ചിക്കാഗോ സെ. മേരീസ് ഇടവകയിലെ പാരിഷ് ഡേ വർണാഭമായി

സ്റ്റീഫൻ  ചൊള്ളംബേൽ 

മോർട്ടൻ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഇടവകദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. ജൂലൈ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോട് കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശരി വി. കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു.കുർബാനമധ്യേ അഭിവന്ദ്യ പിതാവ് ബ്രദർ മോസ്സസ് പുതുപ്പള്ളിമ്യാലിക്ക് കാറോയ പട്ടം നൽകി.

മോൺ. തോമസ് മുളവനാൽ, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. ബിബി തറയിൽ, ഫാ. ജോസഫ് തച്ചാറ എന്നിവർ വി. ബലിയിൽ സഹകാർമികരായിരുന്നു. വി.കുർബാനയ്ക്ക് ശേഷം ഇടവകയിലെ എല്ലാ ദമ്പതി കളും വിവാഹ വാഗ്ദാന നവീകരണം നടത്തി.തുടർന്ന് അഭിവന്ദ്യ പണ്ടാരശ്ശേരിൽ പിതാവിനെ മാർഗ്ഗം കളിയുടെ അകമ്പടിയോടെ പാരീഷ് ഹാളിലേക്ക് സ്വീകരിച്ചാനയിച്ചു. ഇടവകയിലെ വിവിധ പ്രായപരിധിയിലുള്ള ദമ്പതികളുടെ സംഗമം നടത്തപ്പെട്ടു.  ദമ്പതി സംഗമത്തിൽ വിസിറ്റേഷൻ സന്യാസ സമൂഹം മംഗളഗാനമാലപിച്ചു. അതേതുടർന്ന് അഭിവന്ദ്യ പണ്ടാരശ്ശരി പിതാവ് ദമ്പതികൾക്കായി കുടുംബനവീകരണ ക്ലാസ്സ് നടത്തി. കുടുംബജീവിതത്തിൽ ദൈവത്തിൻറെ ഇടപെടലും കരുതലും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സരസമായ ഭാഷയിൽ ക്ലാസ് അവതരിപ്പിച്ചു.

സെ. മേരീസ് ട്രസ്റ്റി കോഡിനേറ്റർ സാബു കട്ടപ്പുറം ചടങ്ങിൽ സ്വാഗതവും  വുമൺ മിനിസ്ട്രി കോഡിനേറ്റർ ബിനി തെക്കനാട്ട് നന്ദിയും ആശംസിച്ചു . സജി പൂതൃക്കയിൽ ചടങ്ങിന്റെ മാസ്റ്റർ -ഒഫ് സെറുമണിയായിരുന്നു . വിവിധ പ്രായപരിധിയിലുള്ള ദമ്പതികളെ പൊന്നാടയണിയിച്ചും സമ്മാനങ്ങൾ നൽകിയും പിതാവ് ആദരിച്ചു. തുടർന്ന് ദൈവാലയത്തിന്റെ പ്രധാന കവാടത്തിൽ ഒരുക്കിയിരിക്കുന്ന ക്നാനായ കുടിയേറ്റ നായകരായ ക്നായി തോമായുടെയും ഉറൂഹ മാർ യൗസേപ്പിന്റെയും  പ്രതിമ അനാച്ഛാദനം ചെയ്തു. ഇടവക ദിനാഘോഷങ്ങളിൽ പങ്കെടുത്ത ഏവർക്കും സ്നേഹവിരുന്നും ഒരുക്കി. ആഘോഷ ക്രമീകരണങ്ങൾക്ക് ചർച്ച എക്സിക്യൂട്ടീവും , വൈദികരും, സിസ്റ്റേഴ്സും നേതൃത്വം നൽകി.

സ്റ്റീഫൻ  ചൊള്ളംബേൽ  (പി.ആർ.ഒ)