സ്വച്ഛഭാരത മണ്ണിൽ പുലർകാലെ അപ്പിയിട്ടവർക്ക് പൊലീസിന്റെ അടിയും പിഴയും.

ഔറംഗബാദിലെ സില്ലോടിലാണ് 23 പേരെ, റൂറൽ പൊലീസ് തൂറുന്നതിനിടയിൽ പിടിച്ചു കൊണ്ട് പോയത്. മഹാരാഷ്ട്ര പൊലീസ് ആക്ട് 115-ാം വകുപ്പുസരിച്ച്,  പൊലീസിവരെ  അടിച്ചു. കോടതിയിൽ ഹാജരാക്കിയ തൂറൽ കുറ്റവാളികൾക്ക്  കോടതി 400 രൂപ പിഴ വിധിച്ച് വിട്ടയച്ചു. ആദ്യത്തെ പ്രാവശ്യമായതിനാലാണ് ഈ ഔദാര്യമെന്നും ഇനി സ്വച്ഛ ഭാരത മണ്ണിൽ തൂറിയാൽ ഇതൊന്നുമായിരിക്കില്ല ശിക്ഷ എന്നും കോടതി കുറ്റവാളികൾക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളിൽ 52.1% പേരും ഇപ്പോഴും പരസ്യമായി മലവിസർജ്ജനം നടത്തുന്ന രാജ്യമാണ് ഇന്ത്യ. അതായത് 52.1% ഗ്രാമീണരും തൂറൽ കുറ്റവാളികളാണ് എന്നർത്ഥം. നിയമമനുസരിച്ച് അടി കിട്ടും. പിഴയും കിട്ടും.

2019 ഒക്ടോബർ 2 ന്  സ്വച്ഛ ഭാരത മിഷൻ ഫലപ്രാപ്തിയിലെത്തിക്കാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ ശ്രമത്തിന്റെ  ഭാഗമായി, ശുഷ്കാന്തി കൂടിയ പൊലീസുകാർ ഇനിയെത്ര പേരുടെ മലവും ചന്തിയും പരിശോധിച്ച് തെളിവ് ശേഖരിക്കുമെന്നും  അറസ്റ്റ് ചെയ്യുമെന്നും വഴിയേ അറിയാം.

സ്വച്ഛ ഭാരതത്തിൽ ഇവർക്കെല്ലാം തൂറാൻ കക്കൂസുണ്ടോ എന്നും കഴുകാൻ വെള്ളമുണ്ടോ എന്നൊന്നും ചോദിക്കരുത്. ഇല്ല എന്നു തന്നെയാണ് കണക്കുകൾ. ഗ്രാമങ്ങളിൽ 45.3% വീടുകളിലും നഗരങ്ങളിൽ 88.8% വീടുകളിലുമാണ് കക്കൂസുള്ളത്. പൊതു കക്കൂസുകളും ഉണ്ട്. പക്ഷേ ഇവയെല്ലാം വേണ്ട വിധം പ്രവർത്തിക്കുന്നുണ്ടോ? വൃത്തിയായി സൂക്ഷിക്കാൻ വെള്ളമുണ്ടോ എന്നന്വേഷിച്ചാൽ ഇല്ല എന്ന് സർക്കാർ കണക്കുകൾ തന്നെ തെളിവു തരും.

കക്കൂസ് കെട്ടിടങ്ങൾ പണിതു കൂട്ടിയതുകൊണ്ടോ വഴിയരികിൽ അപ്പിയിടുന്നവരെ അറസ്റ്റ് ചെയ്ത് അടികൊടുത്തുകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. അൽപ്പം സങ്കീർണമാണ്.

ഏറ്റവും പ്രധാനവും അനുഭാവപൂർവ്വം പരിഗണിക്കേണ്ടതും ( പരിഗണിക്കാതിരിക്കുന്നതും) ആയ വസ്തുത ഇതൊരു ശീലമാണ് എന്നതാണ്. തലമുറകളായി ശീലിച്ചു വരുന്ന ഒരു കാര്യത്തെ അടി കൊടുത്തും പിഴയീടാക്കിയും തിരുത്താം എന്ന അബദ്ധ ധാരണ  സർക്കാർ സംവിധാനങ്ങൾ മാറ്റണം. പറമ്പുകളിലും  വഴിയരികിലുമൊക്കെ സ്വസ്ഥവും സമാധാനവുമായിരുന്ന് അപ്പിയിടുന്നവർ കാലങ്ങളായി അനുഭവിക്കുന്ന സ്വച്ഛതയെ മറികടക്കാൻ കക്കൂസിന്റെ നാലു ചുവർ മറവിന്റേയോ മിനുങ്ങുന്ന ക്ലോസറ്റുകളുടേയോ പ്രലോഭനത്തിന് കഴിയുന്നില്ല എന്നാണ് സർവ്വേകൾ. അപ്പോൾ വേണ്ടത് ബോധവൽക്കരണമാണ്. ആ ബോധവൽക്കരണം ദൂരദർശൻ നിലവാരത്തിലുളള ടെലിവിഷൻ പരസ്യങ്ങളിലൂടെ നേടാൻ പറ്റില്ല. മറിച്ച് വ്യക്തിതലത്തിൽത്തന്നെ നടത്തണം. പരസ്യത്തിനും പ്രസംഗത്തിനും കെട്ടിട നിർമാണത്തിനുമല്ല ഫണ്ട് ചെലവഴിക്കേണ്ടത്. അത് ബോധവൽക്കരണത്തിനു തന്നെയാണ്. ആദ്യം മണ്ണൊരുക്കണം. എന്നിട്ടേ മണ്ണിൽ സാധിക്കരുത് എന്ന് പറഞ്ഞാൽ മനസ്സിലാവൂ.

അല്ലാതെ വഴിയിൽ തൂറുന്നവരെയൊക്കെ അറസ്റ്റു ചെയ്തും അടിച്ചും സ്വച്ഛ ഭാരതം നിർമിക്കാനിറങ്ങിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപ്പിയിട്ട് തോൽപ്പിക്കും ഗ്രാമീണ ഇന്ത്യ.