ജോണി കുര്യനെ ബ്രൂക്ലിൻ രൂപത ഷൈനിങ് സ്റ്റാർ പദവി നൽകി ആദരിച്ചു

പോൾ ഡി. പനക്കൽ
ന്യൂ ഹൈഡ് പാർക്കിലെ ജോണി ജോസെഫ് കുര്യനെ ബ്രുക്ളിൻ രൂപത ഷൈനിങ് സ്റ്റാർ പദവി നൽകി ആദരിച്ചു. പല വർഷങ്ങൾ ഇന്ത്യൻ ലത്തീൻ കമ്മ്യൂണിറ്റിക്കു ചെയ്ത സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പദവി ലഭിച്ചത്. ബ്രൂക്ലിനിലെ ഗാർഗിയുലോ റെസ്റ്റാറ്റാന്റിൽ എണ്ണൂറിലധികം പേർ പങ്കെടുത്ത ഷൈനിങ് സ്റ്റാർ ഡിന്നർ ആഘോഷചടങ്ങിൽ വെച്ച് ബിഷപ് റോബർട്ട് ബ്രണ്ണൻ ജോണിക്ക് അവാർഡ് സമ്മാനിച്ചു.
1973-ഇൽ ജന്മദേശമായ പൊങ്കുന്നത്തുനിന്ന് അമേരിക്കയിൽ പിതാവ് വള്ളിയിൽ ജോസെഫ് കുര്യനോടും സഹോദരി ആശയോടുമൊപ്പം നാലാം വയസ്സിൽ ആയിരുന്നു ജോണി അമേരിക്കയിൽ എത്തിയത്. അമ്മ കിടാങ്ങറക്കാരി ത്രേസിയാമ്മ കുര്യൻ തലേ വര്ഷം അമേരിക്കയിൽ എത്തിയിരുന്നു. ചങ്ങനാശേരി അതിരൂപതക്കാരായ അവർ പ്രദേശത്തെ ആദ്യകാല മലയാളികൾ ആയിരുന്നു. സമൂഹത്തിലേക്കു സ്വാഗതം നൽകിയ ഫ്ലോറൽ പാർക്ക് ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിലെ ആദ്യത്തെ മലയാളി സജീവാംഗവും പ്രവർത്തകനുമായി മാറിയ ജോസെഫ് കുരിയന്റെ സഹചാരിയായി ജോണി ബാല്യം മുതൽ ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിലും സ്‌കൂളിലും സജീവമായിരുന്നു.
അമേരിക്കയിൽ സീറോ മലബാർ മലങ്കര സഭകളുടെ സ്ഥാപനങ്ങൾക്കു മുൻപ് ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണ്ണെക്റ്റിക്കട്ട് പ്രദേശത്തെ കത്തോലിക്കരുടെ ഒരു സാമൂഹ്യസങ്കേതമായിരുന്ന ഇന്ത്യ കാത്തലിക് അസോസിയേഷന്റെ സെക്രെട്ടറിയും വൈസ് പ്രെസിഡന്റും പ്രെസിഡന്റുമായിരുന്ന ജോസെഫ് കുര്യന്റെ പ്രവർത്തന മാർഗ്ഗദർശനവും സാമൂഹ്യലക്ഷ്യവും കൈമുതലായെടുത്ത ജോണി ഔർ ലേഡി ഓഫ് ദി സ്‌നോസ് ഇടവകയും അവിടെ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ലത്തീൻ കത്തോലിക്കാ കൂട്ടായ്മയിലും സജീവമായ പ്രവർത്തനസംഭാവനയായിരുന്നു ചെയ്തത്.
മലയാളി ലത്തീൻ കത്തോലിക്കാ കമ്മ്യൂണിയിലെ ഊർജ്ജസ്വലമായ പ്രവർത്തകനും തുടർന്ന് അതിന്റെ സെക്രെട്ടറിയുമായി ജോണി സേവനം ചെയ്തു. പിറ്റേ വര്ഷം സ്ഥാനം മാറിയ ശേഷവും നിസ്വാർത്ഥമായി കമ്മ്യൂണിറ്റിക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന ജോണി ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉപാധിയില്ലാത്ത സ്നേഹവും വിലമതിപ്പും നേടിയിരുന്നു. തങ്ങൾക്കും തന്റെ കുടുംബത്തിനും ഔർ ലേഡി ഓഫ് ദി സ്‌നോസ് ഇടവക നൽകിയ സ്വാഗതവും അതൊരുക്കിയ ആല്മീയവും സാമൂഹികവുമായ വളർച്ചയും അളവില്ലാത്തതാണ്. അതിനുള്ള തിരിച്ചുനൽകലാണ് തന്റെ പിതാവ് ചെയ്തിരുന്നത്; അതാണ് താനും ചെയ്യുന്നത്. വ്യക്തിപരമായ ഈ സേവനം സ്വയം വളർച്ചയ്ക്കും സമുദായത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിനും അത്യാവശ്യമാണ് – ജോണി പറഞ്ഞു. സീറോ മലബാർ പൈതൃകവും പാരമ്പര്യവും മതിപ്പോടെ സ്നേഹിക്കുന്ന ജോണി-ലീല കുടുംബം ലോങ്ങ് ഐലൻഡിലെ സെന്റ്. മേരിസ് സീറോ മലബാർ കാത്തലിക് ഇടവകയിൽ അംഗത്വവും പങ്കാളിത്തവും ബന്ധവും സജീവമായി സൂക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
ലത്തീൻ കത്തോലിക്കാ കമ്മ്യൂണിറ്റിയിൽ പ്രവർത്തിക്കുമ്പോളും ജോണി ഔർ ലേഡി ഓഫ് ദി സ്‌നോസ് സ്‌കൂൾ കൗൺസിലിലും പള്ളിയുടെ 75-ആം വാര്ഷികക്കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. എല്ലാ വർഷവും ഏകദേശം എണ്ണൂറോളം മലയാളികളെ ആകർഷിക്കുന്ന സെയിന്റ് അൽഫോൻസാ ആഘോഷക്കമ്മിറ്റിയിലും ജോണി നേതൃസ്വഭാവത്തോടെ പ്രവർത്തിച്ചുവരുന്നു. ആരോടും എളിമയോടും വിനീതമായും പുഞ്ചിരിയോടും മാത്രം സമീപിക്കുന്ന ജോണി തന്നാൽ കഴിയുന്ന സഹായം ആർക്കും ചെയ്യാനുള്ള മനോഭാവക്കാരനാണ്.
ഒരു കമ്പ്യൂട്ടർ അനലിസ്റ്റ് ആയ ജോണി കുരിയൻ നോർത്ത് വെൽ ഹെൽത് സിസ്റ്റത്തിൽ നഴ്സ് പ്രാക്റ്റിഷണർ ലീലയോടൊപ്പം ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്നു. മക്കൾ ജേസൺ കുര്യൻ സോഫ്ട്‍വെയർ എൻജിനീയറും ആൻഡ്രു കോളേജിൽ രണ്ടാം വർഷ വിദ്യാർഥിയുമാണ്.