ലോ അക്കാദമി വിഷയത്തില്‍ കൊടിയേരിയെ തള്ളി വി.എസ്.അച്യുതാനന്ദന്‍: വിദ്യാര്‍ത്ഥി സമരം പൊതു പ്രശ്‌നം

ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരം മാത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി വി.എസ്. അച്യുതാനന്ദന്‍. അക്കാദമിയിലേത് പൊതുപ്രശ്‌നം തന്നെയാണ്. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ അവര്‍ക്ക് കീഴടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും വി.എസ് പറഞ്ഞു. അക്കാദമി അധികൃതര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വി.എസ്.ആവശ്യപ്പെട്ടു. ലോ അക്കാദമി സമരത്തെ കുറിച്ചുള്ള സിപിഎം നിലപാട് സംബന്ധിതച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള എതിരഭിപ്രായമാണ് വി.എസ് ഇന്ന് പ്രകടിപ്പിച്ചത്.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഇരുപത് ദിവസമായി വിദ്യാര്‍ഥികള്‍ കോളേജില്‍ സമരം തുടരുകയാണ്. എന്നാല്‍ പ്രശ്‌നം രാഷ്ട്രീയമായി കാണരുതെന്നും അത് വെറും വിദ്യാര്‍ഥി സമരം മാത്രമാണെന്നുമായിരുന്നു സമര പന്തല്‍ സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

ലോ അക്കാദമി വിഷയത്തില്‍ നിരാഹര സമരത്തിനൊരുങ്ങി സ്ഥലം എം.എല്‍.എ കെ.മുരളീധരന്‍

ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ 48 മണിക്കൂറിനകം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് കെ.മുരളീധരന്‍. ഫെബ്രുവരി രണ്ട് മുതല്‍നിരാഹാര സമരം തുടങ്ങുമെന്ന് തിരുവനന്തപുരത്ത് മുരളീധരന്‍ പറഞ്ഞു. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല. നിയോജക മണ്ഡലത്തെ സമരഭൂമിയാക്കാനുള്ള ശ്രമമാണ് ബി.ജെപിയുടേതെന്നും മുരളി ആരോപിച്ചു.

പ്രിന്‍സിപ്പല്‍ രാജി വെക്കണം. ജാതിപേര് വിളിച്ചു അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ചെയ്ത സ്ഥിതിക്ക് കണ്‍മുന്നില്‍ തന്നെയുള്ള പ്രതി ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.