എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്; മനോരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

എഞ്ചിനീയറിംഗ് കോഴ്‌സ് ഉപേക്ഷിച്ചു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുകുന്നു

അഭിരുചിയില്ലാത്ത കുട്ടികളെ കോഴ്‌സിന് പറഞ്ഞു വിടുന്ന മാതാപിതാക്കളാണ് പ്രധാന പ്രതികള്‍

എഞ്ചിനീയറിംഗ് കോഴ്‌സിന് ചേര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയവര്‍ വിഷാദരോഗികളായി മാറുന്നു. 

കോഴ്‌സില്‍ പിന്തള്ളപ്പെട്ടവര്‍ മയക്കുമരുന്നിന് അടിമകളാകുന്നു.

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ വന്‍ തോതില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക്. നിലവിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ അനൗദ്യോഗിക പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കൊഴിഞ്ഞു പോക്കിന്റെ കഥ വെളിപ്പെട്ടത്.

പഠനം പൂര്‍ത്തിയാക്കാതെ വിഷാദ രോഗികളായി മാറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗുരുതരമായി വര്‍ദ്ധിക്കുന്നുവെന്നാണ് മനശ്ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരങ്ങള്‍. അഭിരുചിയില്ലാത്തവരെ തല്ലി പഴുപ്പിച്ച് കോഴ്‌സ് പഠിക്കാന്‍ വിടുന്നതിന്റെ ദുരന്തമാണ് കൊഴിഞ്ഞു പോക്ക് അധികമാക്കുന്നതിന് കാരണമെന്ന് മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വര്‍ണ്ണ പൊലിമയുള്ള ജീവിതം സ്വന്തമാക്കാന്‍ എത്തിയവരാണ് വീണു പോകുന്നവരിലേറെയും. തങ്ങളുടെ മേഖല ഇതല്ലെന്ന തിരിച്ചറിവോടെ കോഴ്‌സ് ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഒന്നും രണ്ടും സെമസ്റ്ററുകളില്‍ പരാജയം ഏറ്റുവാങ്ങി സ്വയം പിന്മാറുന്നവരാണ് ഏറെയും. കുറേപ്പേര്‍ മറ്റു ചില കോഴ്‌സുകള്‍ പഠിക്കാന്‍ പുതിയ കോളേജുകളിലേക്ക് ചേക്കേറുന്നു. എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയി വര്‍ഷങ്ങള്‍ തുലച്ചതിന്റെ ആകുലതയും വിഷാദ രോഗത്തിന് അടിമകളായവരുടെ എണ്ണം ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുകയാണ്. കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ചവരാണെന്നതും ഞെട്ടിപ്പിക്കുന്നതാണ്. എഞ്ചിനീയറിംഗ് പഠിക്കാന്‍ എത്തുന്നതു രണ്ടു തരം വിദ്യാര്‍ത്ഥികളാണ്. രാഷ്ട്രീയ നേതാക്കള്‍, ഉയര്‍ന്ന ഭരണാധികാരികള്‍, പ്രവാസികള്‍, വ്യവസായികള്‍, ബിസിനസുകാര്‍ എന്നിവരുടെ മക്കളുള്‍പ്പെടുന്ന പ്രിവിലെജ്ഡ് ക്ലാസും ഇടത്തരം, സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളും. ഇവരില്‍ രണ്ടാമത്തെ വിഭാഗം കുട്ടികള്‍ മാനേജ്‌മെന്റ്, അധ്യാപകര്‍ പ്രിവിലെജ്ഡ് വിദ്യാര്‍ത്ഥികളുടെ എന്നിവരുടെ ഇരകളായി മാറുന്നു. പലപ്പോഴും ക്രൂരമായ റാഗ്ഗിംഗിന് ഇരയാകുന്നതവും ഇവരാണ്.

കുടുംബത്തിലെ അവസ്ഥയും വായ്പയുടെ തോതും കഷ്ടപ്പാടും ആലോചിച്ച് എല്ലാം സഹിക്കുന്ന ഇവര്‍ പരീക്ഷകളില്‍ പിന്തള്ളപ്പെടുന്നതോടെ മാനസികമായി തളരും. ഇവരില്‍ ചിലര്‍ മയക്കുമരുന്നില്‍ ആശ്വാസം കണ്ടെത്തുമ്പോള്‍ ഒരു വിഭാഗം കുട്ടികള്‍ വിഷാദരോഗികളായി മാറുകയാണെന്ന് ഡോ. ടൈറ്റസ് പി. വര്‍ഗ്ഗീസ് പറഞ്ഞു.

ന്യൂജെന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഴയ തലമുറയെ വച്ചു നോക്കുമ്പോള്‍ മനോബലം കുറവാണ്. ജീവിതാനുഭവങ്ങളുടെ കുറവാണ് ഇതിനു കാരണമെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മനസ്സിന്റെ ദൗര്‍ബല്യം പിഴച്ച ജീവിതത്തിലേക്കും ചിലരെ ആത്മഹത്യയിലേക്കും നയിക്കുന്നു.

പ്ലസ് ടുവിനു നല്ല മാര്‍ക്ക് വാങ്ങി എഞ്ചിനീയറിംഗ് പ്രവേശനത്തിനു യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ പോലും പഠനത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നു. എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉദാരമായി മാര്‍ക്കുവാങ്ങിയെത്തുന്നവര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്.

ഭാവിയുടെ കിണറ്റിലേക്ക്, സ്വന്തം പ്രതിച്ഛായ കണ്ട് എടുത്തു ചാടുന്ന വിദ്യാര്‍ത്ഥിക്കോ, അവനെ പ്രോത്സാഹിപ്പിച്ച രക്ഷിതാവിനോ ഈ വീഴ്ചയില്‍ നിന്നു കരകയറാനാവുന്നില്ല. അഭിരുചിയുള്ള മേഖലയിലേക്ക് കുട്ടികളെ വഴി തിരിച്ചു വിടുക മാത്രമാണ് പോംവഴിയെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.