സിദ്ധാര്‍ത്ഥന്റെ മരണം; പ്രതി പട്ടികയിലെ 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.