റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയ ഡപ്യൂട്ടി കമാന്‍ഡര്‍ ജയിലഴികള്‍ക്കുള്ളില്‍

കോര ചെറിയാന്‍
ഫിലാഡല്‍ഫിയാ,യു.എസ്.എ.: റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തിനുവേണ്ടിയുള്ള സകല സന്നാഹങ്ങളും സമാഹരിച്ച മിലിട്ടറി ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ സെര്‍ജല്‍ സുരോവില്‍കിന്‍ പട്ടാളലഹളയ്ക്ക് രഹസ്യ നേതൃത്വം നല്‍കിയെന്ന കുറ്റാരോപണത്തെ തുടര്‍ന്നു ജയിലില്‍ അടയ്ക്കപ്പെട്ടതായി അസോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. സുരോവില്‍കിന്‍റെ പേരിലുള്ള കുറ്റങ്ങളുടെ ഗൗരവമോ, തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന്‍റെ പേരുവിവരങ്ങളോ റഷ്യന്‍ നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല. സുരോവില്‍കിനെ അറസ്റ്റ് ചെയ്യപ്പെട്ടതായി മാത്രമുള്ള വിവരം വാഗ്നെര്‍ ഗ്രൂപ്പിലെ കൂലിപട്ടാളക്കാര്‍ ദിവസങ്ങള്‍ക്കുശേഷമാണ് പറയുന്നത്.
റഷ്യന്‍ സേനയെ സഹായിക്കുന്ന പാര മിലിട്ടറി അംഗങ്ങളും ഡിഫെന്‍സ് മിനിസ്ട്രിയെ സഹായിക്കുന്ന രഹസ്യ വിഭാഗങ്ങളും ഉള്‍പ്പെടുന്ന പ്രൈവറ്റ് മിലിട്ടറി കമ്പനിയെ വാഗ്നെര്‍ ഗ്രൂപ്പായി പ്രഖ്യാപിക്കുകയും തലവനായി യെവ്ജെനി പ്രൈഗോസിനെ അംഗീകരിക്കുകയും ചെയ്തു. പ്രൈഗോസിന്‍ പട്ടാള ലഹളയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതായും ഗൂഢാലോചനകള്‍ നടത്തുന്നതായുമുള്ള വിവരങ്ങള്‍ സുരോവില്‍കിന്‍ തുടക്കത്തില്‍ത്തന്നെ അറിഞ്ഞതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെയോ യൂറോപ്യന്‍ യൂണിയന്‍റെയോ ഭരണനേതൃത്വത്തില്‍നിന്നും യാതൊരുവിധ അഭിപ്രായപ്രകടനങ്ങളോ വിമര്‍ശനങ്ങളോ ഇതുവരെയും ഉണ്ടായിട്ടില്ല.
റഷ്യന്‍ എയര്‍ ഫോഴ്സിന്‍റെയുംകൂടി മേധാവിയായ സുരോവില്‍കിന്‍റെ തടങ്കല്‍ വാര്‍ത്തയും ജയില്‍വാസവും റഷ്യന്‍ മിലിട്ടറി വെബ്സൈറ്റിലും ദിനപത്രങ്ങളായ മോസ്കോ ടൈംസ് അടക്കം മിക്ക ലോകമാധ്യമങ്ങളിലും വിവിധ വീക്ഷണങ്ങളോടെ പല ദിവസങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. ആഗോളതലത്തിലുള്ള സകല രാഷ്ട്രങ്ങളും സൈന്യാധിപരെ നിശിതമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നുള്ള മുന്നറിയിപ്പായി റഷ്യന്‍ പട്ടാള വിപ്ലവത്തെ വീക്ഷിക്കണം.
ഉന്നത പട്ടാള മേധാവികളില്‍ പലരും പ്രൈഗോസിനുമായി ചേര്‍ന്നു ദിവസങ്ങള്‍ നീണ്ട സുദീര്‍ഘമായ ഗൂഡാലോചനയ്ക്കുശേഷം തുടക്കമിട്ടു പരാജയപ്പെട്ട പട്ടാള ലഹളയ്ക്കുശേഷം ജയിലഴിക്കുള്ളിലായി. സുരോവില്‍കിനും ഉപസേനാപതികളും തടങ്കലില്‍ കഴിയുന്ന വിവരം വെളിപ്പെടുത്താതെ നയതന്ത്രമായി പലദിവസങ്ങളായി കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്നു വ്യസനസമേതം മാത്രം മാധ്യമങ്ങളെ അറിയിച്ചു. പല അസത്യവും കുതന്ത്രവുമായ പ്രഖ്യാപനങ്ങള്‍ സ്വന്തം സേനാപതികളില്‍നിന്നും കേട്ടശേഷം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുഡിന്‍ നിരപരാധിയെന്ന വ്യാജേന റഷ്യന്‍ സൈന്യത്തെ മൊത്തമായി ശുദ്ധീകരിക്കണമെന്ന പ്രഖ്യാപനം സമാധാന മേഖലയിലും യുദ്ധക്കളത്തിലുമുള്ള എല്ലാ സേനാംഗങ്ങളേയും ഒരു പരിധിവരെ ചിന്താക്കുഴപ്പത്തില്‍ ആക്കിയതായി എ. പി. പറയുന്നു. പട്ടാളവിപ്ലവത്തിന്‍റെ കെണിയില്‍നിന്നും പുഡിന്‍റെ വിശ്വസ്തത സൈനീകര്‍ മുക്തരായെങ്കിലും കാതലായ പല വിവരങ്ങളും റഷ്യന്‍ മിലിട്ടറി ഓഫ് ഡിഫെന്‍സ് മനഃപൂര്‍വ്വം മറയ്ക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് അടക്കം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രൈഗോസിനുമായി വിപ്ലവത്തോടനുബന്ധിച്ചോ സൈനീക തലത്തിലോ ബന്ധപ്പെട്ട സേനാമേധാവികളെ സര്‍വ്വീസില്‍ തുടരുവാന്‍ അനുവദിക്കുമോ എന്ന സംശയം ഇപ്പോള്‍ പ്രബലമായി. പുടിന്‍റെ മറുപടിയും നിലപാടും ഇപ്പോഴും പരസ്യമായി പറഞ്ഞിട്ടില്ല.
അമേരിക്ക കഴിഞ്ഞാല്‍ റഷ്യയെ രണ്ടാം വന്‍ ലോകശക്തിയായി ലോകജനത ആദരിച്ച കാലഘട്ടം ഇപ്പോള്‍ ഓര്‍മ്മയായി മാറി. റഷ്യയുടെ യുക്രൈന്‍ ആക്രമണവും ശക്തമായ യുക്രൈന്‍റെ പ്രതിരോധ നടപടികളും റഷ്യയുടെ പ്രശക്തിയെ താഴ്ത്തി. പട്ടിണി രാജ്യങ്ങളില്‍നിന്നും സാധാരണ കേള്‍ക്കാറുള്ളതാണ് പട്ടാള വിപ്ലവം. ശപിക്കപ്പെട്ട ഈ ദുര്‍ഘട കാലഘട്ടത്തെ അതിജീവിച്ച് സമാധാന രാജ്യമായി എത്തുവാന്‍ റഷ്യ രാഷ്ട്രീയമായും സാംസ്കാരികമായും ഉയരണം.