ഞങ്ങള്‍ക്ക് വിജയിക്കണം… ഇനിയീ വാതില്‍ കടന്നു വരുന്നവര്‍ക്ക് വേണ്ടിയെങ്കിലും…

തിരുവനന്തപുരം : സമരകലുഷിതമാണ് ലോ അക്കാദമി ലോ കോളേജ്. എങ്ങും ഉയരുന്നത് ഒരേയൊരു മുദ്രാവാക്യം മാത്രം. ലക്ഷ്മി നായരില്‍ നിന്നും സ്വാതന്ത്ര്യം. സമരത്തില്‍ പകുതിയ്ക്ക് വന്ന് കയറിയവര്‍ നിലപാട് മാറ്റി കൊടി താഴ്ത്തിയെങ്കിലും അവകാശ സമരത്തില്‍ നിന്നും പിന്നോട്ടില്ല എന്ന ഉറച്ച് നിലപാട് എ.ഐ.എസ്.എഫ് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി സമരം. 22-ാം ദിവസത്തിലേക്ക് കടക്കുകയാണ് വിദ്യാര്‍ത്ഥികളുടെ അവകാശ സമരം. കേരള ചരിത്രം രണ്ട ഏറ്റവും ധീരമായ വിദ്യാര്‍ത്ഥി സമരങ്ങളുടെ പട്ടികയിലാണ് ലോ അക്കാദമി സമരം അടയാളപ്പെടുത്തുക.

ഉയര്‍ന്നു കേള്‍ക്കുന്ന പെണ്‍ ഈങ്ക്വിലാബുകള്‍

പെണ്‍കുട്ടികള്‍ ഇത്രയും സജീവമായി രംഗത്തെത്തിയ സമരം അടുത്തൊന്നും കേരളം കണ്ടിട്ടുണ്ടാകില്ല. അക്കാദമിയിലെ സമരഭൂമിയില്‍ അലയടിക്കുന്നത് പെണ്‍ ഈങ്ക്വിലാബുകളാണ്. അത്രമേല്‍ സഹികെട്ടപ്പോഴാണ് തങ്ങള്‍ സമരത്തിനിറങ്ങി പുറപ്പെട്ടതെന്ന് എ.ഐ.എസ്.എഫ് നേതാവ് കൂടിയായ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി ഐശ്വര്യ പറയുന്നു. ഞങ്ങള്‍ക്ക് നീതിവേണം. അതിന് വേണ്ടി പട്ടിണി കിടന്ന് ചാകാനും ഞങ്ങള്‍ ഒരുക്കമാണ്. ഞങ്ങളുടെ പോരാട്ടം ഞങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. ഇനി വരാന്‍ പോകുന്നവര്‍ക്ക് കൂടി വേണ്ടിയാണ്. അല്ലാതെ അവരവരുടെ കാര്യം മാത്രം നോക്കി സമരം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കാകില്ല. ഞങ്ങള്‍ക്ക് പിടിക്കാനീ ധവളച്ചെങ്കൊടിയുള്ളപ്പോള്‍ ഞങ്ങളെന്തിന് ഭയപ്പെടണം. ഇത് പറയുമ്പോള്‍ ഐശ്വര്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഐശ്വര്യയെപ്പോലെ, മോനിഷയെപ്പോലെ ഗൗരിയെപ്പോലെ നൂറുകണക്കിന് പെണ്‍കുട്ടികളാണ് സമരപ്പന്തലുകളില്‍ രാവും പകലും അവകാശങ്ങള്‍ക്കു വേണ്ടി മുദ്രാവാക്യം വിളികളുമായി കഴിയുന്നത്.

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികളും അല്ലാത്തവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വ് ഇല്ലാത്ത പെണ്‍കുട്ടികളും സമരപ്പന്തല്‍ കെട്ടി സമരം ഇരിക്കുന്നുണ്ട്. ആര്യയും ജെസ്സിനും സീതാലക്ഷ്മിയുമൊക്കെ കൂട്ടുകാരികള്‍ക്ക് ധൈര്യം പകര്‍ന്ന് സമരപ്പന്തലുകളില്‍ സജീവമായി തന്നെയുണ്ട്. ക്യാമറകള്‍ വെച്ച കുഞ്ഞു മുറികളേക്കാള്‍ തങ്ങള്‍ക്ക് സുരക്ഷിതം തങ്ങളെ കണ്ണിലെണ്ണയൊഴിച്ചു കാക്കുന്ന സഖാക്കളുടെ സമരപ്പന്തലാണ് എന്ന് ഇവരിപ്പോള്‍ പറയുന്നു.

ആശങ്കകള്‍ക്ക് നടുവിലും മകളെ സമരപ്പന്തലിലേക്കയച്ച ഒരുപാട് മാതാപിതാക്കള്‍ ഇന്നലെ സമരപ്പന്തലിലെത്തിയിരുന്നു. ആദ്യമൊന്നും അവര്‍ മകളെ സമരം ചെയ്യാന്‍ അനുവദിച്ചിരുന്നില്ലത്രേ. കാരണം മാനേജ്‌മെന്റിന്റെ ഭീഷണി തന്നെ. പിന്നെ പിന്നെ അവര്‍ക്ക് കാര്യങ്ങളുടെ വശം മനസ്സിലായി. പിന്നെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരികള്‍ സമരപ്പന്തലില്‍ ഇരിക്കുമ്പോള്‍ താനെങ്ങനെ വീട്ടിലിരിക്കും എന്ന് കരുതി ഇറങ്ങി വന്നവരും ധാരാളം.

ആരേയും തോല്‍പ്പിക്കാനല്ല വിദ്യാര്‍ത്ഥി സമൂഹം തോറ്റു പോകാതിരിക്കാന്‍…

നിരാഹാര സമരം ഇന്ന് പത്തൊമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. പലരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്നിട്ടും പിന്മാറില്ല എന്ന ഉറച്ച തീരുമാനത്തില്‍ തന്നെ നില്‍ക്കുന്നത് ആരെയും തോല്‍പ്പിക്കാനും നശിപ്പിക്കാനുമല്ല. വിദ്യാര്‍ത്ഥി സമൂഹം തോറ്റു പോകാതിരിക്കാന്‍ വേണ്ടി മാത്രമാണ്. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അല്‍ ജിഹാന്‍ പറയുന്നു. രാവും പകലും അല്‍ജിഹാന്‍ അടങ്ങുന്ന എ.ഐ.എസ്.എഫ് നേതൃനിര സമരസ്ഥലത്തുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് അല്‍ജിഹാന്റെ തലയടിച്ചു പൊട്ടിച്ചിരുന്നു. തുന്നിക്കെട്ടിയ തലയുമായി ക്ഷീണം വകവെയ്ക്കാതെ അല്‍ജിഹാന്‍ സമരക്കാര്‍ക്ക് ആവേശം പകര്‍ന്ന സമര സ്ഥലത്ത് സജീവമായി നില്‍ക്കുന്നു. അല്‍ജിഹാന്‍ മാത്രമല്ല സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസിഡന്റ് വി. വിനിലും ഒക്കെ ഇവിടെ തന്നെയുണ്ട്. തങ്ങളുടെ സംഘന നയിക്കുന്ന വിദ്യാര്‍ത്ഥി ഐക്യസമരം അന്തിമ വിജയം നേടും എന്ന് തന്നെയാണ് അവരുടെയെല്ലാം പ്രതീക്ഷ.