ആരോണ്‍ വെള്ളാരംപറമ്പില്‍ അച്ചന്‍ നിത്യാനന്ദത്തിലേക്ക് യാത്രയായി

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തിനും ന്യൂയോര്‍ക്കിലെ വിവിധ പള്ളികളിലും മലയാളി സമൂഹത്തിനും വൈദിക ശുശ്രൂഷയിലൂടെ വിശ്വാസി സമൂഹത്തിന് പ്രിയങ്കരനും സ്നേഹാദരവുകളാല്‍ സംപ്രീതനുമായ ആരോണ്‍ വെള്ളാരംപറമ്പില്‍ അച്ചന്‍ (79) ജൂണ്‍ 2-ന് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് നിത്യാനന്ദത്തിലേക്ക് യാത്രയായി.
മരണസമയം അദ്ദേഹം കേരളത്തിലെ കുടുംബവീട്ടിലായിരുന്നു. ആരോണ്‍ അച്ചന്‍റെ സ്നേഹവും വിശ്വാസവും ദയയും അനുകമ്പയും അച്ചനെ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുള്ളവരുടെ ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കും.
ഇന്ത്യയിലെ മേഘാലയയിലുള്ള ഷില്ലോങ് അതിരൂപതയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചശേഷം റോമില്‍ നിന്നുള്ള ഉപരിപഠനം കഴിഞ്ഞ് അമേരിക്കയില്‍ എത്തിയ ആരോണ്‍ അച്ചന്‍ ദീര്‍ഘകാലം പാസ്റ്ററായി സേവനം അനുഷ്ഠിച്ചത് ലോങ് ഐലന്‍ഡിലുള്ള ഗ്ലെന്‍കോവിലുള്ള സെയിന്‍റ് റോക്കോ പാരിഷിലായിരുന്നു. ഇറ്റാലിയന്‍ കമ്യൂണിറ്റി തിങ്ങിവസിക്കുന്ന ഈ പാരിഷില്‍ വെച്ചുതന്നെയായിരുന്നു ആരോണ്‍ അച്ചന്‍റെ പൗരോഹിത്യ ജൂബിലി ചടങ്ങുകള്‍ നടന്നത്. ഇന്ത്യാ കാത്തലിക് അസോസിയേഷന്‍റെ പ്രാരംഭ ഘട്ടത്തിലും മലയാളിസമൂഹത്തിന്‍റെ അജപാലനത്തിന്‍റെ ആത്മീയഗുരുവായി സജീവസേവന നിരതനായി ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ആരോണ്‍ അച്ചന്‍.
ന്യൂയോര്‍ക്കിലെ റോക്ക് വില്ല് സെന്‍റര്‍ അതിരൂപതയിലെ വിവിധ പള്ളികളില്‍ 40-ല്‍പരം വര്‍ഷക്കാലം വൈദികശുശ്രൂഷയാല്‍ ദൈവനിയോഗം പൂര്‍ത്തിയാക്കിയശേഷം ആരോഗ്യക്കുറവായതിനാല്‍ ജന്മനാട്ടില്‍ വിശ്രമിച്ചുവരികയായിരുന്നു. സര്‍വശക്തനായ കര്‍ത്താവ് അച്ചന്‍റെ ആത്മാവിനെ തന്‍റെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അച്ചന്‍റെ സംസ്കാരകര്‍മ്മങ്ങള്‍ ജൂണ്‍ 5-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അതിരമ്പുഴ കോട്ടയ്ക്കുപുറം സെയിന്‍റ് മാത്യൂസ് പള്ളിയില്‍.
ഈ ദുഃഖാര്‍ത്ത വേളയില്‍ ആരോണ്‍ അച്ചന്‍റെ കുര്‍ബാനമദ്ധ്യേയുള്ള വചനപ്രഘോഷണങ്ങളില്‍ ഒരിക്കല്‍ അച്ചന്‍ പറഞ്ഞ വാക്കുകള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തുന്നു. അച്ചന്‍ ഇങ്ങനെ പറഞ്ഞു: “എനിക്ക് പഴഞ്ചൊല്ലുകള്‍ ഇഷ്ടമാണ്. അവയിലൊന്ന് ലാറ്റിന്‍ ഭാഷയിലാണ്. അതില്‍ മൂന്ന് വാക്കുകള്‍ മാത്രമേയുള്ളൂ. ‘ഡം സ്പിറോ, സ്പെറോ’ അതായത് ഞാന്‍ ശ്വസിക്കുന്നിടത്തോളം ഞാന്‍ പ്രതീക്ഷിക്കുന്നു” അതിനാല്‍ നമുക്ക് എല്ലായ്പ്പോഴും ദൈവത്തിനു നന്ദി പറയാം. ജീവന്‍റെ ദാനത്തിനും സമയത്തിന്‍റെ സമ്മാനം എനിക്ക് ഉറപ്പുണ്ട്. ഒന്നോ രണ്ടോ അവസരങ്ങള്‍ മാത്രമല്ല, ഈ ഭൂമിയില്‍ ദൈവത്തിന്‍റെ വേല ചെയ്യുന്നതിനായി തുടര്‍ന്നും ജീവിക്കാന്‍ നിരവധി അവസരങ്ങള്‍ ദൈവം നല്കിയ ഒരു വ്യക്തിയെ എങ്കിലും നിങ്ങള്‍ക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്, അതിനാല്‍ കുര്‍ബാനയ്ക്കിടെ പ്രാര്‍ത്ഥിക്കുമ്പോള്‍ ‘എപ്പോഴും എല്ലായിടത്തും നമുക്ക് ദൈവത്തിനു നന്ദി പറയാം. നമ്മുടെ ജീവിതത്തിലേക്ക് ദൈവം അയച്ച എല്ലാ ആളുകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നമ്മുടെ ജീവിതം എളുപ്പവും കൂടുതല്‍ സന്തോഷകരവുമാക്കുവാന്‍ നമുക്ക് ദൈവത്തിനു നന്ദി പറയാം…’
ആരോണ്‍ അച്ചന്‍റെ ഈ വാക്കുകള്‍ ദൈവവിശ്വാസികളായ ഏവര്‍ക്കും എന്നും ഒരു ജീവിതപുനര്‍ചിന്തനത്തിനുതകുന്ന വചനസന്ദേശമാണ്. ആരോണ്‍ അച്ചന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.ഒപ്പം ദുഃഖിതരായ അച്ചന്‍റെ കുടുംബത്തെയും ദൈവം ആശ്വസിപ്പിക്കട്ടെ!