കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

കോൺഗ്രസിനും സ്വീകാര്യനാണ് ഫ്രാൻസിസ് ജോർജ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്.  സഭാ നേതൃത്വവുമായുള്ള ബന്ധവും കാർഷിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതും ഫ്രാൻസിസ് ജോർജിന് ഗുണകരമെന്നും പാർട്ടി വിലയിരുത്തുന്നു. സീറ്റ് താത്പര്യം പ്രകടിപ്പിച്ച മറ്റു നേതാക്കളെ നേതൃത്വം ഇടപ്പെട്ട് അനുനയിപ്പിച്ചതായാണ് വിവരം.ലോക്‌സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് നാലുപതിറ്റാണ്ടിന് ശേഷമാണ്.

1980 ലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സിറ്റിങ്ങ് എംപി ജോർജ് ജെ മാത്യുവിനെ ഇറക്കി കേരള കോണ്‍ഗ്രസ് എം വിജയം നേടിയിരുന്നു.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ നിന്നും   നേരത്തെ രണ്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം നേതാവും നിലവിലെ എംപിയുമായ തോമസ് ചാഴികാടനെ തന്നെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്.