ഉമ്മൻ ചാണ്ടിക്ക് കേരള ക്ലബ്ബിന്റെ ആദരാഞ്ജലികൾ

അലൻ ചെന്നിത്തല

മിഷിഗൺ: കേരളത്തിന്റെ മനസ്സിൽ സ്നേഹത്തിന്റെ കൈയൊപ്പ്‌ ചാർത്തിയ ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. കേരള ക്ലബ്ബ് പ്രസിഡന്റ് ഫിലോമിന സഖറിയായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജെയ്‌മോൻ ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജാതി മത വർഗ്ഗ വർണ്ണ വിവേചനമില്ലാതെ കരുതലിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി ഏവരുടെയും മനസ്സിൽ ഇടം നേടിയ മനുഷ്യ സ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടി.  ദേശത്തിന്റെയും ജനങ്ങളുടേയും ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും നടുവിൽ സ്വയം മറന്നു പ്രവർത്തിച്ച ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ യഥാർത്ഥ ജനസേവകൻ. വാക്ക് കൊണ്ടും നോക്ക് കൊണ്ടും മാപ്പർഹിക്കാത്ത വ്യാജപ്രചരണം കൊണ്ടും തകർക്കാൻ കഴിയാത്ത ഉമ്മൻ ചാണ്ടി എന്ന ജനനായകൻ ലോകമെങ്ങുമുള്ള മലയാളിയുടെ മനസ്സിൽ മരിക്കാത്ത ഓർമ്മയായി ജീവിക്കും. കേരള ക്ലബ്ബിന്റെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന ഉമ്മൻ ചാണ്ടി അമേരിക്കൻ സന്ദർശന വേളകളിൽ മിഷിഗണിൽ എത്തുകയും കേരള ക്ലബ്ബിന്റെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ സഹോദര പുത്രനായ അജയ് അലക്സ് കേരള ക്ലബ്ബിന്റെ പ്രെസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ദുഃഖിക്കുന്ന ഏവരോടും പ്രെത്യേകിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും കേരള ക്ലബ്ബിന്റെ അഗാധമായ ദുഃഖവും അനുശോചനവും യോഗം രേഖപ്പെടുത്തി.