മസാല ബോണ്ടിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടിസ്;ചൊവ്വാഴ്ച ഹാജരാകണം

മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് അയച്ചു. ചൊവ്വാഴ്ച ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ട്.

മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക് നല്‍കിയ ഹർജിയിൽ ഹൈക്കോടതി ഇ.ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുമ്പായി നോട്ടിസിനു മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടിസ് നൽകിയത്.

മുൻപു പലതവണ തോമസ് ഐസക്കിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മാത്രമല്ല, ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

അതിനു മുൻപും ഇ.ഡി. അയച്ച സമൻസിനെതിരെ തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇ.ഡി. സമൻസ് പിൻവലിച്ചു. എന്നാൽ ആഴ്ചകൾക്കകം വീണ്ടും സമൻസ് അയച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയിലെത്തിയത്. ഈ ഹർജി പരിഗണിച്ചാണ്, ഫെബ്രുവരി ഒൻപതിനകം മറുപടി നൽകാൻ ഹൈക്കോടതി ഇ.ഡിക്കു നോട്ടിസ് അയച്ചത്.