രണ്ടായിരത്തി ഇരുപത്തിയാറ്, മതേതര ഇന്ത്യയുടെ വിധി മാറ്റിയെഴുതുന്ന വർഷം (നസീർ ഹുസൈൻ കിഴക്കേടത്ത് )

  • നസീർ ഹുസൈൻ കിഴക്കേടത്ത്
    ഇന്ത്യൻ പാർലിമെന്റിൽ അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള 543 ൽ നിന്ന് 753 ആയി ഉയരുകയും, അതേസമയം കുറഞ്ഞ ജനസംഖ്യാ വളർച്ചയുള്ള കേരളത്തിലെ പാർലിമെന്റ് അംഗങ്ങളുടെ എണ്ണം ഇരുപതിൽ നിന്ന് 19 ആയി കുറയുകയും, ജനസംഖ്യ വർധന നിയന്ത്രിക്കാത്ത, ബിജെപി ഭരിക്കുന്ന, ഉത്തർ പ്രദേശിൽ പാർലിമെന്റ് അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള എൺപതിൽ നിന്ന് 147 ആയി ഉയരുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ആലോചിക്കൂ. അടുത്ത ഒരു നൂറ്റാണ്ടിലേക്ക് ബിജെപി ഇന്ത്യ ഭരിക്കാൻ ഇത് കാരണമാവും. ഇതാണ് 2026 ൽ ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത്. 2021 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ലോക സഭാ മണ്ഡലങ്ങൾ പുനർനിർണയം ചെയ്യാൻ പോകുന്ന ഡീലിമിറ്റേഷൻ ഇന്ത്യയിൽ നടപ്പിലാകുന്നത് അക്കൊല്ലമാണ്. ഇത്രയും നാൾ 1971 ലെ സെൻസസ് ഡാറ്റയാണ് ബഡ്ജറ്റിനും മണ്ഡല നിർണയത്തിനും ഉപയോഗിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടാണ് വർഷങ്ങളായി കേരളത്തിൽ ഇരുപത് ലോകസഭാ മണ്ഡലം തന്നേയായി നിലനിൽക്കുന്നത്. 2026 മുതൽ പുതിയ സെൻസസ് ഡാറ്റ ലോകസഭാ മണ്ഡലങ്ങൾ നിർണയിക്കാൻ ഉപയോഗിക്കും.
    ബഡ്ജറ്റിനും ലോകസഭാ മണ്ഡലങ്ങളുടെ എണ്ണത്തിനും 1971 ലെ സെൻസസ് ഉപയോഗിക്കുന്നതിന് പിന്നിലൊരു ചെറിയ ചരിത്രമുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് (1975 മുതൽ 77 വരെ), ഫോർഡ് ഫൗണ്ടേഷൻ, റോക്കഫെല്ലർ ഫൗണ്ടേഷൻ തുടങ്ങിയ ചില അമേരിക്കൻ സംഘടനകൾ , ഇന്ത്യയിലെ ജനസംഖ്യ കുറയ്ക്കാനായി വളരെയധികം പണം ഇന്ത്യയിൽ ഒഴുക്കി. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലാണ് കമ്മ്യൂണിസം വേര് പിടിക്കുന്നത് എന്നൊരു തെറ്റിദ്ധാരണയോ മറ്റോ ആയിരുന്നു ഇതിന്റെ പിറകിലെന്ന് ചില പുസ്തകങ്ങളിൽ പിന്നീട് ഞാൻ വായിച്ചിട്ടുണ്ട്. എന്ത് തന്നെയായാലും, സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ചേരികളിലും മറ്റുമുള്ള പുരുഷന്മാരെ ബലമായി പിടിച്ചുകൊണ്ടുപോയി, അവരുടെ സമ്മതമില്ലാതെ വന്ധ്യംകരണം ചെയ്യുനതിലേക്കാണ് അടിയന്തിരാവസ്ഥയിലെ കുടുംബാസൂത്രണം എത്തിച്ചേർന്നത്.
    കുടുംബാസൂത്രണം ഫലപ്രദമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങൾക്ക്, ജനസംഖ്യ അനുസരിച്ചുള്ള പാർലിമെന്റ് സീറ്റുകൾ കുറയുമെന്നത് കൊണ്ട്, പിന്നീടുള്ള ബജറ്റ് / ലോകസഭാ മണ്ഡല ക്രമീകരണം എന്നിവയ്ക്ക്, 2001 വരെ) 1971 ലെ തന്നെ സെൻസസ് ഉപയോഗിക്കാൻ തീരുമാനമായി (42nd constitution amendment Act, 1976). അല്ലെങ്കിൽ ജനസംഖ്യ ഫലപ്രദമായി കുറച്ച സംസ്ഥാങ്ങളെ ശിക്ഷിക്കുന്ന പോലെ ആകും. നിർബന്ധിത കുടുംബാസൂത്രണം ഫലിക്കാതെ വരികയും,കേരളവും ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കിയത് കൊണ്ട് സ്വാഭാവികമായി ജനസംഖ്യ കുറയുകയും ചെയ്യുകയാണ് പിന്നീടുള്ള വർഷങ്ങളിൽ നമ്മൾ കണ്ടത്. തെക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധം കാരണം പുതിയ സെൻസസ് ഉപയോഗിച്ച് മണ്ഡലം പുനർക്രമീകരിക്കുന്നതും, നമ്മുടെ നികുതിയുടെ കേന്ദ്ര വിഹിതം തീരുമാനിക്കുന്നതും ഒക്കെ ഇതുവരെ നടപ്പിലായിരുന്നില്ല. പക്ഷെ ബിജെപിക്ക് രാഷ്ട്രീയ സ്വാധീനം കൂടാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട്, 2026 ൽ ഇത് നടപ്പിലാക്കാൻ സാധ്യത ഏറെയാണ്.
    അങ്ങിനെയാണെങ്കിൽ, 2026 ൽ ലോകസഭാ പുനർനിർണയം നടന്നു കഴിഞ്ഞ് പാർലിമെന്റിൽ അംഗംങ്ങളുടെ എണ്ണം ഇപ്പോഴുള്ള 543 ൽ നിന്ന് 753 ആയി ഉയരുമെങ്കിലും, കുറഞ്ഞ ജനസംഖ്യാ വളർച്ചയുള്ള കേരളത്തിലെ പാർലിമെന്റ് അംഗങ്ങളുടെ എണ്ണം ഇരുപതിൽ നിന്ന് 19 ആയി കുറയും. ഏതാണ്ട് എല്ലാ തെക്കൻ സംസ്ഥാങ്ങൾക്കും ഇത്തരത്തിൽ കുറവ് സംഭവിക്കും. എന്നാൽ ജനസംഖ്യ വർധന നിയന്ത്രിക്കാത്ത ഉത്തർ പ്രദേശിൽ പാർലിമെന്റ് അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള എൺപതിൽ നിന്ന് 147 ആയി ഉയരും. ഇന്ത്യ ആര് ഭരിക്കണമെന്നു തീരുമാനിക്കുന്നതിലുള്ള അവകാശത്തിൽ , തെക്കൻ സംസ്ഥാനങ്ങൾക്ക് കാര്യമായ കുറവ് വരും.
    പതിനഞ്ചാം ധനകാര്യ കമ്മീഷനാണ് ആദ്യമായി 2021 ലെ ജനസംഖ്യ ബഡ്ജറ്റിന് വേണ്ടി ഉപയോഗിച്ചത്. ഇന്ന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഡൽഹിയിൽ ധർണ ഇരിക്കുന്ന അവസ്ഥയിൽ എത്തിച്ച അത്ര ഭീകരമായ കുറവാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാങ്ങങ്ങൾക്ക് ഉണ്ടായത്. ബിഹാറിന് കേന്ദ്ര നികുതിയുടെ വിഹിതം 25 ശതമാനം കൂടിയപ്പോൾ, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളിൽ കേന്ദ്ര നികുതി വരുമാനത്തിൽ വലിയ കുറവ് വന്നു. തമിഴ്നാട് , കർണാടക, തെലുങ്കാന തുടങ്ങി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര നികുതി വിഹിതം കുറഞ്ഞു. ഇനി ലോക സഭാ മണ്ഡല പുനർ ക്രമീകരണം കഴിയുമ്പോൾ, നമ്മുടെ രാഷ്ട്രീയ പ്രാധിനിത്യവും കുറയും.
    അതുകൊണ്ട് ഇക്കൊല്ലം ലോകസഭയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോൾ, ജാതിയും മതാവും നോക്കാതെ രാഷ്ട്രീയ വിവരമുള്ള ആളുകളെ തിരഞ്ഞെടുക്കാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ ഇന്ന് കാണുന്ന മതേതര ഇന്ത്യ ഇതേപോലെ നിലനിൽക്കുമോ എന്ന് തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് ഇത്.
    നോട്ട് : ഈ പോസ്റ്റിൽ പറഞ്ഞിട്ടുള്ള, ഡീലിമിറ്റേഷൻ കഴിഞ്ഞുള്ള ലോകസഭാ മണ്ഡലങ്ങളുടെ എണ്ണങ്ങൾ സാദ്ധ്യതകൾ മാത്രമാണ്. പാർലിമെന്റിൽ സീറ്റുകളുടെ എണ്ണം ഇപ്പോൾ ഉള്ളതായിതന്നെ തുടർന്നാൽ കേരളത്തിലെ പാർലിമെന്റ് എണ്ണം 12 ആയി കുറയും. പലരും പല കണക്കുകൾ പറയുന്നത് കൊണ്ടാണ്, പോസ്റ്റിലെ ചിത്രത്തിനും എഴുത്തിലും ചില വ്യത്യാസങ്ങൾ കാണുന്നത്. എങ്ങിനെ ആണെങ്കിലും ദക്ഷിണേന്ത്യയ്ക്ക് കാര്യമായി രാഷ്ട്രീയ നഷ്ടം ഉണ്ടാകും. തമിഴ് നാട് നിയമസഭാ കഴിഞ്ഞ ആഴ്ച ഡീലിമിറ്റേഷനു എതിരെ ഒരു പ്രമേയം പാസ്സാക്കി കഴിഞ്ഞു.
    നോട്ട് 2 : യഥാർത്ഥത്തിൽ കൂടുതൽ ജനസംഖ്യ ഉള്ളവർക്ക് കൂടുതൽ സീറ്റ് വേണ്ടത് ജനാധിപത്യത്തിൽ, ന്യായമല്ലേ എന്നൊരു ചോദ്യം ഉണ്ടാകാം. അത് പക്ഷെ ഇന്ത്യ പോലുള്ള , ചെറിയ മത, ഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കാൻ ഇടയാക്കും. അമേരിക്ക, സെനറ്റിൽ, ജനസംഖ്യയോ, വലിപ്പമോ നോക്കാതെ, ഓരോ സംസ്ഥാനത്തിനും രണ്ടു സീറ്റുകൾ എന്ന് ഫിക്സ് ചെയ്തിരിക്കുന്നത് അതുകൊണ്ടാണ്. ഓരോ സെൻസസും അനുസരിച്ച് പ്രതിനിധി സഭ മണ്ഡലങ്ങൾ പുനർക്രമീകരണം ചെയ്യപ്പെടുമെങ്കിലും, സെനറ്റ് സീറ്റുകൾ അതേപോലെ തുടരുന്നു.