ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല;തീരുമാനം നീളുന്നു

കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുകയാണ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളിൽ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുൻപേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെം​ഗളൂരുവിലെ ആഹ്ലാദ പ്രകടനവും ഡി കെയെ ചൊടിപ്പിച്ചു. സുർജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും ഡികെയുടെ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തി. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി.

കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് എഐസിസി നേതൃത്വം അറിയിക്കുന്നത്. കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്പോൾ കോൺ​ഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ പ്രചരിക്കുന്ന തിയ്യതികളിൽ അടക്കം സത്യമില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച് പ്രഖ്യാപനം കോൺഗ്രസ് നടത്തും. ബിജെപി അജണ്ടയിൽ വീഴരുതെന്നും 72 മണിക്കൂറിനകം സര്‍ക്കാര്‍ രൂപീകരണ നടപടികൾ പൂർത്തിയാക്കുമെന്നും രൺദീപ് സിംഗ് സുര്‍ജേവാല അറിയിച്ചിരുന്നു.