ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്തു

കേരള ലോ അക്കാദമി ലോ കോളെജ് പ്രന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്തു. ഇന്ന് ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് നടപടി കൈക്കൊണ്ടത്. അഞ്ച് വര്‍ഷത്തേക്കാണ് ലക്ഷ്മി നായരെ ഡീബാര്‍ ചെയ്തിരിക്കുന്നത്. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡീബാര്‍ ചെയ്തിരിക്കുന്നത്.

ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായരുടെ പരീക്ഷാ ഫലങ്ങള്‍ പുന:പ്പരിശോധിക്കാനും ഹോസ്റ്റലിലെ ക്യാമറകള്‍ പുന:ക്രമീകരിക്കും സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ചു. ക്യാമറകള്‍ മാറ്റിസ്ഥാപിച്ച ശേഷം സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ സിന്‍ഡിക്കേറ്റ് യോഗം നിയമിച്ചു.

അതേസമയം, ലക്ഷ്മി നായര്‍ക്കെതിരായ ഉപസമിതി റിപ്പോര്‍ട്ടില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തീരുമാനം സര്‍ക്കാരിന് വിടാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധാരണയായി. സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് ഈ നടപടി. രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് വോട്ടെടുപ്പിലൂടെ തീരുമാനം കൈക്കൊണ്ടത്. പ്രമേയത്തെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സിപിഐ അംഗവും എതിര്‍ത്തു. ഒരു കോണ്‍ഗ്രസ് അംഗവും ലീഗ് അംഗവും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ നീക്കുക, കോളെജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച തീരുമാനം എന്നിവയാണ് സര്‍ക്കാരിന് വിട്ടത്. അതേസമയം, സിന്‍ഡിക്കേറ്റിന്റെ പ്രമേയത്തില്‍ കൃത്യമായ നടപടി നിര്‍ദ്ദേശിക്കുന്നില്ല. ഉചിതമായ നടപടി വേണമെന്ന് മാത്രമാണ് പ്രമേയത്തില്‍ പറയുന്നത്.

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന നിലപാടാണ് സിപിഐഎം കൈക്കൊണ്ടത്. അക്കാദമിക്ക് നല്‍കിയ അധിക ഭൂമി പിടിച്ചെടുക്കണമെന്ന് യുഡിഎഫ്, സിപിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ തെളിവെടുപ്പിനെ തുടര്‍ന്നാണ് നടപടി ശുപാര്‍ശ ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഉപസമിതി റിപ്പോര്‍ട്ടും.