എരുമേലി എയര്‍പോര്‍ട്ട് സി.ഇ.ഒയ്ക്ക് ബ്രിട്ടനില്‍ നിന്ന് അവാര്‍ഡ്

നിര്‍ദ്ദിഷ്ട എരുമേലി എയര്‍പോര്‍ട്ടിന്‍െറ പ്രമോട്ടര്‍ എന്ന അവകാശപ്പെടുന്ന ഇന്‍ഡോ ഹെറിറ്റേജ് ഇന്‍റര്‍നാഷണല്‍ എയറോപോളീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനിയുടെ സി.ഇ.ഒ ആയ രാജീവ് ജോസഫിന് ലണ്ടനില്‍ നിന്നും അവാര്‍ഡ്. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് ഈ തട്ടിക്കൂട്ട് അവാര്‍ഡ്. പൊതുജനങ്ങള്‍ക്കിടയിലും വിദേശ മലയാളികള്‍ക്കിടയിലും മാന്യത നേടുന്നതിന്‍െറ ഭാഗമായിട്ടാണ് ഈ അവാര്‍ഡ് ദാനവും സ്വീകരണവും എന്ന് അറിയുന്നു. ഗള്‍ഫില്‍ ഇനിയും തുടങ്ങാത്ത എയര്‍പോര്‍ട്ടിന്‍െറ പേരില്‍ ഓഹരി കച്ചവടവും പിരിവും നടക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സി.ഇ.ഒയുടെ ഈ അവാര്‍ഡ് സ്വീകരണം.

കെ എം മാണി ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പ്രസംഗിക്കുന്നു. പാര്‍ലമെന്റില്‍ വച്ച് തന്റെ അധ്വാന വര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കുന്നു. ബാര്‍ കോഴയെ കൊണ്ടാടും മുമ്പ് കേരളത്തില്‍ പത്രങ്ങള്‍ ആഘോഷമാക്കിയ ഒരു വാര്‍ത്തയായിരുന്നു ഇത്. അന്‍പതുകൊല്ലം നിയമസഭാംഗം ആയിരുന്ന മാണിയെ ലോക ജനാധിപത്യത്തിന്റെ ഈറ്റില്ലം ആദരിക്കുന്നതില്‍ അന്ന് കേരളം അഭിമാനം കൊണ്ടു. എന്നാല്‍, ഇതെല്ലാം കഴിഞ്ഞാണ് ഒരു കാര്യം വ്യക്തമായത് ഈ ബ്രിട്ടീഷ് പാര്‍ലമെന്റിലെ അവാര്‍ഡ് വാര്‍ത്ത ഒരു തട്ടിപ്പായിരുന്നു എന്ന്. കാരണം, ആര്‍ക്ക് വേണെങ്കിലും വാടകയ്ക്ക് എടുക്കാവുന്ന ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉടമസ്ഥതയിലുള്ള ഹാളില്‍ മലയാളികള്‍ നടത്തിയ ചടങ്ങായിരുന്നു പാര്‍ലമെന്റിന്റെ ആദരവായി എന്ന വിധത്തില്‍ ചര്‍ച്ചയായത്. ഇന്ത്യന്‍ വംശജരായ രണ്ട് എംപിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നിശ്ചിത വാടക കൊടുക്കുകയും എന്തെങ്കിലും ഒരു എംപി ശുപാര്‍ശ ചെയ്യുകയും ചെയ്താല്‍ ആര്‍ക്കും എടുക്കാവുന്ന ഒരു ഹാളാണിത്. ലണ്ടനില്‍ വച്ച് അവാര്‍ഡ് കിട്ടി എന്ന പറഞ്ഞു കേരളത്തിലെ പല പ്രമുഖരും അവാര്‍ഡ് വാങ്ങുന്നത് മലയാളികള്‍ തന്നെ തട്ടിക്കൂട്ടുന്ന സംഘടനകളുടെ പേരിലെ ഈ ഹാളില്‍ വച്ചാണ്. ഈ സൗകര്യം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഇടയ്ക്കിടെ ഉപയോഗപ്പെടുത്താറുമുണ്ട്. അടുത്തിടെ പൂഞ്ഞാര്‍ സിംഹം പി സി ജോര്‍ജ്ജിനും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് സ്വീകരണം ലഭിച്ചു. അന്ന് കെ എം മാണിക്ക് സ്വീകരണം ഒരുക്കിയ ആ പഴയ കഥ അദ്ദേഹം തുറന്നു പറയുകയും ചെയ്തു.എന്തായാലും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് സ്വീകരണം ലഭിച്ചുവെന്ന് വലിയവായില്‍ വിളമ്പി ഒടുവില്‍ എത്തിയത് എരുമേലിയിലെ വിമാനത്താവളത്തിന്റെ ശില്‍പ്പിയെന്ന് പറഞ്ഞ് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയ രാജീവ് ജോസഫാണ്.

ലണ്ടനിനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് രാജീവ് ജോസഫിന് അവാര്‍ഡു കിട്ടിയ കാര്യം വലിയ തോതില്‍ ചര്‍ച്ചയാക്കുകയാണ്. ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ജോസഫിന് ഇന്‍ഡോ ബ്രിട്ടീഷ് എക്സലന്‍സ് അവാര്‍ഡ്’ ലണ്ടനിലെ ലോഗ്ടണ്‍ ടൗണ്‍ കൗണ്‍സില്‍ ഡെപ്യൂട്ടി മേയര്‍ ഫിലിപ്പ് എബ്രഹാം സമ്മാനിച്ചു. വലിയ അവാര്‍ഡാണ് ഇതെന്ന വിധത്തിലാണ് ഇതേക്കുറിച്ച് പ്രചരണം നടത്തുന്നത്. ‘ഇന്‍ഡോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ പത്തനംതിട്ടയില്‍ രൂപീകരിച്ച വിമാനത്താവള കമ്പനിയുടെ നേതൃത്വം വഹിച്ചുവരികയാണ് രാജീവ് ജോസഫെന്ന് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പും പറയുന്നു.അതേസമയം രാജീവിന് അവാര്‍ഡ് കൊടുത്തതും മലയാളികളുടെ സംഘടനയാണ്. സമ്മാനം കൊടുത്ത ഫിലിപ്പ് എബ്രഹാമും മലയാളി തന്നെയാണ്.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ഇന്‍ഡോ ബ്രിട്ടീഷ് ബിസിനസ്സ് മീറ്റില്‍ വച്ചാണ് രാജീവ് ജോസഫിനെ ആദരിച്ചത്. ലണ്ടനിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു. ചുരുക്കത്തില്‍ വാര്‍ത്ത കണ്ടാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരവ് ലഭിച്ച മലയാളി എന്ന് ആര്‍ക്കും തോന്നിപ്പോകും

ബ്രിട്ടനില്‍ രാജീവ് ജോസഫ് എത്തിയത് തന്നെ വിമാനത്താവള കമ്പനിയുടെ പേരിലുള്ള പണപ്പിരിവ് ലക്ഷ്യമിട്ടാണെന്നു സൂചനകളുണ്ട്. പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലയിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി പണം കണ്ടു തന്നെയാണ് രാജീവിന്റെ ചരടുവലികള്‍. ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങിയത്.

വിമാനത്താവള കമ്പനിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ക്കപ്പുറത്ത് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെ ആ വിമാനത്താവളം തുടങ്ങുന്നത് ഞങ്ങളാണെന്ന പ്രഖ്യാപനവുമായി കടലാസു കമ്പനിയുടെ എംഡിയായ രാജീവ് ജോസഫ് രംഗത്തുവരികയും കമ്പനിയുടെ പേരില്‍ ഷെയര്‍ പിരിക്കാന്‍ നടപടി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ തലത്തില്‍ ആലോചന വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നു പേരുമിട്ട് അടുത്ത ദിവസം വരെ ഒരു ഫേസ്ബുക്ക് പേജുമാത്രം തുറന്ന് പ്രചരണം നടത്തി. ഇതിന് പിന്നാലെയാണ് വെബ്സൈറ്റ് വഴി പണം പിരിക്കുന്നത്.

പ്രവാസികളെ ലക്ഷ്യമിട്ട് തന്നെയാണ് ഇപ്പോഴത്തെ നീക്കമെന്നത് വ്യക്തമാണ്. അതിന് ഉതകുന്ന വിധത്തിലാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലായുള്ള പ്രവാസികളില്‍ നിന്നും പണം പിരിക്കുന്നത് തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ സ്വയം പ്രഖ്യാപിച്ച കമ്പനിയെ മാറ്റിനിര്‍ത്തി മറ്റ് പ്രമോട്ടര്‍മാരെ തേടിയാല്‍ ഇപ്പോള്‍ പണം മുടക്കുന്നവരുടെ പോക്കറ്റു കീറുമെന്നത് ഉറപ്പാണ്. ഇതാണ് സഹചര്യം എന്നിരിക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ജോസഫ് പണം പിരിക്കുന്നതെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഈ ലക്ഷ്യങ്ങളോടെ തന്നെയാണ് പ്രവാസികളെ നോട്ടമിട്ട് രാജീവ് ലണ്ടനിലെത്തിയതും.

ചെറുവള്ളി വിമാനത്താവളത്തിന്റെ പേരില്‍ ഓഹരിത്തട്ടിപ്പും പിരിവും