ഓര്‍ത്തഡോക്സ് സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് 

വൈദികട്രസ്റ്റി സ്ഥാനത്തേക്ക് ഫാ.കോനാട്ട് ജോണ്‍സ് ഏബ്രഹാമും ഫാ.എം.ഒ.ജോണും അല്മായ ട്രസ്റ്റിയായി ജോര്‍ജ് പോളും റോയി മുത്തൂറ്റും മത്സരിക്കുമെന്ന് ഉറപ്പായി

 

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അതിപ്രസരം. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള അസോസിയേഷനിലാണ് കടുത്ത മത്സരം നടക്കാന്‍ ഒരുങ്ങുന്നത്. ഇടതുവലത് മുന്നണികളുമായി ആഭിമുഖ്യമുള്ളവരാണ് സ്ഥാനാര്‍ത്ഥികളില്‍ പലരും. കത്തോലിക്കാ ബാവയ്ക്കും ഇടതുപക്ഷത്തിനും താല്‍പര്യമുള്ളവരും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ളവരുമാണ് മത്സരത്തിലുള്ളത്.

ഭദ്രാസന തലത്തിലുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി നാലിനും വൈദിക ട്രസ്റ്റിയുടെയും അല്മായ ട്രസ്റ്റിയുടെയും തെരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്നിനും നടക്കും. ഇടവകകളില്‍ നിന്നുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു.

വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി എന്നീ സ്ഥാനങ്ങളിലേക്ക് കടുത്ത പോരാട്ടമാണ് നടക്കുന്നത്. വൈദിക ട്രസ്റ്റിയായി നിലവിലെ ട്രസ്റ്റി ഫാ.ഡോ.കോനാട്ട് ജോണ്‍സ് ഏബ്രഹാമും ഫാ.ഡോ.എം.ഒ.ജോണും തമ്മിലായിരിക്കും മത്സരിക്കുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഫാ.കോനാട്ടിന് വീണ്ടും മത്സരിക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല. കാതോലിക്ക ബാവയുടെയും മറ്റും നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം വീണ്ടും മത്സരരംഗത്തുള്ളതെന്നാണ് സൂചന.

നിലവിലെ അല്മായ ട്രസ്റ്റി മുത്തൂറ്റ് എം.ജോര്‍ജ് ഇക്കുറി മത്സരിക്കാനുണ്ടാവില്ല. പകരം മുത്തൂറ്റ് കുടുംബത്തിലെ തന്നെ റോയി മുത്തൂറ്റിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കോലഞ്ചേരിയിലെ സിന്തൈറ്റ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് ജോര്‍ജ് പോള്‍ ആയിരിക്കും എതിര്‍ സ്ഥാനാര്‍ത്ഥി.

മാര്‍ച്ച് ഒന്നിന് കോട്ടയത്തെ ഏലിയാ കത്തീഡ്രല്‍ പരിസരത്തു നടക്കുന്ന മലങ്ക ക്രിസ്ത്യാനി അസോസിയേഷന്‍ യോഗമാണ് വൈദിക ട്രസ്റ്റിയെയും അല്മായ ട്രസ്റ്റിയെയും തെരഞ്ഞെടുക്കുക. അസോസിയേഷനില്‍ 4300-ഓളം അംഗങ്ങള്‍ വരും. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞു ചേരുന്ന മാനേജിംഗ് കമ്മിറ്റി യോഗമാണ് അസോസിയേഷന്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക.

ട്രസ്റ്റി സ്ഥാനങ്ങളിലേയ്ക്കു മത്സരിക്കുന്ന ഫാ.കോനാട്ട് ജോണ്‍സ് ഏബ്രഹാമും റോയി മുത്തൂറ്റും കാതോലിക്ക ബാവയുടെ പിന്തുണയുള്ള ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികളാണ്. എതിര്‍ വിഭാഗം ശക്തമായ പ്രചരണമാണ് നടത്തുന്നത്. സഭയിലെ മെത്രാപ്പോലീത്തമാരില്‍ നാലുപേരൊഴികെ ബാക്കിയെല്ലാവരും തങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു. മുത്തൂറ്റ്.എം.ജോര്‍ജ് ഒഴിവായപ്പോള്‍ അതേ കുടുംബത്തിലെ റോയി മുത്തൂറ്റ് സ്ഥാനാര്‍ത്ഥിയായതിനെ അവര്‍ ശക്തമായി എതിര്‍ക്കുന്നു. കുടുംബവാഴ്ച അനുവദിക്കാനാവില്ല എന്നത് അവര്‍ മൂര്‍ച്ചയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.

പിന്നീട് ചേരുന്ന മാനേജിംഗ് കമ്മിറ്റി യോഗമാണ് മലങ്കര സഭാ അസോസിയേഷന്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. ട്രസ്റ്റി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം സെക്രട്ടറി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇപ്പോഴത്തെ സെക്രട്ടറി ജോര്‍ജ് ജോസഫ് മത്സരിക്കുമോ എന്ന് ഉറപ്പായിട്ടില്ല. അഡ്വ.ബിജു ഉമ്മന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചേക്കും.

ഇത്തവണത്തെ മത്സരം പതിവിലും ചൂടേറിയതാവും എന്നാണ് സൂചന. ഇപ്പോഴത്തെ ഭരണ സമിതിക്കെതിരെ കാതോലിക്കാ ബാവക്ക് എതിരെ തന്നെ ശക്തമായ അതൃപ്തി നിലവിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഭ പരസ്യമായി എല്‍.ഡി.എഫ് അനുകൂല നിലപാട് എടുത്തത് വിമര്‍ശന കാരണമായി. സഭാംഗമായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ സഭാ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ പിന്നില്‍ ചില ഗൂഢനീക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഒരു വിഭാഗം സംശയിക്കുന്നു. സഭാ ഭരണഘടനയ്ക്കും കീഴ്‌വഴക്കങ്ങള്‍ക്കും നിരക്കാത്ത രീതിയില്‍ മെത്രാപ്പോലീത്തമാരെ സ്ഥലം മാറ്റാന്‍ ഇപ്പോഴത്തെ മാനേജിംഗ് കമ്മിറ്റി തീരുമാനമെടുത്തു. സംഘടിതമായി എതിര്‍പ്പിന്റെയും കോടതി ഇടപെടലിന്റെയും പശ്ചാത്തലത്തില്‍ അതു നടപ്പാക്കാനായില്ല. അത് കാതോലിക്ക ബാവക്കും മാനേജിംഗ് കമ്മിറ്റിക്കും ക്ഷീണമായി. ഈ വക പശ്ചാത്തലമാണ് 2017-ലെ തെരഞ്ഞെടുപ്പിനെ സുപ്രധാനവും നിര്‍ണായകവുമാക്കുന്നത്.

പുതിയ മെത്രാന്‍മാരെ നിയമിക്കാന്‍ സഭ സിനഡ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ മാനേജിംഗ് കമ്മിറ്റി അതിന്റെ നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ല. അടുത്ത വര്‍ഷം നിലവില്‍ വരുന്ന പുതിയ മാനേജിംഗ് കമ്മിറ്റി അതു ചെയ്യട്ടെ എന്നാണ് ഇപ്പോഴത്തെ മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനം.

Related News: 

ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടം പൂര്‍ത്തിയായി

ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ് : വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരിമറി നടത്തുന്നതായി ആരോപണം

ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ഇടത്- വലത് മുന്നണി നേതാക്കളും സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നു