ചരിത്രം മാറ്റി എഴുതിയാലും പാരമ്പര്യം നിലനിൽക്കും: ഐസക് മാര്‍ ഫിലക്‌സിനോസ്; മണിപ്പൂരിന് വേണ്ടി കണ്ണീരുമായി ക്രൈസ്തവ സമൂഹം

പോൾ ഡി പനയ്ക്കൽ (ന്യൂ യോർക്ക്)

ന്യൂയോര്‍ക്ക്: മണിപ്പൂരിലെ ക്രൈസ്തവ സമൂഹം നേരിടുന്ന മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനകളും കണ്ണീരുമായി ക്രിസ്ത്യാനികള്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിച്ചു. സെന്റ് തോമസ് ദിനമായ ജൂലൈ 3-ന് നടക്കേണ്ട ആഘോഷം ഒരു ദിനം മുന്നേ ന്യൂയോര്‍ക്ക് എല്‍മോണ്ടിലെ മലങ്കര കത്തോലിക്കാ സഭയുടെ കത്തീഡ്രല്‍ ഹാളില്‍ ഡിനോമിനേഷനും ഭാഷയും വ്യത്യാസമില്ലാതെ നടന്നപ്പോള്‍ അത് സഹോദരര്‍ ഒത്തുകൂടിയ അപൂര്‍വമനോഹര സംഗമമായി.

അനുഗ്രഹങ്ങളും ആശംസകളുമായി സഭാ പിതാക്കന്മാരും വൈദീകരും അത്മായ പ്രതിനിധികളും എത്തി.

ഇന്ത്യയില്‍ ഏഴര മാസം തടവില്‍ കഴിയേണ്ടിവന്ന ബ്രയ്ന്‍ നേരന്‍, മണിപ്പൂര്‍ സ്വദേശിയായ റവ. മാര്‍ക്ക് മാംഗ് എന്നിവരുടെ സന്ദേശങ്ങള്‍ ഇന്ത്യയിലെ മാറ്റങ്ങള്‍ വരച്ചുകാട്ടി. (ബ്രയന്‍ നെരേന്റെ പ്രസംഗം പിന്നാലെ). വിവിധ ക്വയറുകളുടെ ഗാനാലാപനം ചടങ്ങ് ഭക്തിസാന്ദ്രമാക്കി.

മുഖ്യാതിഥിയായി പങ്കെടുത്ത മാര്‍ത്തോമാ സഭാ ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ, ചരിത്രം മാറ്റിയെഴുതാനുള്ള പുതിയ പ്രവണതകളെ പരാമര്‍ശിച്ചു. രാഷ്ട്രീയപരമായും സാമൂഹികപരമായുമുള്ള കാരണങ്ങളാലാകാം അത്. എന്നാല്‍ വസ്തുതകൾ ഇല്ലാതാവുന്നില്ല. നാം നമ്മുടെ ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നവരായിരിക്കണം.

ദുരിതങ്ങളും വേദനകളും ഇസ്രയേല്‍ ജനതയേയും ബാധിച്ചിട്ടുണ്ട്. ബാബിലോണില്‍ അടിമത്തത്തിലായിരിക്കെ അവര്‍ നിലവിളിച്ചു. വിദേശ നാട്ടില്‍ ഞങ്ങള്‍ എങ്ങനെ ദൈവത്തിന്റെ ഗാനം പാടുമെന്നവര്‍ വിലപിച്ചു.

അമേരിക്കയില്‍ നാം സുരക്ഷിതരും സംതൃപ്തരുമാണ്. പക്ഷെ ഇന്ത്യയിലെ സഹോദരരുടെ വേദനകള്‍ നമുക്ക് അംഗീകരിക്കാനാവില്ല. അവിടെ സമാധാനം പുനസ്ഥാപിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം. മനുഷ്യാവകാശങ്ങള്‍ അവിടെ പുനസ്ഥാപിക്കപ്പെടട്ടെ.

നാം വിവിധ സഭകളില്‍ ഉള്ളവരായിരിക്കാം. എന്നാല്‍ നാം ഒരുമിച്ച് നില്‍ക്കുകയാണ് പ്രധാനം. ഭിന്നതകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ദുരിതങ്ങളില്‍ നാം ഒരുമിച്ച് നില്‍ക്കണം. നമ്മുടെ ശബ്ദം ഉയര്‍ത്താന്‍ നാം കടപ്പെട്ടിരിക്കുന്നു. ദൈവരാജ്യത്തിനായി മരിക്കാനും നാം ഒരുങ്ങിയിരിക്കണം.

സെന്റ് തോമസ് അപ്പസ്‌തോലന്റെ പിന്തുടര്‍ച്ചക്കാരെന്ന നിലയില്‍ നാം അഭിമാനമുള്ളവരാവണം. ആദ്യ നൂറ്റാണ്ടില്‍ തന്നെ നമ്മുടെ നാട്ടില്‍ സുവിശേഷ വെളിച്ചം എത്തി.

മൂന്നു തവണയാണ് ബൈബിളില്‍ സെന്റ് തോമസിനെപ്പറ്റി പരാമര്‍ശിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ പതിനൊന്നാം അധ്യായത്തില്‍ ബഥനിയിലേക്ക് പോയി ലാസറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ യേശു തീരുമാനിക്കുന്നു. എന്നാല്‍ അവിടെ അദ്ദേഹത്തെ കൊല്ലാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുണ്ടെന്നറിഞ്ഞ ശിഷ്യര്‍ അത് ആവശ്യമോ എന്നു ചോദിക്കുന്നു. യേശു പോകണമെന്ന് പറയുമ്പോള്‍ നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്നാണ് തോമസിന്റെ പ്രതികരണം.

പതിനാലാം അധ്യായത്തില്‍ യേശു തന്നെപ്പറ്റിയും താന്‍ വിടവാങ്ങുന്നതിനെപ്പറ്റിയും പറയുന്നു. അപ്പോള്‍ തോമസ് പറയുന്നു: ‘അങ്ങ് പോകുന്ന വഴി ഞങ്ങള്‍ക്ക് അറിയില്ല. അത് ഞങ്ങള്‍ എങ്ങനെ അറിയും.’ അതിന് യേശു മറുപടി പറഞ്ഞു: ‘ഞാന്‍ തന്നെയാണ് വഴിയും സത്യവും ജീവനും. എന്നെ അറിയുന്നവര്‍ പിതാവിനേയും അറിയുന്നു.’

മൂന്നാമത്തെ അവസരം ഉയര്‍പ്പിനുശേഷം യേശുവിനെ കാണുന്നതാണ്. യേശുവിനെ നേരിട്ടു കാണുകയും കയ്യിലെ മുറിവില്‍ സ്പര്‍ശിക്കുകയും ചെയ്യാതെ വിശ്വസിക്കില്ലെന്നു പറഞ്ഞ തോമസിനെ യേശു കാണുന്നു. കയ്യിൽ തൊട്ടു നോക്കുവാൻ പരയുന്നു. ‘മൈ ലോര്‍ഡ് ആന്‍ഡ് മൈ ഗോഡ്’ എന്ന തോമസിന്റെ പ്രതികരണം നാം എപ്പോഴും ഓര്‍ക്കുന്നു.

ഏതവസരത്തിലും വിശ്വാസത്തില്‍ ഉറച്ചുനിന്ന സെന്റ് തോമസിന്റെ പാരമ്പര്യമാണ് നമുക്കുള്ളത്. അത് നാം ഒരവസരത്തിലും നഷ്ടപ്പെടുത്തരുത്- അദ്ദേഹം ഉദ്ബോധിപ്പിച്ചു.

അമേരിക്കയില്‍ പോലും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഉറപ്പില്ലെന്ന് ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ചൂണ്ടിക്കാട്ടി. (പ്രസംഗം അന്യത്ര കാണുക)

മണിപ്പൂരിനുശേഷം അടുത്ത ലക്ഷ്യം കേരളമാണെന്ന് ചിലര്‍ പറഞ്ഞതായി ഇവാഞ്ചലിക്കല്‍ ബിഷപ്പ് ഡോ. സി.വി മാത്യു പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. (പ്രസംഗം പിന്നാലെ).

റൈറ്റ് റെവ. ഡോ. ജോൺസി ഇട്ടി (എപ്പിസ്‌കോപ്പൽ ചർച്ച്) പീഡനാം കൊണ്ട് നാം വിശ്വാസം കൈവിടില്ലെന്നു ചൂണ്ടിക്കാട്ടി.

മണിപ്പൂരിന്റെ വേദന റവ മാര്‍ക്ക് മാംഗ് വിശദീകരിച്ചു. ആക്രമണത്തില്‍ തന്റെ കസിന്‍ കൊല്ലപ്പെട്ടു. മറ്റു നാലുപേരും. എട്ടുവര്‍ഷമായി താന്‍ അമേരിക്കയിലെത്തിയിട്ടെന്നും അദ്ദേഹം പറഞ്ഞു. ചാപ്ലിനായി സേവനം അനുഷ്ഠിക്കുന്നു.

സ്വര്‍ഗ്ഗം എങ്ങനെയെന്ന് നമുക്കറിയില്ല. എന്നാല്‍ എല്ലാവരും ഒരുമിച്ച് കൂടുന്നതാണ് അത് എന്നു നാം കരുതുന്നു. ഈ ഒത്തുകൂടലും അതുപോലെയാണ്.

ഗ്രാമം സംരക്ഷിക്കുമ്പോഴാണ് അക്രമികളുടെ ലൈസന്‍സില്ലാത്ത തോക്കിന് തന്റെ കസിനും മറ്റു നാലുപേരും ഇരയായത്. ലൈസന്‍സുള്ള തോക്കോടുകൂടിയായിരുന്നു അവര്‍ കാവല്‍ നിന്നത്.

കലാപം ഒരു ദിവസം കൊണ്ട് നിര്‍ത്താമായിരുന്നു. അതുണ്ടായില്ല. 354 പള്ളികള്‍ തകര്‍ക്കപ്പെട്ടു. അത് തുടരുന്നു. ആശുപത്രയിലുള്ള മൃതദേഹങ്ങള്‍ പോയി വാങ്ങാന്‍ പോലും കഴിയുന്നില്ല. അമ്പതിനായിരത്തില്‍പ്പരം പേരാണ് അഭയാര്‍ത്ഥികളായി വിവിധ സംസ്ഥാനങ്ങളിലുള്ളത്.

പീഡനങ്ങളും കൊലയും നടക്കുമെങ്കിലും അവസാനം ദൈവമഹത്വം അവിടെ ഉദ്ഘാഷിക്കപ്പെടും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, സഹായമെത്തിക്കുക. അധികം താമസിയാതെ മണിപ്പൂരിലേക്ക് പോകണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.