി.എയില്‍ തുടരാനും മന്ത്രിസ്ഥാനം നേടാനും തടസ്സവുമില്ല. നിലവില്‍ എന്‍.സി.പി യു.പി.എ സഖ്യകക്ഷിയാണെങ്കിലും കേരളത്തില്‍ ഇടതുസര്‍ക്കാരില്‍ മന്ത്രി സ്ഥാനം വഹിക്കുന്നുണ്ട്. തമിഴ്നാട്ടിലാകട്ടെ കോണ്‍ഗ്രസും സി.പി.എമ്മും മുസ്ലിംലീഗും എല്ലാം ഡിഎം.കെ മുന്നണിയില്‍ ഒന്നിച്ചാണ് മുന്നോട്ട് പോകുന്നത്. മുസ്ലിംലീഗിന്റെ വോട്ടുബാങ്കായ സമസ്തക്കും പിണറായി വിജയനോടും ഇടതുപക്ഷത്തോടും നിലവിൽ വലിയ താല്‍പര്യമാണുള്ളത്. ലീഗിനെപ്പോലും എതിര്‍ത്ത് സമസ്ത നേതൃത്വം പിണറായി സർക്കാറിനെ പിന്തുണച്ചിട്ടുമുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയില്ല എന്നതു തന്നെയാണ്.

മുസ്ലീംലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പില്‍ എം.കെ മുനീര്‍ വിഭാഗത്തെ നിഷ്പ്രഭമാക്കിയാണ് കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ പി.എം.എ സലാം വീണ്ടും ജനറല്‍ സെക്രട്ടറിയായിരിക്കുന്നത്. അതുകൊണ്ടു തന്നെ മുനീറിനെയും ഷാജിയെയും ഫിറോസിനെയും അവഗണിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടിപക്ഷമുള്ളത്. ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ നില്‍ക്കുന്നിടത്താണ് ഭൂരിപക്ഷം മുസ്ലീംലീഗ് അണികളും നില്‍ക്കുക. ലീഗിന്റെ ചരിത്രവും അതാണ്. ബാബറി മസ്ജിദ് വികാരം ഉയര്‍ത്തി ഇബ്രാഹിംസുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ ഉണ്ടാക്കിയിട്ടും ക്ലച്ച് പിടിക്കാതിരുന്നതും അതു കൊണ്ടു മാത്രമാണ്. മുസ്ലിംലീഗ് ഇടതുപക്ഷത്തേക്ക് പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍പോലും വിജയിക്കാന്‍ കോണ്‍ഗ്രസിനു കഴിയുകയില്ല. സംസ്ഥാന ഭരണവും സ്വപ്‌നമായി അവശേഷിക്കും. പുനസംഘടനപോലും നടത്താനാവാതെ തമ്മിലടിക്കുന്ന കോണ്‍ഗ്രസിൽ ലീഗിനു പ്രതീക്ഷ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വിജയിച്ചാൽ ഉപമുഖ്യമന്ത്രി പദമെന്ന തുരുപ്പുചീട്ട് കോൺഗ്രസ്സ് ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത്.