അവിശ്വാസികള്‍ പലരും രഹസ്യമായി പ്രാര്‍ത്ഥനയും ധ്യാനവും നടത്തുന്നവര്‍: സെന്‍കുമാര്‍

ആലപ്പുഴ: ഈശ്വരനില്ലായെന്ന് പറഞ്ഞ് നടക്കുന്ന ചില വേന്ദ്രന്‍മാര്‍ പുറമേ കാറല്‍മാര്‍ക്സിനെ മാത്രം വിശ്വസിച്ച് നടക്കുകയും ഒപ്പം പ്രാര്‍ത്ഥനയും ധ്യാനവുമായി സജീവമായി മുന്നോട്ട് പോകുന്നവരാണെന്നും മുന്‍ ഡിജിപി ടി. പി. സെന്‍കുമാര്‍. എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇത്തരം ചിലരെ തനിക്ക് വ്യക്തമായി അറിയാം. പേര് പുറത്ത് പറയരുതെന്ന് ഉറപ്പ് നല്‍കിയത് കൊണ്ട് പറയുന്നില്ല. തല നന്നായാലേ ബാക്കിയുള്ളതൊക്കെ നന്നാകൂവെന്ന് അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മനസ്സിലാക്കണം. ഇവിടെ ഒന്നും ചോദ്യം ചെയ്യുന്നവരെ ആവശ്യമില്ല. അനുസരിക്കുന്നവരെ മതിയെന്ന നിലയാണ്. കേരളത്തില്‍ സമീപകാലത്ത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സമരങ്ങളൊന്നും വേണ്ടത്ര ഫലമുള്ള കാര്യങ്ങള്‍ക്കല്ല. സാധ്യതകളില്ലാത്ത തൊഴില്‍ അവസരങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള സമരങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.