അതിമഹത്തായ ഗുരു പരമ്പരയുടെ പിൻമുറക്കാരാണ് മലയാളികൾ: സച്ചിദാനന്ദ സ്വാമികൾ

കൃഷ്ണരാജ് മോഹൻ

ഹ്യൂസ്റ്റൺ: അതിമഹത്തായ ഗുരു പരമ്പരയുടെ പിൻമുറക്കാരാണ് മലയാളികളെന്നും അതിൽ അഭിമാനിക്കണമെന്നും ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ പ്രസ്താവിച്ചു. ഹ്യൂസ്റ്റണിൽ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബൽ ഹിന്ദു കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മന്ത്ര എന്ന പദത്തിന്റെ അർത്ഥ തലങ്ങളെ മനസ്സിൽ സ്വാംശീകരിക്കുകയും അത് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുവാൻ മന്ത്രയുടെ പ്രസിഡന്റ് ഹരി ശിവരാമൻ ഉൾപ്പെടെയുളള പ്രവർത്തകർക്ക് കഴിഞ്ഞു എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്. എല്ലാവർക്കും പരമപുരുഷാർത്ഥമായ ഈശ്വര സാക്ഷാത്ക്കാരത്തിൽ എത്തിച്ചേരുവാൻ മന്ത്രയെന്ന സംഘടന ഒരു കാരണമായി തീരട്ടെ. ഭാരതത്തിലെ അതിമഹത്തായ ഗുരുക്കന്മാരെ സ്മരിച്ചു കൊണ്ടാണ് സ്വാമികൾ പ്രഭാഷണത്തിലേക്ക് കടന്നത്.

മറ്റൊരു രാജ്യത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത വലിയ മഹത്വമുള്ള നാടാണ് നമ്മുടെ ഭാരതം. അത് നേടാൻ ഭാരതത്തിന് സാധിച്ചത് നമ്മുടെ രാജ്യത്തുള്ള ഗുരുക്കന്മാരുടെ മഹത്തായ പരമ്പരകളുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. ആദി നാരായണനിൽ തുടങ്ങി ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ അടക്കമുള്ള മഹാപുരുഷന്മാരാൽ അനുഗ്രഹീതമായ ഒരു പരമ്പര ഭാരതത്തിന് സമ്മാനിച്ചത് നമ്മുടെ കേരളമാണ് .അതിൽ നമ്മൾ മലയാളികൾ ഭാഗ്യമുള്ളവരാണ്. ദൈവം ഗുരു എന്നീ വാക്കുകളുടെ  അർത്ഥം പ്രകാശ സ്വരൂപൻ എന്നാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്നവരാണ് ദൈവവും, ഗുരുക്കന്മാരും. നാമരൂപരഹിതനായ ദൈവത്തെ സാധാരണക്കാർക്ക് അനുഭവിച്ചറിയുവാൻ സദ്ഗുരുവിലൂടെ സാധിക്കും. ആ ഗുരുവും പ്രകാശ സ്വരൂപനാണ്. ഗുരുവിന് രൂപം ഉണ്ട്. ദൈവത്തിന് രൂപമില്ല. ദൈവും ഗുരുവും തമ്മിൽ എന്താണ് വിത്യാസം എന്ന് ചോദിച്ചാൽ ശ്രീരാമകൃഷ്ണ പരമ ഹംസൻ പറയും പോലെ

“മഞ്ഞുകട്ടയും വെള്ളവും  തമ്മിലുള്ള വിത്യാസം പോലെ എന്ന് ” . ആ വ്യത്യാസമാണ് ദൈവത്തിനും ഗുരുവിനും ഉള്ളത്. ഗുരു നമ്മുടെ മുൻപിൽ രൂപം പ്രാപിച്ച് നമ്മെ അനുഗ്രഹിക്കുന്നു. അപ്പോൾ ഗുരുവിനെ പ്രത്യക്ഷ ദൈവമായി കണക്കാക്കി പോരുന്നു. അവരെ സർവ്വജ്ഞൻമാരായി കണക്കാക്കുകയും ചെയ്യുന്നു. ഒരു ഋഷി സർവ്വ ജ്ഞനാണ്. പരമാത്മ സത്യത്തെ സാക്ഷാത്ക്കരിച്ച ഗുരു , ആ ഗുരു സർവ്വജ്ഞനായി പ്രകാശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതം കണ്ട ഋഷിവര്യന്മാർ ശാസ്ത്രജ്ഞർ കൂടിയായിരുന്നു എന്ന തെളിവും നമ്മുടെ ഗുരുക്കന്മാർ തന്നെ. ഭാരതം ഉണർന്ന് കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ തന്നെ ഗുരുസ്ഥാനം  ഇപ്പോൾ ഭാരതത്തിനുണ്ട്. ജൂൺ 21 ന് നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ വന്ന് യോഗാ ദിനം ആചരിച്ചപ്പോൾ ലോകം അത് ഏറ്റെടുത്തതും ഈ ഗുരു പരമ്പരയുടെ നന്മ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്ര പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാമി മുക്താനന്ദ യതി, ശശികല ടീച്ചർ, ശ്രീകാന്ത് കാര്യാട്ട്, ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ , പദ്മശ്രീ രാമചന്ദ്ര പുലവർ, സംവിധായകൻ വിഷ്ണു മോഹൻ, രഞ്ജിത്ത് തൃപ്പൂണിത്തുറ, മനോജ് നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു.