മാക്രിക്കും വേണമല്ലോ ഒരു രാജാവ്

ഒടുവില്‍ വളരെയധികം ഈറ്റുനോവേറ്റ് സിപിഐയും പെറ്റിട്ടു മൂന്നു സന്തതികളെ!.അങ്ങ് വയനാട്ടിലൊരു മോള്‍. തിരുവന്തപുരത്തും തൃശൂരും രണ്ടുകൊമ്പന്മാര്‍! എന്തൊരു കോലാഹമായിരുന്നു. തൃശൂരില്‍ ഒരുകൊമ്പിന്റെ പേരില്‍ ചുമരെഴുത്തും നാമധേയവും നേരത്തെത്തെന്നെ നടത്തി പാര്‍ട്ടി അച്ചടക്കത്തിനും കീഴ് വഴക്കവും നടത്തിയിരുന്നത് പാര്‍ട്ടിയമ്മയെ ചൊടിപ്പിച്ചിരുന്നു. ചുമരെഴുത്ത് മായിക്കാനും എഴുതിയവരെ ശിക്ഷിക്കാനും പാര്‍ട്ടിയമ്മാവന്മാര്‍ ഇറങ്ങിത്തിരിച്ചു. ഇങ്ങനെ സ്ഥാനാര്‍ത്ഥിക്കളെ പ്രഖ്യാപിക്കുന്നരീതി പാര്‍ട്ടിക്കില്ലെന്നും അച്ചടക്കനടപടിയെടുക്കുമെന്നും കാര്‍ണോര് പ്രഖ്യാപിച്ചപ്പോള്‍ സംഗതി ആ കണ്മണി താനായിരിക്കണമെന്ന് ആശിച്ചിരുന്ന കൊമ്പന് പ്രശനമാകൂമോ എന്ന് ആരെക്കെയോ ശങ്കിച്ചത് തെറ്റായിപ്പോയി. തൃശൂരില്‍ ഞാനാണേ കൂയ് എന്നുപറഞ്ഞ് ചുവരെഴിച്ചവന്‍ത്തന്നെ ഉണ്ണിയായിപ്പിറന്നു. അത് പാര്‍ട്ടിയമ്മയും കാര്‍ണോരും ചേര്‍ന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍പ്പിന്നേ എന്തിനീ പുകിലുകള് എന്ന് ചോദിച്ചാല്‍ കാര്‍ണോര്‍ക്ക് പറയാന്‍ ന്യായമുണ്ടേ…
പണ്ട് ഒരു തറവാട്ടില്‍ ഒരു ഭിക്ഷക്കാരന്‍ ചെന്നു യാചിച്ചു. “ഇവിടൊന്നുമില്ല പൊക്കോ” എന്ന് വീട്ടമ്മ അകത്തൂന്ന് വിളിച്ചുപറഞ്ഞു. ഭിക്ഷക്കാരന്‍ പടിപ്പുരയിറങ്ങി പുറത്തേക്കുനടന്നു. അപ്പോള്‍ ഒരു കാർണോരു എതിരെ വന്നു. “എന്താ, കാര്യം, എന്തിനാ വന്നേ… “കാർണോര് ഭിക്ഷക്കാരനോട് ചോദിച്ചു. “ഭിക്ഷയ്ക്കു വന്നതാ”. “എന്നിട്ടു കിട്ടിയോ”. “ഇല്ല”. “എന്തുപറഞ്ഞു”. “ഒന്നുമില്ലെന്നു പറഞ്ഞു”. “ഓഹോ അങ്ങനെയോ… വരൂ”. കാർണോര് ഭിക്ഷക്കാരനെ വിളിച്ചുകൊണ്ടു അകത്തേക്കു നടന്നു. അയാള്‍ക്കു സന്തോഷമായി. വല്ലതുംകിട്ടുമല്ലോ.
കാർണോര് പൂമുഖത്തുകയറി. നേരിയതും കുടയും തൂക്കിയിട്ടു . ചാരുകസേരയില്‍ കിടന്നു. ഭിക്ഷക്കാരന്‍ ആകാംക്ഷയോടെ നിന്നു. “അപ്പോള്‍ നില്‍ക്കണ്ട. ഇവിടെയൊന്നും ഇല്ല. അതുതന്നെയാണ് മുമ്പ് അമ്മേം പറഞ്ഞത്”.
നേരാണ്. പക്ഷേ അത് അങ്ങനെ പറയാന്‍ അവര്‍ക്കധികാരമില്ല. അതുപറയാന്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. ഉം, പൊയ്ക്കോ.
തൃശൂരില്‍ സുനില്‍കുമാറിന്റെ പേര് പാര്‍ട്ടിപ്രവര്‍ത്തകര്‍ എഴുതിയപ്പോള്‍ സെക്രട്ടറി പാര്‍ട്ടിനേതാക്കളും കാര്‍ണോരെപ്പോലെ പറഞ്ഞതാണ്. ഒടുവില്‍ സുനില്‍കുമാറിനെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. എന്തൊരു കര്‍ശനമായ പാര്‍ട്ടി സംഘടനാക്രമം. പച്ചിലയും കത്രികയുംപോലെ.
മൂന്നിടത്ത് യുഡിഎഫിനോ എന്‍ഡിഎയ്ക്കോ ഒരു സാധ്യതാസ്വപ്നം ഒരുക്കാമെന്നല്ലാതെ..
കേന്ദ്രത്തില്‍ പോയിട്ട് എന്തോ സാധിക്കാന്‍…
പണ്ട് രണ്ടു സിപിഐ പുലികള്‍ കേന്ദ്രത്തില്‍ മന്ത്രിയായത് ഓര്‍ക്കുന്നുണ്ടല്ലോ. സത്യപ്രതിജ്ഞാച്ചടങ്ങില്‍ കണ്ടതല്ലാതെ പിന്നെ രണ്ടാളെയും ആരും കണ്ടില്ല. എന്തുചെയ്യാന്‍…
കാടായാല്‍ എല്ലാ ജീവികളും വേണമല്ലോ. അതുപോലെ രാഷ്ടീയത്തിലും!