മാരാമണ്‍ കണ്‍വെന്‍ഷന്‍: ഇത്തവണയും രാത്രി യോഗങ്ങളില്‍ സ്ത്രീ പ്രവേശനമില്ല

രാത്രിയോഗങ്ങളില്‍ സ്ത്രീ പ്രവേശനം വേണമെന്നാവശ്യപ്പെട്ട പ്രമേയം ചര്‍ച്ച പോലും കൂടാതെ ചുരുട്ടിയെറിഞ്ഞു 

ക്രൈസ്തവ സഭകളില്‍ സ്ത്രീ സമത്വം ഒരിക്കലും നടപ്പാകുമെന്ന് തോന്നുന്നില്ല

പ്രാകൃത ആചാരാനുഷ്ഠാനങ്ങളില്‍ മുറുകെ പിടിക്കുന്ന പുരുഷ മേധാവിത്വം 

സ്ത്രീകള്‍ ചന്ദ്രനില്‍ വരെയെത്തിയിട്ടും ക്രൈസ്തവ സഭകളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഇന്നും പിന്നാമ്പുറത്ത് 

-എബി ജോണ്‍-

മാരാമണ്‍ : ലോകമെമ്പാടും ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുമ്പോഴും കേരളത്തില്‍ സ്ത്രീ സമത്വം ക്രൈസ്തവ സഭകളില്‍ ഒരു ചോദ്യ ചിഹ്നമായി ഇന്നും തുടരുകയാണ്. സുപ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാനുള്ള അനുമതി ഇത്തവണയും ഇല്ല.

ഫെബ്രുവരി 12-ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജനുവരി 27-ന് ചേര്‍ന്ന മാര്‍ത്തോമ്മ സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ രാത്രി യോഗങ്ങളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചര്‍ച്ച കൂടാതെ തള്ളിക്കളഞ്ഞു. 121 വര്‍ഷങ്ങളായി നടന്നു വരുന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാറില്ല. ആ പതിവ് തെറ്റിക്കാന്‍ സഭ ഇനിയും തയ്യാറല്ലെന്നാണ് വ്യക്തമാകുന്നത്.

കണ്‍വെന്‍ഷന്റെ രാത്രി കാല യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് വിശ്വാസപരമായും രാജ്യത്തിന്റെ നിയമപ്രകാരവും ന്യായമായ നടപടിയല്ലാത്തതിനാല്‍ ഇക്കൊല്ലം മുതല്‍ സ്ത്രീകള്‍ക്ക് രാത്രി യോഗങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയും പങ്കെടുക്കാവുന്നതാണ് എന്ന പ്രമേയമാണ് ചര്‍ച്ച പോലും കൂടാതെ മാര്‍ത്തോമ്മ സുവിശേഷ പ്രസംഗ സംഘം തള്ളിക്കളഞ്ഞത്. ഷിജു അലക്‌സ് അവതാരകനായും അഡ്വ. റോയ് ഫിലിപ്പ് അനുവാദകനുമായും കൊണ്ടു വന്ന പ്രമേയമാണ് തള്ളിക്കളഞ്ഞത്.

കാലഹരണപ്പെട്ട പതിവുകള്‍ മാറ്റുകയും നീതി പൂര്‍വ്വമായ മാറ്റങ്ങള്‍ കൊണ്ടു വരണമെന്നുമായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പു തന്നെ പി.പി. അച്ചന്‍കുഞ്ഞ് എന്ന വ്യക്തി സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലുള്ളവരുമായി ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി പ്രമേയാവതരണം തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പ്രമേയം അവതരിപ്പിക്കാന്‍ സുവിശേഷ സംഘത്തിന്‍െറ ബൈലോയില്‍ വ്യവസ്ഥയില്ലെന്ന് പറഞ്ഞാണ് പ്രമേയാവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. പ്രമേയാവതാരകനായ ഷിജു അലക്സ് മരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീ വിവേചനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം വിളിയുമായി വേദിയില്‍ സത്യാഗ്രഹം ഇരുന്നതിനെത്തുടര്‍ന്ന് സുവിശേഷ സംഘം പ്രസിഡന്‍റ് ബിഷപ്പ് യൂയാക്കീം മാര്‍ കൂറിലോസ് വിഷയാവതരണം നടത്താന്‍ അനുമതി നല്‍കി. പ്രമേയത്തിനെ വെറും വിഷയാവതരണത്തില്‍ ഒതുക്കി ചര്‍ച്ചപോലും കൂടാതെ വിഷയം അവിടെ അവസാനിപ്പിച്ചു.

മരാമണ്‍ കണ്‍വെന്‍ഷന്‍െറ ആദ്യകാലങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രിയോഗങ്ങളില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. പിന്നീട് ഇടക്കാലത്ത് രാത്രിയോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീക്ക് നേരെ ചില സാമുഹികവിരുദ്ധരുടെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് താല്‍ക്കാലിക പ്രശ്നപരിഹാരം എന്ന നിലയില്‍ സ്ത്രീകള്‍ രാത്രിയോഗങ്ങളില്‍ പങ്കെടുക്കേണ്ട എന്ന് സഭ തീരുമാനിച്ചത്. അന്ന് മുതല്‍ ഇത് അലിഖിത നിയമമായി തുടര്‍ന്നുവരുന്നു.

സഭയുടെ കീഴിലുള്ള പള്ളികളില്‍ രാത്രിനടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും യോഗങ്ങള്‍ക്കും സ്ത്രീകള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ മാരാമണ്‍ കണ്‍വെന്‍ഷനില്‍ മാത്രമാണ് ഈ വിവേചനം നിലനില്‍ക്കുന്നത്. ശബരിമലയില്‍ പോലും സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്ന വാദം ഉയരുന്ന കാലഘട്ടത്തിലാണ് മാര്‍ത്തോമ്മാ സഭ ഇത്തരം പിന്തിരിപ്പന്‍ നിലപാടുമായി മുന്നോട്ടുപോകുന്നത്.

ചന്ദ്രനില്‍ വരെ സ്ത്രീകള്‍ ബഹിരാകാശ യാത്ര  നടത്തുന്ന ഇക്കാലത്താണ് സ്ത്രീവിരുദ്ധ വാദങ്ങളുമായി ക്രൈസ്തവ സഭകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. രാത്രിയോഗങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സഹാചര്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതാണ് അതേ ന്യായ വാദങ്ങളാണ് സഭ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിന് മുമ്പ്, സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ മാര്‍ത്തോമ്മ സഭ ഈ നൂറ്റാണ്ടിലും തലയില്‍ തുണിയുമിട്ട്, മെത്രാന്മാരെയും പട്ടക്കാരെയും കാണുമ്പോള്‍ സങ്കോചിച്ച് ചിരിച്ചും കൊണ്ട് കോഴിക്കറി വിളമ്പുന്ന പിന്‍നിരക്കാരായി മാറ്റുകയാണ് സഭാ നേതൃത്വം.

പ്രമേയത്തിന്‍െറ പൂര്‍ണ്ണരൂപം –

മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രികാലയോഗങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്ന പതിവിന് വിശ്വാസപരമായ യാതൊരടിസ്ഥാനവും ഇല്ലയെന്നും കണ്‍വന്‍ഷന്റെ ആദ്യകാലങ്ങളില്‍ ഈ നിഷേധം നിലനിന്നിരുന്നില്ലെന്നും, ചില പ്രത്യേക സംഭവങ്ങളുടെ പേരില്‍ ഒരിക്കല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ക്രമീകരണം പിന്നീട് തിരുത്താനാവാത്ത ആചാരത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കുകയായിരുന്നുവെന്നും, ഇനിയും ഇതു തുടരുന്നത് അനാചാരത്തിലേക്കാണ് നമ്മെ നയിക്കുകയെന്നും മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ രണ്ടായിരത്തിപതിനേഴ് ജനുവരി മാസം ഇരുപത്തെട്ടാംതിയതി ചേര്‍ന്നിരിക്കുന്ന ഈ മാനേജിംഗ് കമ്മിറ്റി വിലയിരുത്തുന്നു.

സ്ത്രീകളുടെ സുരക്ഷിതത്വവും മണല്‍പ്പുറത്തെ ശിക്ഷണവും ക്രമസമാധാനപാലനവും കണക്കിലെടുത്ത് തികച്ചും പ്രായോഗിക കാരണങ്ങളാല്‍ മാത്രമാണ് ഇതുവരെ ഈ പതിവ് നിലനിര്‍ത്തിയതെന്ന് ഈ യോഗം വ്യക്തമാക്കുകയും, എന്നാല്‍ പ്രസംഗശ്രവണത്തിനായി മണല്‍പ്പുറത്തിനു പുറത്ത് ഇരിക്കുന്ന സ്ത്രീകളുടെയും, ദൂരെ ദിക്കുകളില്‍നിന്നും കണ്‍വന്‍ഷന് കുടുംബമായി എത്തി ആയതിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കുന്നതിനായി വൈകുന്നേരത്തെ യോഗത്തില്‍ക്കൂടി പങ്കെടുക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെയുമൊക്കെ സുരക്ഷിതത്വവും ബുദ്ധിമുട്ടുകളും നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വത്തില്‍പ്പെടുന്നതാണെന്നും, ക്രമസമാധാനപാലനത്തിന് ഉന്നതവും അനന്യവുമായ മാതൃക സൃഷ്ടിച്ചിട്ടുള്ള കണ്‍വന്‍ഷന്‍ മണല്‍പ്പുറത്ത് സ്ത്രീകള്‍ക്കുകൂടി പ്രവേശനം അനുവദിക്കുന്നതാണ് സ്ത്രീസുരക്ഷിതത്വത്തിനും ക്രമസമാധാന പാലനത്തിനും കൂടുതല്‍ സഹായകരമാകുക എന്നും മാനേജിംഗ് കമ്മിറ്റി തിരിച്ചറിയുകയും ചെയ്യുന്നു.

രാപ്പകല്‍ ഭേദമെന്യേ ലിംഗപരമായ വിവേചനം കൂടാതെയുള്ള സഞ്ചാരസ്വാതന്ത്ര്യവും ഒരു സ്ഥലത്തുനിന്നും ഒഴിച്ചുനിര്‍ത്തപ്പെടാതെയിരിക്കുന്നതിന് ഏതു പൗരനുമുള്ള അവകാശവും ഉറപ്പുനല്‍കുന്ന സമത്വാധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള ബാദ്ധ്യതയും പ്രസ്തുത മൂല്യങ്ങള്‍ ക്രിസ്തീയവിശ്വാസത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നതാണെന്ന വസ്തുതയും കമ്മിറ്റി കണക്കിലെടുക്കുന്നു.

കാലത്തിനു മുന്നോടിയായി സഞ്ചരിച്ച പാരമ്പര്യമാണ് മാര്‍ത്തോമ്മാ സഭ എന്നും സൃഷ്ടിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുള്ളത്.

ഇക്കാരണങ്ങളാല്‍ രണ്ടായിരത്തിപതിനേഴാമാണ്ടിലെ മാരാമണ്‍ കണ്‍വന്‍ഷന്‍ മുതല്‍ മണല്‍പ്പുറത്തെ ക്രമീകരണങ്ങള്‍ക്കു വിധേയമായി പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ മണല്‍പ്പുറത്തു പ്രവേശിച്ചുതന്നെ സ്ത്രീകള്‍ക്കു രാത്രിയോഗങ്ങളില്‍ പങ്കെടുക്കാവുന്നതാണെന്ന് ഈ മാനേജിംഗ് കമ്മിറ്റി തീരുമാനിക്കുന്നു.

അവതാരകന്‍ :ഷിജു അലക്‌സ്
അനുവാദകന്‍: റോയി ഫിലിപ്പ്‌