ഐ.എ.എസുകാരില്‍ ഭൂരിപക്ഷത്തിനും വെളിവില്ല: മന്ത്രി സുധാകരന്‍

ഐ.എ.എസുകാരില്‍ ഭൂരിപക്ഷത്തിനും തലയ്ക്കു വെളിവില്ലെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. നൂറു കണക്കിന് ഐ.എ.എസുകാര്‍ കേരളത്തിലുണ്ട്. ഇവരില്‍ പത്തു ശതമാനം പേരുടെ തലമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇവരുടെ വിചാരം ഐ.എ.എസ് എന്നാല്‍ സമ്പൂര്‍ണ്ണ ശാസ്ത്രമെന്നാണ്. അതല്ലെന്ന് ഈ സമൂഹം ഇനിയെങ്കിലും മനസ്സിലാക്കണം. രാജഭരണ കാലത്ത് ഐ.എ.എസുകാര്‍ ഉണ്ടായിരുന്നോ ? രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് എവിടെയും ഐ.എ.എസുകാര്‍ ഉണ്ടായിരുന്നില്ല. ഇവരെ കണ്ടല്ല സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്.

സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ എവിടെയാണ് ഐ.എ.എസുകാര്‍ ഉള്ളത്. തെളിയിക്കാമോ  കേരളത്തില്‍ ഇതിനു മുമ്പും ഐ.എ.എസുകാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ സര്‍ക്കാരുകള്‍ക്ക് ഭീഷണിയായിട്ടില്ല. വിരട്ടലില്‍ സര്‍ക്കാര്‍ പതറില്ല.

ഐ.എ.എസ് ആധുനിക ഭരണ സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഐ.എ.എസ് ഇല്ലാത്തവരും ഇന്നും സര്‍ക്കാര്‍ സര്‍വീസില്‍ ചുറുചുറുക്കോടെ ജോലി ചെയ്യുന്നു. ഇവരുടെ കാര്യപ്രാപ്തി മികവുറ്റതാണ്.

ഐ.എ.എസ് ഇല്ലാത്ത പല ഉദ്യോഗസ്ഥരും കാര്യശേഷിയോടെ സര്‍ക്കാരിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഐ.എ.എസുകാരിലും നന്നായി പ്രവര്‍ത്തിക്കുന്നവരുണ്ട്. ആലപ്പുഴ ടൗണ്‍ഹാളില്‍ ആധാരം എഴുത്ത് ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷനിലാണ് മന്ത്രിയുടെ വിമര്‍ശനം. വക്കീലന്മാര്‍ ഇനി കോട്ടിട്ട് ആധാരം എഴുതേണ്ട. അവര്‍ വക്കീല്‍ പണിക്ക് പോകട്ടെ. ആധാരം ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ മാത്രം എഴുതിയാല്‍ മതി. എന്നാല്‍ റിട്ടര്‍ ചെയ്ത സബ് രജിസ്ട്രാര്‍മാരോ മറ്റ് ജീവനക്കാരോ ഏജന്‍സി എടുത്ത ഈ പണിക്ക് ഇറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ പെന്‍ഷന്‍ കട്ട് ചെയ്യും. ഭൂമിയില്‍ ആര്‍ക്കും പാരമ്പര്യ സ്വത്തില്ല.

രാജാക്കന്മാരുടെ ആളുകളായി ചമഞ്ഞ് അമ്പലങ്ങളിലേക്ക് എഴുതി വാങ്ങിയ സ്വത്തുവകകള്‍ പിന്നീടു ജന്മികള്‍ അടിച്ചു മാറ്റുകയാണ് ചെയ്തത്. കാലക്രമേണ ഇവ പാരമ്പര്യ സ്വത്തായി. ഇതൊക്കെ സര്‍ക്കാരിലേക്ക് തിരിച്ചു നല്‍കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.