ഇന്നും നാം കാണുന്ന ജരത്കാരു (മിനി നായർ ,അറ്റ്‌ലാന്റാ )

പുരാണേതിഹാസങ്ങളിലെ സ്ത്രീഹൃദയങ്ങള്‍…!
മിനി നായർ ,അറ്റ്‌ലാന്റാ

വ്യസ്തമായ ജീവിതാനുഭവങ്ങളുള്ള സ്ത്രീകഥാപാത്രങ്ങളെകൊണ്ട് സമ്പന്നമാണ് നമ്മുടെ പുരാണേതിഹാസങ്ങള്‍. പുരുഷന്‍റെ ആജ്ഞാശക്തിക്കു മുന്നിലോ പ്രതിസന്ധികളിലോ തളര്‍ന്നവീഴുന്ന കണ്ണീര്‍ക്കുടങ്ങളും അവയോടെല്ലാം എതിരിട്ടു വിജയംകൈവരിക്കുന്ന പെണ്‍ക്കരുത്തുകളുമുണ്ട് ഇക്കൂട്ടത്തില്‍. ഒരുവശത്ത് ഭര്‍ത്താവിന്‍റെ ഹിതമാണ് തന്‍റെയെല്ലാം എന്നു വിശ്വസിക്കുന്നവരും എല്ലാംവിധിയെന്നു കരുതി ഒതുങ്ങിക്കൂടുന്നവരുമാണെങ്കില്‍ മറുവശത്ത് മറ്റെന്തിനേക്കാളും ആത്മാഭിമാനവും വ്രതനിഷ്ഠയും നിശ്ചയദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. അത്തരം ചില സ്ത്രീകഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങള്‍ക്കും ജീവിതമുഹൂര്‍ത്തങ്ങള്‍ക്കും ഒപ്പം ഒരു അനുയാത്രയാണിത്.സ്വന്തംതെറ്റുകൊണ്ട് കണ്ണീര്‍കുടിക്കുന്നവരും അല്ലാത്തവരുമായ നിരവധി സ്ത്രീകഥാപാത്രങ്ങള്‍ മഹാഭാരതത്തിലുണ്ട്. കുന്തിയിലും ഗാന്ധാരിയിലും പാഞ്ചാലിയിലും ദു:ശ്ശളയിലും ദമയന്തിയിലും അംബയിലും ശ്രദ്ധിച്ചുനോക്കിയാല്‍ അതു വ്യക്തമാകും. മഹാഭാരതത്തിലൂടെ വ്യാസഭഗവാനൊപ്പം നടക്കുമ്പോള്‍ ഇവരിലോരോത്തരേയും കണ്ടുമുട്ടുന്നു. അറിയാതെ ഇവരെക്കുറിച്ച് ചില സന്ദേഹങ്ങള്‍ ഉയര്‍ന്നു വരുന്നു.
വിവാഹജീവിതത്തെകുറിച്ച് ഏകപക്ഷീയവും അമിതവുമായ സങ്കല്പങ്ങൾ വച്ചുപുലര്‍ത്തുന്നവര്‍ ഉണ്ട്. അവയെല്ലാം പ്രായോഗികജീവിത്തില്‍ സാഷാല്‍കരിച്ചെന്നോ ഇല്ലെന്നോ വരാം. എന്നാല്‍ ദാമ്പത്യജീവിതത്തിന്‍റെ സ്വച്ഛതയ്ക്കും വിജയത്തിനുംവേണ്ടി ഇത്തരം സങ്കല്പങ്ങള്‍ക്കു ഇരുഭാഗത്തുനിന്നും തിരുത്തലും പൊരുത്തപ്പെടലും ആവശ്യമാണ്.
വിവാഹജീവിതത്തെകുറിച്ച് വിചിത്രമായ ഒരു പിടിവാശിവച്ചുപുലര്‍ത്തിയ മുനിയാണ് ജരത്കാരു. അദ്ദേഹത്തിന്‍റെ ജീവിതപങ്കാളിയാകേണ്ടി വന്നവളാണ് ജരത്കാരു.വാസുകി എന്ന സര്‍പ്പശ്രേഷ്ഠന്‍റെ സഹോദരിയായിരുന്നു ജരത്കാരു എന്ന പേരുതന്നെയുള്ള കന്യക .ഭര്‍ത്താവിന്‍റെ അനിഷ്ടത്തിന് ഇരയായ ഒരു നിശ്ശബ്ദദുഃഖമാണ് അവര്‍!
മഹാഭാരതത്തിലെ ആദിപര്‍വ്വത്തില്‍, വനത്തിലുള്ള ആശ്രമത്തില്‍വെച്ചാണ് ജരത്കാരുദമ്പതിമാരെ കണ്ടുമുട്ടിയത്. മെലിഞ്ഞുണങ്ങിയ ശരീരമുള്ളവന്‍ എന്നാണ് ജരത്കാരു എന്ന പദത്തിനര്‍ത്ഥം. ജനിച്ചപ്പോള്‍ത്തന്നെ മെലിഞ്ഞശരീരപ്രകൃതമുള്ള ജരത്കാരു കഠിനമായ തപസ്സുകൊണ്ട് ആ ശരീരം വീണ്ടും ശോഷിപ്പിച്ചു. അങ്ങനെ ജാരത്കാരൂ എന്ന നാമം അദ്ദേഹത്തിനു അന്വര്‍ത്ഥമായി.
വാസുകിയുടെ സോദരിയായ ജരത്കാരുവിന്‍റെ പ്രകൃതവും വ്യത്യസ്തമായിരുന്നില്ല. അവളും കഠിനമായ വ്രതാനുഷ്ഠനങ്ങള്‍കൊണ്ട് കൂടുതല്‍ കൃശഗാത്രിയായിത്തീര്‍ന്നു. അതുകൊണ്ടു അവള്‍ക്കും ജരത്കാരുവെന്ന് പേരു കിട്ടി. ചെറുപ്പം മുതൽക്കേ ബ്രഹ്മധ്യാനാനുഷ്ഠാനങ്ങളോടായിരുന്നു ജരത്കാരുവിനു താല്പര്യം.അതുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. ജപവും തപസ്സും തീര്‍ത്ഥാടനവുമായി അദ്ദേഹം അലഞ്ഞുനടന്നു. യാത്രയ്ക്കിടയില്‍ അന്തിയാകുമ്പോള്‍ എത്തിച്ചേരുന്നതെവിടെയാണോ അവിടെ കിടന്നുറങ്ങി. ആഹാരം കഴിക്കാന്‍പോലും അദ്ദേഹം മറന്നു. തപസ്സിന്‍റെ കാര്‍ക്കശ്യം നിമിത്തം അദ്ദേഹം കൂടുതല്‍ക്കൂടുതല്‍
ശോഷിച്ച് അസ്ഥിശേഷനായിത്തീര്‍ന്നു.
അന്നൊരിക്കല്‍ ഒരു യാത്രയ്ക്കിടയില്‍ സര്‍വ്വസംഗപരിത്യാഗിയായ ജരത്കാരുഒരു കാഴ്ച കണ്ടു . അത് ആദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അഗാധമായ ഒരു ഗര്‍ത്തത്തിനുമുകളില്‍ കുറെ മഹര്‍ഷിമാര്‍ ഒരു പുല്‍ക്കൊടിത്തുമ്പില്‍ പിടിച്ച് തലക്കീഴായായിതൂങ്ങിക്കിടക്കുന്നു. ആ പുല്ലിന്‍റെ വേരുകള്‍ ഒരു എലിയിരുന്നു കരളുന്നുണ്ടായിരുന്നു.
ജരത്കാരു അവരെ ശ്രദ്ധിച്ചു. അവര്‍ ആഹാരവും ജലപാനവുമില്ലാതെ ആകെ ക്ഷീണിതരായിരുന്നു. ജരത്കാരു അവരുടെ അരികിലേക്കുചെന്നു ചോദിച്ചു : “ഹേയ് മഹാനുഭാവന്മാരെ എന്താണിത്? നിങ്ങള്‍ക്കു ബുദ്ധി തീരെയില്ലെന്നായോ? ഈ ആഗാധഗര്‍ത്തിനുമീതെ ഒരുപുല്‍ക്കൊടിത്തുമ്പില്‍ ഞാന്നുകിടക്കാന്‍ എന്തുകാരണം? ദാ, ഇതിന്‍റെ കടയ്ക്കല്‍ വേരുകള്‍ ഒരു മൂഷികന്‍ ഇരുന്നു കരണ്ടു മുറിയ്ക്കുന്നു… ഏതു നിമിഷവും നിങ്ങള്‍ ഈ അന്ധകൂപത്തിലേക്കു വീണുപോകും.. പറയൂ, നിങ്ങള്‍ക്കു എന്തുപറ്റി? നിങ്ങളാരാണ്? ഞാന്‍ നിങ്ങളെ രക്ഷിക്കാം. എന്‍റെ തപോബലം അതിനായി വിനിയോഗിക്കാം..” “ഹേ താപസ്സാ അങ്ങയുടെ നല്ലമനസ്സിനു പ്രണാമം. ഞങ്ങള്‍ യായാവരന്മാരായ ഋഷികളാണ്. അങ്ങയുടെ തപോബലംകൊണ്ടൊന്നും ഞങ്ങളെ ഈ ആപത്തില്‍നിന്നും രക്ഷിക്കാന്‍ സാധിക്കുകയില്ല. തപോബലം ഏറെ ഞങ്ങള്‍ക്കും ഉണ്ട്. പക്ഷേ എന്തുഫലം! വംശം കാത്തുസൂക്ഷിക്കാന്‍ പരമ്പരയില്ലാതെ പോയവരാണ് ഞങ്ങള്‍. സന്തതിപരമ്പരകളും അവരുടെ ഉദകകര്‍മ്മങ്ങളുമാണ് ഒരു കുലത്തിന്‍റെ മുഴുവന്‍ പിതൃക്കള്‍ക്കു ശാശ്വതലോകങ്ങള്‍ എന്ന പുണ്യം നേടികൊടുക്കുന്നത്. പരമ്പരയില്ലാതെ ഞങ്ങള്‍ ഇപ്പോള്‍ പുണ്യമറ്റവരായി തീര്‍ന്നിരിക്കുകയാണ്.” അതുകേട്ടപ്പോള്‍ ജരത്കാരു ചോദിച്ചു:”ഈവിധം നിങ്ങളുടെ വംശമറ്റുപോകാന്‍ കാരണമെന്താണ്?”
“മഹര്‍ഷേ, ഞങ്ങളുടെ വംശം നിലനിര്‍ത്താന്‍ ബാദ്ധ്യസ്ഥനായ ഒരുവന്‍ ജീവിച്ചിരിപ്പുണ്ട്. പക്ഷേ അവനാകട്ടെ ബ്രഹ്മചര്യാനിഷഠനായി മഹാതപസ്വിയായി കഴിയുകയാണ്.അവന്‍റെ സന്തതികളിലൂടെവേണം ഞങ്ങള്‍ക്കു മോക്ഷം ലഭിക്കാന്‍. പക്ഷേ അതിനു ആ താപസന്‍ തയ്യാറാവുകയില്ല.”
“ആരാണ് താപസന്‍?”
“ജരത്കാരു..! വേദങ്ങളില്‍ നിഷ്ണാദനാണ് അവന്‍. അവന്‍ ഏകനായി തപസ്സുമായി
കഴിയുന്നു. ഞങ്ങള്‍ ഇതാ നരകത്തിലേക്കു വീഴാന്‍ തുടങ്ങുന്നു. അങ്ങ് യാത്രയ്ക്കിടയില്‍ എവിടെങ്കിലും അവനെ കാല്‍ ഞങ്ങളുടെ ഈ ദുര്‍ഗ്ഗതിയെപറ്റി പറയണം.” ജരത്കാരുവിനു ദുഃഖമടക്കാന്‍ ആയില്ല. അദ്ദേഹം പറഞ്ഞു: “അല്ലയോ മഹര്‍ഷിമാരെ ഞാനാണ് നിങ്ങള്‍ പറയുന്ന ആ ജരത്കാരു. ഞാന്‍ നിമിത്തം എന്‍റെ പൂര്‍വ്വികരായ നിങ്ങള്‍ക്കു നല്ലലോകങ്ങള്‍ നഷ്ടപ്പെട്ടുകൂടാ. പറയൂ, ഞാനെന്തുവേണം? നിങ്ങളെഈവിധത്തില്‍ കഷ്ടത്തിലാക്കിയതിനു എന്തു ശിക്ഷതന്നാലും ഞാന്‍ സ്വീകരിക്കാം..”പിതൃക്കള്‍ക്കു സന്തോഷമായി. അവര്‍ പറഞ്ഞു: ” മകനേ, ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍! നിന്നെ ഇങ്ങനെ കണ്ടു മുട്ടാനയല്ലോ. നീ നോക്കൂ, നീ ഇക്കാണുന്ന
ഗര്‍ത്തമുല്ലോ അത് മഹാനരകമാണ്. ഇപ്പോള്‍ ഈ പുല്‍ത്തുമ്പാണ് നമ്മുടെ വംശത്തിന്‍റെ മുഴുവന്‍ താങ്ങ്. ഇതിന്‍റെ മുറിഞ്ഞുപോയ ഈവേരുകള്‍ നുമുക്കു നഷ്ടമായപിതൃക്കളുടെ ആത്മാക്കാളാണ്. ഇപ്പാതിമുറിഞ്ഞുപോയ വേര്, കുഞ്ഞേ നിന്നെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ വേരിനെ കരു മുറിക്കുന്ന മൂഷികന്‍ കരുത്തനായ കാലമാണ്. ഒരു ദിവസം ആ വേരും കാലമാകുന്ന എലി മുറിച്ചു നശിപ്പിക്കും. അതോടെ എല്ലാം തീരും..”
“പിതൃക്കളെ ഞാനുടനെന്തുവേണമെന്നു കല്പിച്ചാലും. ഈ മഹാനരകത്തില്‍നിന്ന് നിങ്ങളെ എങ്ങനെ ഞാന്‍ രക്ഷിക്കണം?”
“മകനെ നീ ഉടനെ വിവാഹംകഴിക്കണം. നിനക്കു സന്തതിയുാകണം. നമ്മുടെ വംശപരമ്പര നിലനിര്‍ത്തണം. അതിലൂടെ ഞങ്ങള്‍ക്കു മോക്ഷവും ലഭിക്കും ”
“മഹാത്മക്കളേ, നിത്യബ്രഹ്മചര്യവ്രതമനുഷ്ഠിച്ചു കഴിയാനാഗ്രഹിച്ചവനാണ് ഞാന്‍. അതിലൂടെ എല്ലാംനേടാമെന്നു ഞാന്‍ കരുതി. എനിക്കു തെറ്റുപറ്റിയോ എന്തോ. എന്നാലും ഞാന്‍മൂലം നിങ്ങള്‍ക്കു വന്നുകൂടിയ ഈ ദുര്‍ഗ്ഗതി ഇല്ലാതാക്കാന്‍ ഞാനെന്‍റെ തീരുമാനം മാറ്റുകയാണ്. ഞാന്‍ വിവാഹിതനാകാം.”
“ഈ തീരുമാനത്തിലൂടെ നീ കുറെക്കൂടി വലിയവനായിരിക്കുകയാണ്. ഇപ്പോഴാണ് നിന്‍റെ ധര്‍മ്മം പൂര്‍ണ്ണമാകുന്നത്. എത്ര തപോബലമുായാലും സന്താനങ്ങളില്ലെങ്കില്‍ അവനു നരകമാണു കുഞ്ഞേ വിധി. ഞങ്ങളുടെ സര്‍വ്വാനുഗ്രഹവും നിനക്കുണ്ടാകും .”
അപ്പോള്‍ ജരത്കാരു പറഞ്ഞു: ” പക്ഷേ ഒരു കാര്യത്തില്‍ എനിക്കു നിര്‍ബ്ബന്ധമുണ്ട്. അതു നിങ്ങള്‍ അനുവദിച്ചുതരണം ”
“എന്താണത്?”
“എന്‍റെ വിവാഹത്തെകുറിച്ച് ചില നിര്‍ബ്ബന്ധങ്ങള്‍ എനിക്കുണ്ട്. ഒന്ന് എന്‍റെ പേരുതന്നെയായിരിക്കണം എന്‍റെ വധുവിനും. രണ്ട് അവളെ എനിക്കു ദാനമായി കിട്ടണം.
മൂന്ന്, അവളെന്‍റെ ഭാര്യയായാലും അവളുടെ സംരക്ഷണച്ചുമതല ഞാനേല്ക്കുകയില്ല. ഒത്തുവന്നാലേ ഞാന്‍ വിവാഹകഴിക്കുകയുള്ളൂ.. പക്ഷേ ഒന്നു ഞാന്‍ ഉറപ്പുതരുന്നു നിങ്ങള്‍ എന്തായാലും സത്യലോകത്ത് ചെന്നുചേരുകതന്നെ ചെയ്യും. ” ആ കൂടിക്കാഴ്ച അവസാനിച്ചു.
ജരത്കാരു പിന്നെയും യാത്ര തുടര്‍ന്നു. അയാള്‍ പോകുന്നതും നോക്കി പിതൃക്കള്‍ പ്രതീക്ഷയോടെ പൂര്‍വ്വസ്ഥിതിയില്‍തന്നെ നിന്നു.
യുവാവാണെങ്കിലും വൃദ്ധതുല്യനായ ജര്തകാരുവിനെ ഒരു കന്യകയും ഇഷ്ടപ്പെട്ടില്ല.ഒരു പിതാവും ആ അസ്ഥിശേഷനു പുത്രിയെ നല്കാന്‍ തയ്യാറായില്ല. അതിവിരൂപനായഅയാള്‍ക്കു അനുരൂപയായ ഒരു വധുവിനെ കണ്ടെത്താനുമായില്ല.
ജരത്കാരുവിന്‍റെ മനസ്സില്‍ പിതൃക്കളോട് ചെയ്ത സത്യം കനലുപോലെ കിടന്നെരിഞ്ഞു..
ഒരുദിവസം അപ്രതീക്ഷിതമായി സര്‍പ്പശ്രേഷ്ഠനായ വാസുകി ജരത്കാരുമുനിയെ തേടി ആ വനത്തില്‍ വന്നു. മുനിയുടെ മുന്നില്‍വന്ന് വാസുകി വിനയാന്വിതനായ പറഞ്ഞു: ” മഹാത്മന്‍, ഞാന്‍ വാസുകിയാണ്. നാഗലോകത്തുനിന്നും വരുന്നു.
ഞാനൊരു വിവാഹാര്‍ത്ഥനയുമായി വന്നിരിക്കുകയാണ്. എന്‍റെ സഹോദരിയെ അവിടുന്നു സ്വീകരിക്കുമെങ്കില്‍ അങ്ങയ്ക്ക് അവളെ വധുവായി ദാനംതരാന്‍ ഞാനൊരുക്കമാണ്.” ജരത്കാരു വാസുകിയെ സ്വീകരിച്ചിരുത്തികൊണ്ടു പറഞ്ഞു: ” അല്ലയോ സര്‍പ്പശ്രേഷ്ഠാ, താങ്കളുടെ നല്ലമനസ്സുതന്നെ. പക്ഷേ ഒരു വധുവിനെ കേട്ടപാടെ സ്വീകരിക്കാന്‍ എനിക്കു പ്രയാസമുണ്ട്. എനിക്കു ചില വ്യവസ്ഥകളുണ്ട്. അതുമായി യോജിക്കുന്നവരെഞാന്‍ സ്വീകരിക്കൂ..”
” എന്താണത് ” വാസുകി ചോദിച്ചു.
“ഒന്ന് എന്‍റെ പേരു തന്നെയായിരിക്കണം എന്‍റെ വധുവിനും. രണ്ട്വ ,അവളെ എനിക്കുദാനമായി കിട്ടണം. ഇവ ഒത്തുവന്നാലേ ഞാന്‍ വിവാഹംകഴിക്കുകയുള്ളൂ.. ”
“ജരത്കാരു എന്ന അങ്ങയുടെ പേരു തന്നെയാണ് ഇവള്‍ക്കും. അങ്ങയുടെ പ്രകൃതംതന്നെയാണ് ഇവള്‍ക്കും. ജനിച്ചപ്പോഴെ കൃശഗാത്രയായിരുന്ന ഇവളും കഠിനമായ വ്രതനിഷ്ഠകളാല്‍ ഉടല്‍ ശോഷിപ്പിച്ചുണക്കിക്കളഞ്ഞു.. ഒരു താപസിയായ ഇവള്‍ അങ്ങയ്ക്കുതികച്ചും അനുയോജ്യയാണ്.”
“എങ്കില്‍ നാം ഇവളെ വധുവായി സ്വീകരിക്കാം. പക്ഷേ രണ്ടുകാര്യംകൂടിയുണ്ട്. കേള്‍ക്കണം.”
“എന്താണാവോ അത്?” വാസുകി ചോദിച്ചു.
“എന്‍റെ ഭാര്യയായാലും ഇവളെ പോറ്റുന്ന ചുമതല നാം ഏറ്റെടുക്കുകയില്ല. മറ്റൊന്ന്, ഇവള്‍ ഒരിക്കലും ഒരു വാക്കുകൊണ്ടുപോലും എന്നെ എതിര്‍ക്കുകയോ എനിക്കിഷ്ടമില്ലാത്തകാര്യം ചെയ്യുകയോ അരുത്. അങ്ങനെവന്നാല്‍ അക്ഷണം ഞാനിവളെ ഉപേക്ഷിച്ചുപോകും.. ”
വാസുകി ജരത്കാരുവിന്‍റെ വ്യവസ്ഥകള്‍ എല്ലാം അംഗീകരിച്ചു. അങ്ങനെ വാസുകിയുടെ സഹോദരി ജരത്കാരു, ജരത്കാരുമുനിയുടെ സഹധര്‍മ്മിണിയായി. അത്ഭുതമാണു ഉണ്ടായത്. ഇത്തരത്തിലൊരു വ്യവസ്ഥയില്‍ ഒരു വിവാഹം നടക്കുയില്ലെന്നാണ് തോന്നിയത്. പക്ഷേ അതെല്ലാം വാസുകി കണ്ണടച്ച് അംഗീകരിച്ചിരിക്കുന്നു. അവിടയൊരു അനീതിയില്ലേ? വ്യാസഭഗവാന്‍ ഉരിയാടിയില്ല. ഇവിടെ പുരുഷന്‍ ഏകപക്ഷീയമായി വധു അല്ലെങ്കില്‍ ഭാര്യ എന്തുചെയ്യരുത് എന്നു വ്യവസ്ഥവെയ്ക്കുന്നു. സ്ത്രീയ്ക്കു ഇവിടെ ശബ്ദമില്ല. ഭാര്യാഭര്‍ത്താക്കന്മാർ ഹൃദയങ്ങളിലേക്കിടുന്ന പാലം ഒരിക്കലും ഒരു ഏകദിശാമര്‍ഗ്ഗമായിക്കൂടാ. അതിലൂടെ പരസ്പരവിനിമയം ഉണ്ടായാലേ അവരുടെ ദാമ്പത്യം വിജകരവും സന്തോഷകരവുമാകുകയുള്ളു. അതെന്തുമാകട്ടെ, ജരത്കാരുവിന്‍റെ പത്നിയായിരിക്കാന്‍ അവള്‍ വിസമ്മതിച്ചില്ലല്ലോ. ഇവിടെ ഈ ഭാര്യ, ഭര്‍ത്താവ് തന്‍റെ എല്ലാമാണെന്നു വിശ്വസിക്കുന്നവളാണ്. തന്‍റെ യജമാനാണ് അദ്ദേഹം എന്നു കരുതുന്നു. ഈവിധം ജീവിക്കുന്ന സ്ത്രീയോടെ (ഭാര്യയോടെ) പുരുഷന്‍ (ഭര്‍ത്താവ്) പെരുമാറുന്നത് മാന്യമായും കരുണയോടുമായിരിക്കണം. അല്ലെങ്കില്‍ അവരുടെ ദാമ്പത്യത്തില്‍ സംഭവിക്കുന്ന മുഴുവന്‍ താളപ്പിഴയ്ക്കും ഉത്തരവാദി അയാളായിരിക്കും. ജാരത്കാരുദമ്പതിമാരുടെ ജീവിതത്തില്‍ ഇനിയെന്തുസംഭിവിക്കുന്നുവെന്ന് അറിയാന്‍, വ്യാസഭഗവാന്‍ കാത്തുനിന്നിടത്തുത്തന്നെ തങ്ങുവാന്‍
തീരുമാനിച്ചു.
ജരത്കാരുമാരുടെ ദാമ്പത്യം സന്തോഷത്തോടെ മുന്നോട്ടു പോകുകയാണ്.ആശാന്‍റെ ഭാഷയില്‍ മാംസനിബന്ധമല്ലാത്ത രാഗം. എന്നാല്‍, അസ്ഥിശേഷരായ ആദമ്പതിമാരുടെ സ്വച്ഛജീവിതത്തിനുമീതെ -പ്രത്യേകിച്ച് മുനിപത്നിയുടെ മീതെ- ഏകപക്ഷീയമായ ഒരു വ്യവസ്ഥയുടെ കൂത്തുമൂര്‍ത്ത കുന്തം തൂങ്ങിക്കിടപ്പുണ്ട്. ജരത്കാരുപത്നിയ്ക്കു എപ്പോഴും അതിന്‍റെ ഭീഷണിയുടെ ഭാരവും അസ്വാതന്ത്ര്യവും ഉണ്ടെന്നു തോന്നി.ഭര്‍ത്താവുമായി ഇടപഴുകുമ്പോളെല്ലാം അത് ഒരു പിന്‍വിളിപോലെ മുഴങ്ങിനിന്നു. എങ്കിലും അത് ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റാന്‍ അവര്‍ക്കു ഏറെക്കുറെ കഴിഞ്ഞിരുന്നു.
ഒരുദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് മുനി, ഭാര്യയായ ജരത്കാരുവിന്‍റെ മടിയില്‍ തലവെച്ചുറങ്ങുകയാണ്. ഉറക്കം നീണ്ടുപോയി. അസ്തമയമായിട്ടും ഭര്‍ത്താവ് ഉണര്‍ന്നില്ല. ജരത്കാരു ഭര്‍ത്താവിനെ ഉണര്‍ത്താന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ അഹിതം ഭയന്ന് അവര്‍ അതിനു മടിയ്ക്കുകയാണ്. ആകെ ധര്‍മ്മസങ്കടത്തിലാണ് അവര്‍. വിവിധ
ചിന്തകളാല്‍ അവരുടെ ഉള്ളം അസ്വസ്ഥമായി. അദ്ദേഹത്തിനു സന്ധ്യാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ഇങ്ങനെ കിടന്നുറങ്ങിയാല്‍ സന്ധ്യാവന്ദനവും അഗ്നിഹോത്രവും മറ്റും മുടങ്ങും. ഉണര്‍ത്തിയാല്‍ അദ്ദേഹം കോപിക്കുമോ? ഉണര്‍ത്തിയില്ലെങ്കില്‍ അനുഷ്ഠാനങ്ങള്‍ മുടങ്ങും. അതു കുറ്റമാകും.. അപ്പോഴും അദ്ദേഹം കോപിക്കും.. ശപിക്കുമോ? അവര്‍ ചിന്തിച്ചു. എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുറെനേരം അങ്ങനെയിരുന്നു. ഒടുവില്‍ മറ്റെല്ലാംമറന്ന് മുനിയെ വിളിച്ചുണര്‍ത്താന്‍ത്തന്നെ അവര്‍ തീരുമാനിച്ചു.
“മഹാത്മാവേ അവിടുന്ന് എഴുന്നേറ്റാലും.. ഇതാ നേരം അന്തിയായിരിക്കുന്നു. അന്തിയുറക്കം പാടില്ലെന്നല്ലേ വിധി. ഇനിയുറങ്ങിയാല്‍ സന്ധ്യാവന്ദനം മുടങ്ങുമല്ലോ..” മുനിപത്നി സ്നേഹത്തോടും ഭയത്തോടും മെല്ലെവിളിച്ചു.
മുനി ഉറക്കത്തില്‍നിന്ന് ചാടീയെഴുന്നേറ്റു. മുഖം ദേഷ്യംകൊണ്ട് ചുവന്നു. അദ്ദേഹം ഗര്‍ജ്ജിച്ചു. ” ഹേ ജരത്കാരു, നീ എന്നെ നിന്ദിച്ചിരിക്കുന്നു. നീ മനഃപ്പൂര്‍വ്വം എനിക്ക് അഹിതം പ്രവര്‍ത്തിച്ചിരിക്കുന്നു. ഇനി നാം നിന്നോടൊപ്പമില്ല. പിരിയുകയാണ്.” മുനിപുറത്തേക്കു പോകാന്‍ ഭാവിച്ചു. മുനിപത്നി ഞെട്ടിത്തരിച്ചു നിന്നുപോയി. അവര്‍ക്കു ഒന്നും പറയാനായില്ല. എങ്കിലും ബദ്ധപ്പെട്ട് ജരത്കാരു ഭര്‍ത്താവിനോടു പറഞ്ഞു: “സ്വാമിന്‍ ഞാനെന്‍റെ ധര്‍മ്മാണ് അനുഷ്ഠിച്ചത്. അങ്ങയെ നിന്ദിച്ചതല്ല. ഭര്‍ത്താവിനെ അറിഞ്ഞുകൊണ്ട് പാപത്തിലേക്കു തള്ളിവിടാന്‍ ഏതൊരു പതിവ്രതയാണ് ആഗ്രഹിക്കുക? നേരംവൈകുകയാണ്. സൂര്യന്‍ അസ്തമിക്കുന്നതു കണ്ട്… ” “നിര്‍ത്തൂ, നീ വീണ്ടും നമ്മേ നിന്ദിക്കുന്നു. നാം ഉറങ്ങിക്കിടക്കുമ്പോള്‍ സൂര്യന്‍ അസ്തമിക്കുമെന്നോ? ഭര്‍ത്താവിന്‍റെ മഹത്ത്വം തിരിച്ചറിയാത്തവള്‍ പതിവ്രതയോ? നീ നമ്മേ ധിക്കരിച്ചിരിക്കുന്നു. മുമ്പേ നാം പറഞ്ഞ വ്യവസ്ഥ ലംഘിച്ചു. ഇക്കാര്യം നിന്‍റെ സഹോദരനും അറിയാം. ധര്‍മ്മങ്ങളില്‍ ഏറ്റവും വലുതാണ് സത്യം പാലിക്കുകയെന്നത്. നമുക്കുവാക്കുകള്‍ പാലിച്ചേ പറ്റൂ. ഞാന്‍ പോകുകയാണ്. ”
മുനിയുടെ കാല്ക്കല്‍വീണ് മുനിപത്നി കണ്ണീരോടെ പറഞ്ഞു: “ഒരു ഭാര്യ എന്ന നിലയില്‍ എനിക്കും ചില കടമകളില്ലേ സ്വാമിന്‍? അതുനടത്തുവാന്‍ അവളെ അനുവദിക്കേതു ഭര്‍ത്താവായ അങ്ങയുടെ ധര്‍മ്മമല്ലേ? സഹധര്‍മ്മിണിയെന്നനിലയില്‍ ഈയുള്ളവള്‍ അങ്ങയുടെ ധര്‍മ്മം മുടങ്ങാതിരിക്കുവാന്‍ ബാദ്ധ്യസ്ഥയല്ലേ? ധര്‍മ്മത്തില്‍നിന്നും
അണുവിടമാറാതെ അങ്ങയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വഴങ്ങിയാണ് ഈയുള്ളവള്‍ ഇതുവരെയും ജീവിച്ചത്. പിന്നെവിടെയാണ് ഞാന്‍ പിഴച്ചത്..?”
“ഭര്‍ത്താവിന്‍റെ വാക്കും പ്രവര്‍ത്തിയും പൊള്ളയായി പോകാതെ സൂക്ഷിക്കേണ്ട കടമകൂടി ഭാര്യയ്ക്കുണ്ട്. നാം മുമ്പേ പറഞ്ഞവ്യവസ്ഥ നമ്മള്‍ തമ്മില്‍ ചെയ്ത ഒരു പ്രതിജ്ഞയാണ്. അതു ലംഘിക്കുവാന്‍ നീ നമ്മേ നിര്‍ബ്ബന്ധിക്കുന്നത് ധര്‍മ്മമാണോ? അത് പിഴവല്ലേ? അതെനിക്ക് അനിഷ്ടമാണ്. ഭര്‍ത്താവ് സത്യംവിട്ടു ജീവിക്കുവാന്‍ നീ ആഗ്രഹിക്കുന്നോ? ” “പ്രഭോ എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ അങ്ങയുടെ കുലത്തിനും എന്‍റെ കുലത്തിനും ശ്രേയസ്സും സല്‍ഗതിയും വരണമെങ്കില്‍ എനിക്കു അങ്ങയില്‍നിന്നും ഒരു സന്തതിയെങ്കിലും ഉണ്ടാവണം . അതെന്‍റെ അവകാശമല്ലേ.. അതും തടയുന്നത് നീതിയോ ധര്‍മ്മമോ ആണോ? അതിനുപോലും കാത്തുനില്ക്കാതെ അങ്ങ് എന്നെ ഉപേക്ഷിക്കുന്നത് മഹാപാപമാണ്..! ഭാര്യയ്ക്കു ഭര്‍ത്താവില്‍നിന്നും ലഭിക്കേണ്ട പരിഗണനയും കാരുണ്യവും തടയുന്നത് നീതിയാണോ? ”
“എന്നില്‍നിന്നും നിനക്കു സന്തതിയുണ്ടാകുമെന്നതിനു സംശയം വേണ്ടാ. പക്ഷേസത്യംലംഘിച്ചു നാമിനി ഇവിടെ നില്ക്കുകയില്ല.. ഇനിയെല്ലാം നിന്‍റെ സഹോദരനോട് ചോദിക്കുക..” കാലില്‍വീണുകിടന്നു യാചിക്കുന്ന ജരത്ഗാരുവിനെ നിഷ്ക്കരുണം ഉപേഷിച്ച് അവിടം വിട്ടിറങ്ങിയ മുനിയേയും മുനിയുടെ കോപത്തിനു കാരണമായ കാര്യത്തിലെ തെറ്റുംശരിയും ഏതെന്നു തിരിച്ചറിയാതെ കണ്ണീരോടെ പിന്തുടര്‍ന്നുവന്ന ജരത്കാരുപത്നിയേയുമാണ് മുമ്പ് കണ്ടത്.
മുനിപോയ ദിക്കിലേക്കു നോക്കിനില്‍ക്കുന്ന അവര്‍ ആലോചനയിലാണെന്നു മനസ്സിലായി. ‘അദ്ദേഹം ഉന്നയിച്ച ന്യായമുഖങ്ങള്‍ക്കു തന്‍റെ ജീവിതത്തിനെക്കാള്‍ വിലയുണ്ടോ. ഭര്‍ത്താവിന്‍റെ സത്യപാലനം ഭാര്യയുടെ ജീവിതം ഇരുളിലേക്കു തള്ളിവിട്ടുകൊണ്ടാവണോ? ഇങ്ങനെയൊരു വ്യവസ്ഥയില്‍ ആര്‍ക്കെങ്കിലും ദാമ്പത്യജീവിതം തുടങ്ങാനാകുമോ? അദ്ദേഹത്തിന്‍റെ വ്യവസ്ഥകള്‍ മുഴുവന്‍ തന്‍റെ സഹോദരന്‍ അംഗീകരിച്ചതിനു പിന്നില്‍ ഒരു ലാക്കുണ്ടായിരുന്നു. സര്‍പ്പവംശം ആകെ അഗ്നിയില്‍പ്പതിച്ചു നശിച്ചുപോകുമെന്ന കദ്രുമാതാവിന്‍റെ ശാപത്തില്‍നിന്ന് വംശത്തെ രക്ഷിക്കുവാന്‍ വേണ്ടിയാണ് സഹോദരന്‍ തന്നെ അദ്ദേഹത്തിനു ദാനമായി നല്കിയത്. തന്‍റെ ക്ഷേമത്തിനുവേണ്ടി ആയിരുന്നില്ല അത്. തന്‍റെ സന്തോഷവും ഭാവിയും സുരക്ഷിതത്ത്വവും ആരും കാര്യമായിഎടുത്തിട്ടില്ല. ഇവിടെ വ്യവസ്ഥകളും നീക്കുപോക്കുകളും എല്ലാം പുരുഷന്‍റെ സൗകര്യത്തിനൊത്തുള്ളതാണ്. അവരുടെ സ്വാര്‍ത്ഥതാല്പര്യമാണ് മുഖ്യം.
ജരത്കാരു സഹോദരനെ സമീപിച്ചു. മുനി തന്നെ ഉപേക്ഷിച്ചുപോയ കാര്യങ്ങള്‍ കണ്ണീരോടെ വിവരിച്ചു. സര്‍പ്പശ്രേഷ്ഠനായ വാസുകി തന്‍റെ സഹോദരിയെ വഴിയാധാരമാക്കി മുനിയോടെ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ കാത്തുനിന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വാസുകി പറഞ്ഞു: ” ഭഗിനീ, നാം നിന്നെ ആ മഹാമുനിയ്ക്കു ദാനം നല്കിയതിന്‍റെ കാരണം എന്തെന്നു നിനക്കറിയാമോ? എന്‍റെവംശത്തിന്‍റെ മുഴുവന്‍ രക്ഷ അദ്ദേഹത്തില്‍നിന്ന് നിനക്കുണ്ടാകുന്ന പുത്രനിലാണ്. അദ്ദേഹം പോയതിലല്ല എനിക്കു ഉല്‍ക്കണ്ഠ, നീ ഗര്‍ഭിണിയാണോ എന്നതിലാണ്. ഇല്ലെങ്കില്‍..”
വാസുകി ആശങ്കയോടെ സഹോദരിയെ നോക്കി. എന്തൊരു സഹോദരന്‍! അത്ഭുതവും അവജ്ഞയമാണു തോന്നിയത്. സ്വന്തം സഹോദരിക്കുനേരിട്ട ദുര്‍ഗ്ഗതിയെപറ്റിയല്ല അയാള്‍ക്കു കുണ്ഠിതം.
ജരത്കാരു മിണ്ടാതെ നില്‍ക്കുകയാണ്. അവരുടെ മനസ്സിലെ സംഘട്ടനങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ‘ഭര്‍ത്താവാല്‍ ഉപേക്ഷിക്കപ്പെട്ട തന്നെക്കുറിച്ചല്ല ജ്യേഷ്ഠനു ആധി. വംശപാലനമാണ്. പുരുഷന്മാരെല്ലാം ഒരുപോലെയാണ്.’
“അതെ..” ഉള്ളിലെരിയുന്ന അഗ്നിയൊളിച്ചുക്കൊാണ് അവര്‍ മറുപടിപറഞ്ഞതെന്ന് അയാള്‍ മനസ്സിലായില്ല. വാസുകി സഹോദരിയുടെ നെറുകയില്‍ മുകര്‍ന്നു. അവളെ അതീവശ്രദ്ധയോടെ പരിപാലിക്കാന്‍ വേണ്ടതെല്ലാം ഏര്‍പ്പാടാക്കി.
‘തന്നോടുള്ള വാത്സല്യമോ പരിഗണനയോ അല്ല ഇതൊന്നും. കുലത്തിനു സംരക്ഷകനായി തന്‍റെ ഉദരത്തില്‍നിന്ന് പിറക്കുവാന്‍ പോകുന്നവനുവേണ്ടിമാത്രമുള്ള പരിഗണനയാണ് ഇതെല്ലാം.’
ആമുഖത്ത് വിരിഞ്ഞ മങ്ങിയചിരിയില്‍ ആക്ഷേപത്തിന്‍റേതായ ഒരായിരം അമ്പുകളുണ്ടായിരുന്നു. ഭര്‍ത്താവ് നിഷ്കരുണം ഉപേക്ഷിച്ച ഒരു ഭാര്യയുടെ ഉള്ളം ആരും കാണുന്നില്ല..
ഒരു തെറ്റുംചെയ്യാതെ ഭര്‍ത്താവാല്‍ ത്യക്തയായി തിരിച്ചെത്തിയ നിരാലംബയും ഗര്‍ഭിണിയുമായ സഹോദരിയെകുറിച്ച് ആര്‍ക്കും ആകുലതയില്ല.. ജരത്കാരു എന്ന സ്ത്രീയെ എന്തേ ആരും കാണുന്നില്ല?
‘സത്യപാലനത്തിന്‍റെ പേരില്‍ തന്നെ ഉപേക്ഷിച്ചുപോയ മുനി ആര്‍ക്കോവേണ്ടി കുറെനാള്‍ ഒരു ഭര്‍ത്താവിന്‍റെവേഷം കെട്ടിയാതാണ്.. ദാനധര്‍മ്മാദികള്‍കൊും തപോബലംകൊണ്ടും നേടുന്ന പുണ്യങ്ങളെല്ലാം സന്തതികളില്ലെങ്കില്‍ വിഫലമാകുമെന്ന അറിവായിരിക്കാം മുനിയെ ഒരു ദാമ്പത്യത്തിനു പ്രേരിപ്പിച്ചത്. തന്‍റെ പൂര്‍വ്വികര്‍ കിടന്നതുപോലെ പുല്‍ത്തുമ്പില്‍ ഞാന്നുകിടക്കേണ്ടിവരുമെന്നും കരുതിക്കാണും.. എന്തായാലും മുനി തപസ്സിനു പുറമേ സന്താനോല്പാദനംകൂടി നിര്‍വ്വഹിച്ച്, തനിക്കു ഇഹത്തിനുപിന്നാലെ വരാന്‍പോകുന്ന ലോകത്തും സ്വച്ഛത ഉറപ്പുവരുത്തിയിരിക്കുന്നു. സഹോദരിയെ അവകാശപ്പെട്ടവനു ദാനംചെയ്യതുവെന്നു വിചാരിക്കുന്ന സഹോദരനും വ്യത്യസ്തനല്ല. കുലപാലനത്തിനുവേണ്ട് ഒരു രക്ഷകനെ മാത്രമാണ് അദ്ദേഹത്തിനും ലക്ഷ്യം.’ വാസുകിയുടെ സഹോദരിയുടെ ചിന്തകള്‍ ദൂരെനിന്ന് അളക്കാനാവുന്നുണ്ട്.
ഇവിടെ ആരുടെ ന്യായത്തിനാണ് കൂടുതല്‍ ബലം? മുനി ഉന്നയിക്കുന്ന വാദഗതിയ്ക്കോ. അതോ വംശരക്ഷ എന്ന സഹോദരന്‍റെ നേതൃധര്‍മ്മമോ? അതോ ഒന്നും മിണ്ടാതെയെല്ലാം ഉള്ളിലൊതുക്കുന്ന മുനിപത്നിയുടേതോ? ഒത്തിരി ചോദ്യങ്ങളും പൊരുത്തക്കേടുകളും പ്രഹേളികളും അവശേഷപ്പിച്ചിട്ടാണല്ലോ ഭാരതകര്‍ത്താവ് മുന്നില്‍ നടക്കുന്നത് എന്നു തോന്നി. ചിന്തിക്കാം. ജരത്കാരുവിനൊപ്പം നടക്കാം. അവരുടെ ഓരോനിശ്വാസത്തിലുമുാകും അനീതിക്കെതിരെയുള്ളനിശ്ശബ്ദമായ പ്രതിഷേധവും ചോദ്യവുമൊക്കെ എന്നുതോന്നി.
‘സഹോദരന്‍റെ സമൃദ്ധിയുടെ ഭാഗമായ പരിചരണമല്ല താന്‍ കൊതിക്കുന്നത്. ഭാര്യ ഭര്‍ത്താവിന്‍റെ സാമീപ്യം ഏറെ ആഗ്രഹിക്കുന്നത് അവള്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ്… ആ സാമീപ്യമാണ് തനിക്കുവേത്. പക്ഷേ അതറിയാന്‍ ആരുണ്ട്..?’
ഇവിടെ വനാന്തരത്തിൽ അവളെ ഏകാകിനിയാക്കി മുനി ഇറങ്ങിപ്പോകുന്നു. കുറഞ്ഞപക്ഷം ദുര്‍ബലയും ഗര്‍ഭിണിയുമായ ഭാര്യയെ അവളുടെ ഏകബന്ധുവായ വാസുകിയുടെ അടുത്തെത്തിയ്ക്കാനെങ്കിലും ഭര്‍ത്താവ് തയ്യാറായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.നാഗലോകത്ത് വാസുകിയുടെ കൊട്ടാരത്തില്‍ അദ്ദേഹം ഏര്‍പ്പാടാക്കിയ സകലസുഖത്തിലും മുഴുകി ജരത്കാരുവിനു എല്ലാംമറന്നു ജീവിക്കാനാകുമോ? അല്ലെങ്കില്‍ അവളുടെ ഹൃദയത്തിന്‍റെ വ്യഥകളെ സഹോദരന്‍ വാസുകിയ്ക്ക്, വംശരക്ഷകനെന്ന് തീവ്രാഭിലാഷകൊണ്ടു ജയിക്കുവാനാകുമോ? സ്ത്രീയുടെ ഇഷ്ടാനിഷ്ടനിഷ്ടങ്ങള്‍ക്കു പ്രസക്തിയൊന്നുമില്ലാത്ത കുടുംബജീവിതം സന്തോഷനിര്‍ഭരമാകുമോ എന്നൊക്കെ ചിന്തിച്ചുപോകുന്നു.
സഹോദരിയെ വിട്ടുപോയ മുനിയെ തിരികെകൊുവരാന്‍ പ്രയാസമാണെന്നുമാത്രമല്ല, അദ്ദേഹത്തിന്‍റെ ശാപം വംശത്തിനുമീതെ വന്നുഭവിക്കുമെന്നുകൂടി വാസുകി ഭയപ്പെടുന്നു. അതുകൊണ്ട് അദ്ദേഹം സഹോദരിയുടെ സന്തോഷത്തിനായി ഒരുശ്രമംപോലും നടത്താതെ ഒഴിഞ്ഞുമാറുകയാണ്. ഒരു പെണ്ണിന്‍റെ വ്യക്തിത്ത്വത്തിനും ജീവിതത്തിനും സന്തോഷത്തിനും ഇതിനൊക്കെ ഉപരിയായി ഒരുവിലയും ഇല്ലേ എന്നാലോചിച്ചു പോകുകയാണ്. അപ്പോഴും വ്യാസമഹര്‍ഷിയുടെ മുഖത്ത് ഒരു നേര്‍ത്തചിരി മാത്രമായിരുന്നു കണ്ടത്. ‘അവള്‍ ജരത്കാരു എങ്ങും ഒരിടത്തും ഒരു പരിഭവവും എതിര്‍പ്പും പറഞ്ഞുകാണുന്നില്ല. തനിക്കു പറയാനുള്ളതും തനിക്കു ലഭിക്കേത് ലഭിക്കാതെ വരുമ്പോഴും
ശബ്ദമുയര്‍ത്തണം, അല്ലെങ്കില്‍ അവഗണിക്കപ്പെട്ടുത്തന്നെപോകും’- എന്നൊരു മറുപടി ഭാരതകര്‍ത്താവില്‍നിന്നും കേട്ടതായി തോന്നി. അതു ശരിയാണെന്നു തോന്നാതിരുന്നില്ല. ഭര്‍ത്താവു അവരുടെമേല്‍ കുറ്റമാരോപിച്ചു പിരിയുമ്പോള്‍പോലും ആ ശബ്ദം ശക്തിയോടെ പൊങ്ങിയില്ല. ന്യായാന്യായവിസ്താരത്തിനു മുതിര്‍ന്നുമില്ല. പകരം താന്‍ അനുഷ്ഠിച്ച സഹധര്‍മ്മത്തിന്‍റെ യുക്തിയെപറ്റി ഒന്നോര്‍മ്മിക്കുക മാത്രമേ ചെയ്യതതുള്ളു. മുനിയുടെ വിചിത്രമായവ്യവസ്ഥകള്‍ അംഗീകരിച്ച് സഹോദരന്‍ അവരെ മുനിയ്ക്ക് ദാനംചെയ്യുമ്പോഴും അവള്‍ ഉരിയാടിയില്ല; എതിര്‍ത്തില്ല.
ജരത്കാരു ഭര്‍ത്താവിനാല്‍ ബഹിഷ്കൃതയായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ സഹോദരന്‍റെഭാഗത്തുനിന്നും സാന്ത്വനത്തിന്‍റേതായ ഒരു വാക്കുമുായില്ല. ആ അന്യായത്തിനെതിരെയും ഒന്നുമുായില്ല. അപ്പോഴും അവര്‍ പ്രതിഷേധിച്ചില്ല. അതൊരു തെറ്റാണെന്നു ധരിക്കാനകുമോ? അതിനുള്ള കരുത്ത് അവര്‍ക്കില്ലെന്നു കരുതി, നാവില്ലാത്തവര്‍ക്കുവേണ്ട് ആരെങ്കിലുമൊക്കെ സംസാരിക്കേണ്ട്രുന്നു. അതല്ലേ ശരി? അപ്പോഴും വ്യാസഭഗവാന്‍ മന്ദഹസിക്കുന്നതായി തോന്നി. ‘മുന്നോട്ടു പോകുക നിനക്കു ഉത്തരം കിട്ടും’ എന്നൊരു സൂചന അതിലുായിരുന്നോ?
കരുത്തുള്ളവരുടെ നീതിശാസ്ത്രത്തിനു മുമ്പില്‍, പുറങ്കാല്‍കൊണ്ട് തൊഴിയേറ്റുവീണു തേങ്ങിക്കരഞ്ഞു കിടക്കേവരാണോ സ്ത്രീ; ഭാര്യ? നീതിയ്ക്കു ആണ്‍പെണ്‍ വ്യത്യാസമുണ്ടോ?
ജരത്കാരു ഇന്നു മഹാഭാരതത്തിലെ ആദിപര്‍വ്വത്തിലല്ല ഉള്ളത്. നാം ജീവിക്കുന്നഈ മഹാവനത്തിലാണ്. വംശപാലകരുടെ ഇച്ഛക്കൊത്ത് ഏകപക്ഷീയമായ വ്യവസ്ഥകളുടെ ചരടില്‍ ബന്ധിതരായി നോവുകള്‍ പുറത്തുപറയാതെ അവര്‍ ബന്ധുരമായ സ്വര്‍ണ്ണക്കൂടുകളില്‍ ജീവിക്കുന്നു.