മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പ്: സഫ്രഗന്‍ മെത്രാപൊലീത്ത സഭാ കൗണ്‍സില്‍ ബഹിഷ്‌കരിച്ചു

ബിഷപ്പുമാര്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നു

അനുനയ ശ്രമങ്ങള്‍ പാളി, സഫ്രഗന്‍ മെത്രാപ്പോലീത്ത പ്രതിനിധി മണ്ഡലം ബഹിഷ്കരിച്ചേക്കും

മാര്‍ത്തോമ്മ മെത്രാപൊലീത്തയുടെ ചില സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സംഘടിത ശ്രമം സജീവം

-ഹരി ഇലന്തൂര്‍-

ബിഷപ്പ്മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിമിത്തം മാര്‍ത്തോമ സഭയില്‍ ചേരിതിരിവ് ശക്തമാകുന്നു. പുതിയ ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കടുത്ത വിയോജിപ്പ് വീണ്ടും വ്യക്തമാക്കിക്കൊണ്ട് സഭയിലെ രണ്ടാമനും സഫ്രഗന്‍ മെത്രാപൊലീത്തയുമായ ഡോ. ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് മെത്രാപൊലീത്ത കഴിഞ്ഞദിവസം ചേര്‍ന്ന സഭാ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു. സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്തയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതമൂലമാണ് അദ്ദേഹം സഭാകൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നറിയുന്നു.

നവംബര്‍ 29ന് തിരുവല്ലയില്‍ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡില്‍ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സഫ്രഗന്‍ മെത്രാപൊലീത്ത ആവശ്യപ്പെട്ടെങ്കിലും ജോസഫ് മാര്‍ത്തോമ ഈ ആവശ്യം പരിഗണിക്കാന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് സഫ്രഗന്‍ മെത്രാപൊലീത്ത ബോര്‍ഡില്‍ നിന്ന് ഇറങ്ങി പോവുകയും പിറ്റേന്ന് രാജി സമര്‍പ്പിക്കുകയുമായിരുന്നു. ബിഷപ്പ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട റവ. ജേക്കബ് ചെറിയാന്‍ എന്ന മുതിര്‍ന്ന വൈദികന്‍ പത്തനംതിട്ട- നെല്ലിക്കാല മാര്‍ത്തോമാ പളളിയില്‍ ഒക്ടോബര്‍ 16ന് നടന്ന ആരാധനയില്‍ കുര്‍ബാന കുപ്പായം (കാപ്പ) ധരിക്കാതെ കുര്‍ബാന അനുഷ്ടിച്ചു എന്ന ബിഷപ്പ്‌സ് നോമിനേഷന്‍ ബോര്‍ഡിലെ ഒരംഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നേ ദിവസം ആ പള്ളിയിലുണ്ടായിരുന്ന മറ്റ് രണ്ട് ബോര്‍ഡ് അംഗങ്ങള്‍ ഇക്കാര്യം നിഷേധിക്കുകയും ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും തള്ളിക്കളഞ്ഞ് കാപ്പ ധരിച്ചില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതോടെ ജേക്കബ് ചെറിയാന്‍ എന്ന വൈദികന്‍ ബിഷപ്പ് സെലക്ഷന്‍ പ്രക്രീയയില്‍ നിന്ന് പുറത്തായി. വ്യാജ റിപ്പോര്‍ട്ട് സ്വീകരിച്ച് ഉത്തമനായ ഒരു വൈദികനെ ബിഷപ്പ് നിയമനപ്രക്രീയയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നോമിനേഷന്‍ ബോര്‍ഡ് അംഗങ്ങളായ സാബു അലക്‌സ്, റവ.എ.റ്റി.സഖറിയ, ജേക്കബ് ജോണ്‍ എന്നിവര്‍ ബോര്‍ഡില്‍ നിന്നു രാജി വെച്ചു.

എന്നാല്‍ ഇവരുടെ രാജി ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത  സ്വീകരിച്ചില്ല. അവരുടെ അസാന്നിധ്യം അവധിയായി പരിഗണിച്ചു. എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സഭാപ്രതിനിധി മണ്ഡലമാണെന്നും അതില്‍ നിന്നുള്ള രാജി സ്വീകരിക്കാന്‍ തനിക്ക് അധികാരമില്ലെന്നുമാണ് മെത്രാപൊലീത്തയുടെ നിലപാട്. ബോര്‍ഡിന്റെ നാമനിര്‍ദ്ദേശം സഭാ കൗണ്‍സില്‍ അംഗീകരിച്ചതോടെ 75% വീതം വോട്ട് ഉറപ്പാക്കുകയാണ് മെത്രാപ്പോലീത്തയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും ദൗത്യം.

പുതിയ ബിഷപ്പ്മാരുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 28, 29 തീയതികളില്‍ ചേരുന്ന പ്രത്യേക സഭാ പ്രതിനിധി മണ്ഡലം യോഗത്തില്‍ നടത്താന്‍ സഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് നാമനിര്‍ദ്ദേശം ചെയ്ത നാലുപേരുടെ പട്ടിക കൗണ്‍സില്‍ അംഗീകരിച്ചു. റവ.ഡോ.പി.ജി.ജോര്‍ജ്, റവ.സാജു.സി.പാപ്പച്ചന്‍, ഡോ.ജോസഫ് ഡാനിയല്‍, ഡോ.മോത്തി വര്‍ക്കി എന്നീ വൈദികരെയാണ് ബോര്‍ഡ് നാമനിര്‍ദേശം ചെയ്തിരുന്നത്. നിലവിലുള്ള പ്രതിനിധി മണ്ഡലമാണ് പുതിയ മെത്രാന്‍മാരെ തെരഞ്ഞെടുക്കുക. അതിന്റെ കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കും. പുതിയ മണ്ഡലം അംഗങ്ങളെ മാര്‍ച്ച് 31-നകം തെരഞ്ഞെടുക്കണമെന്ന് മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സഭാപ്രതിനിധി മണ്ഡലത്തില്‍ വൈദികരുടെയും അല്മായരുടെയും വെവ്വേറെ മണ്ഡലങ്ങളുണ്ട്. രണ്ടു വിഭാഗത്തില്‍ നിന്നും 75% വോട്ട് ലഭിക്കുന്നവര്‍ മാത്രമാണ് എപ്പിസ്‌കോപ്പയായി തെരഞ്ഞെടുക്കപ്പെടുക. നാല് മെത്രാന്‍മാരെ പുതുതായി വാഴിക്കാനാണ് മണ്ഡലത്തിന്റെ തീരുമാനം. നാലുപേരുടെ ചുരുക്കപ്പട്ടിക മാത്രമേ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുമുള്ളു.  ചില വൈദികരെ തോല്‍പ്പിക്കാനുള്ള സംഘടിത നീക്കം വിമതരുടെ ഭാഗത്ത് നിന്ന് നടക്കുന്നതായാണ് അറിയുന്നത്. സഫ്രഗന്‍ മെത്രാപൊലീത്തയെ അനുനയിപ്പിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും മാര്‍ത്തോമ മെത്രാപൊലീത്തയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഇനിയും ഉണ്ടായിട്ടില്ല.

മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ദി വൈഫൈ റിപ്പോര്‍ട്ടര്‍ വാര്‍ത്തകള്‍ താഴെ വായിക്കാം…. 

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: എപ്പിസ്‌കോപ്പല്‍ നിയമന ബോര്‍ഡില്‍ നിന്ന് വീണ്ടും രാജി

മാര്‍ത്തോമ്മാസഭയില്‍ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടികള്‍ വിവാദത്തില്‍

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പ് തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് ജേക്കബ് ചെറിയാന്‍ അച്ചന്‍

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിഭീഷണി മുഴക്കി

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം; സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിവെച്ചു 

മാര്‍ത്തോമ്മാ ബിഷപ്പ് തെരഞ്ഞെടുപ്പ് പൊട്ടിത്തെറിയിലേക്ക്; ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: രാജി നമ്പര്‍ 4