ചന്ദനശ്ശേരില്‍ മാത്യൂ ജേക്കബ് അന്തരിച്ചു

ബിജു ചെറിയാന്‍

പിറവം-മണീട് ചന്ദനശ്ശേരില്‍ കുടുംബാംഗം ശ്രീ.മാത്യൂ ജേക്കബ് (72) ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച അന്തരിച്ചു. രോഗാവസ്ഥയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പെന്‍സില്‍വേലിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പൊതുദര്‍ശനവും സംസ്‌ക്കാരവും വെള്ളി, ശനി ദിവസങ്ങളില്‍(16, 17) ഫിലഡല്‍ഫിയയില്‍ നടക്കും. പത്തനംതിട്ട വയലത്തല കൊച്ചു വെള്ളാരത്ത് കുടുംബാംഗം ശ്രീമതി. ലീലാമ്മ ജേക്കബ് ആണ് സഹധര്‍മ്മിണി. ലിജി ജോബിന്‍(ഡാളസ്), ലിന്‍സി ലക്‌സ് ഗുരുസ്വാമി(ന്യൂജേഴ്‌സി), ജെയ്‌മോന്‍ ജേക്കബ് (ഫിലഡല്‍ഫിയ) എന്നിവര്‍ മക്കളാണ്. ജോബിന്‍ ജോണ്‍(ഡാളസ്), ലക്‌സ് ഗുരുസ്വാമി(ന്യൂജേഴ്‌സി), സോമി ജേക്കബ്(ഫിലഡല്‍ഫിയ) എന്നിവര്‍ ജാമാതാക്കളും നഥാനിയേല്‍, ഡാനിയേല്‍, അബീഗയില്‍, ലിയോ, ഒലീവിയ എന്നിവര്‍ കൊച്ചുമക്കളുമാണ്. ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സജീവ അംഗമാണ്.

മണീട് ചന്ദനശ്ശേരില്‍ ചാക്കോ മാത്യൂ-മറിയാമ്മ ദമ്പതികളുടെ പുത്രനായ ശ്രീ.മാത്യു ജേക്കബ് എഞ്ചിനീയറിംഗ് ബിരുദ സമ്പാദനത്തിനു ശേഷം തിരുവനന്തപുരം കെല്‍ടോണില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്ന അദ്ദേഹം യൂണിയന്‍ നേതാവായി. രാഷ്ട്രീയ വ്യത്യാസം കൂടാതെ, സമരരഹിത പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതോടൊപ്പം കേരളത്തിന്റെ പ്രഥമ ഇലക്ട്രോണിക് സംരംഭമായിരുന്ന കെല്‍ട്രോണിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്കായി കഠിനപ്രയത്‌നം ചെയ്ത വ്യക്തിത്വമായിരുന്നു. അമേരിക്കയില്‍ എത്തിയശേഷം ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഉദ്യോഗസ്ഥനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച് വിശ്രമജീവിതത്തിലായിരുന്നു. മണീട് സെന്റ് കുറിയാക്കോസ് യാക്കോബായ കത്തീഡ്രല്‍ ആണ് മാതൃ ഇടവക. ഏലിയാസ് മാത്യു(മണീട്), ബാബു മാത്യു(തിരുവനന്തപുരം), പോളിമാത്യൂ(മണീട്), മേരി മാത്യൂ(മണീട്), പരേതരായ തങ്കുമാത്യു, മോളി മാത്യൂ എന്നിവര്‍ സഹോദരീസഹോദരങ്ങളാണ്.

ആദ്ധ്യാത്മീക മേഖലയിലും സാമൂഹ്യ സേവനരംഗത്തും സമര്‍പ്പണ ജീവിതം നയിച്ച ശ്രീ.ചന്ദനശ്ശേരില്‍ ജേക്കബ് മാത്യുവിന് അഗാധമായ വേദപുസ്ത പരിജ്ഞാനവും, സഭാചരിത്ര-ആരാധനാ വിഷയങ്ങളില്‍ പാണ്ഡിത്യവും ഉണ്ടായിരുന്നു. സഭാ വ്യത്യാസം കൂടാതെ നിരവധി പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ഓണ്‍ലൈനായി മുടങ്ങാതെ പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ഏറെ പരിശ്രമിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. വര്‍ഷങ്ങളായി ഞായറാഴ്ചയും ചൊവ്വാഴ്ചയും മുടങ്ങാതെ നടന്നുവരുന്ന ‘Glory to God Prayer Fellowship’  എന്ന കൂട്ടായ്മയുടെ സ്ഥാപകാംഗമാണ്. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിലെ ഭക്തസംഘടനയായ സെന്റ് പോള്‍സ് പ്രെയര്‍ ഫെലോഷിപ്പിന്റെ സജീവ പ്രവര്‍ത്തകരും ഇടവകയിലെ മുഖ്യസംഘാടകനും ആയിരുന്നു. പരേതന്റെ വേര്‍പാട് അമേരിക്കയിലെ എക്യൂമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്.