അവന്റെ ബാച്ചില്‍ ഉള്ളവര്‍ക്കും പങ്കുണ്ട്; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി സുഹൃത്ത്

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനെറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി സുഹൃത്ത്. സിദ്ധാര്‍ത്ഥനെ തല്ലിയത് മൃഗീയമായിട്ടെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. അവനെ തല്ലിക്കൊന്നതാണ്. അവന്റെ ബാച്ചില്‍ ഉള്ളവര്‍ക്കും പങ്കുണ്ട്. ഒരാളെ പോലും വെറുതെ വിടരുത്. പുറത്ത് നല്ലവരായി അഭിനയിക്കുകയാണെന്നും സുഹൃത്ത് പറഞ്ഞു. സുഹൃത്തിന്റെ ഓഡിയോ സന്ദേശം പൊലീസിന് കൈമാറിയതായി കുടുംബം അറിയിച്ചു. ചിലര്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ പറയാന്‍ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ തുറന്നുപറയാനുള്ള ബുദ്ധിമുട്ടുണ്ട്. സിന്‍ജോ അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുത്തുന്നു എന്ന കാര്യങ്ങളാണ് സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെയാണ് തുറന്നുപറച്ചിലിന് തയ്യാറാകാത്തത്. സുഹൃത്തിന്റെ ഓഡിയോ പൂര്‍ണമായും കേട്ട ശേഷം പൊലീസ് അടുത്ത നടപടിയിലേക്ക് കടക്കും എന്നതാണ് സൂചന.

ആരാണ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്ന് പറയാനോ അവരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താനോ വിദ്യാര്‍ത്ഥികള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഭാവിയെ ബാധിക്കുമെന്നും ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള പേടി വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അതുകൊണ്ടാണ് പരസ്യ പ്രതികരണത്തിന് തയ്യാറാവുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയത്. അതേസമയം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിസിയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ത്ഥ് മരിച്ച ദിവസം ഉച്ച മുതല്‍ വിസി ഡോ. എം ആര്‍ ശശീന്ദ്രനാഥ് ക്യാംപസില്‍ ഉണ്ടായിരുന്നു. മരണവിവരം അറിഞ്ഞിട്ടും അന്വേഷിക്കാന്‍ വിസി തയ്യാറായില്ല. മാനേജ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ നടത്തുകയായരുന്നു ശശീന്ദ്രനാഥ്. അഭിമുഖം കഴിഞ്ഞ് 21നാണ് വിസി ക്യാംപസില്‍ നിന്ന് പോയത്.

സിദ്ധാര്‍ത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതികള്‍ തന്നെയാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴിച്ചത്. മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണ്‍ പ്രതികള്‍ പിടിച്ചുവെച്ചതായും തിരികെ നല്‍കിയത് 18-ന് രാവിലെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഹോസ്റ്റലില്‍ നടന്ന പീഡനം തന്നെ അറിയിച്ചില്ലെന്ന് മുന്‍ വിസി പറഞ്ഞു. മരണവിവരം മാത്രമാണ് അറിയിച്ചത്. മര്‍ദ്ദന വിവരം അദ്ധ്യാപകര്‍ മറച്ചുവച്ചു. ആത്മഹത്യ നടന്ന വിവരം മാത്രമാണ് അറിയിച്ചത്. 18 ന് ക്യാംപസില്‍ എത്തിയത് ഒഴിവാക്കാന്‍ കഴിയാത്ത അഭിമുഖമുണ്ടായിരുന്നതിനാലാണ്. മൃതദേഹം കൊണ്ടുവന്നപ്പോള്‍ അഭിമുഖം നിര്‍ത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.