ലക്ഷ്മിനായരുടെ രാജിയില്‍ സി.പി.എമ്മും എസ്.എഫ്.എയും ഭിന്നതയില്‍

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജിയെ ചൊല്ലി സി.പി.എമ്മിലും എസ്.എഫ്.ഐയിലും അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ലക്ഷ്മിനായരുടെ രാജി നേതൃത്വവുമായുള്ള ഒത്തുകളി നാടകമാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നു. എസ്.എഫ്.ഐ സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായത് ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും ഇക്കൂട്ടര്‍ പറയുന്നു. സി.പി.എം അനുഭാവികളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലാണ് പാര്‍ട്ടി നേതൃത്വത്തേയും എസ്.എഫ്.ഐയേയും വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നത്. സി.പിഎമ്മിനു വേണ്ടി ചോരയും നീരും നല്‍കിയ സഖാക്കളുടെ വികാരം മനസ്സിലാക്കാതെ ചാനലിലെ പാചകക്കാരിക്കു വേണ്ടി പാര്‍ട്ടി നേതൃത്വം എന്തിനാണ് കീഴടങ്ങിയതെന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാത്തവരുടെ ചോദ്യം. സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസില്‍ നിന്നും വിളിപ്പാടകലത്തില്‍ നടക്കുന്ന സമരത്തെക്കുറിച്ച് 21 ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിച്ചതെന്തിന്. ജാതി അധിക്ഷേപം, ഭൂമി കൈയ്യേറ്റം തുടങ്ങിയ പ്രശ്‌നങ്ങില്‍ എസ്.എഫ്.ഐ യുടേയും സി.പി എമ്മിന്റെയും നിലപാടെന്ത്, മാറ്റി നിര്‍ത്തലും രാജിയും ഒന്നോണോതുടങ്ങി സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്.
അധ്യാപിക എന്ന നിലയില്‍ ക്ലാസ് എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ കോടതിയെ സമീപിച്ചാല്‍ വിധി അവര്‍ക്ക് അനുകൂലമാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ പൂര്‍വ്വാധികം ശക്തിയോടെ ലക്ഷ്മീ നായര്‍ തിരികെ എത്തുമെന്നും അതുവരെ മാധവന്‍പോറ്റി എന്ന വൈസ് പ്രിന്‍സിപ്പാളിനെ മുന്‍നിര്‍ത്തിയുള്ള റിമോര്‍ട് കണ്‍ട്രോള്‍ ഭരണമാവും ലക്ഷ്മി നായര്‍ നടത്തുകയെന്നും പാര്‍ട്ടി അനുകൂലികളുടെ ചര്‍ച്ചകളില്‍ അഭിപ്രായം ഉയരുന്നുണ്ട്. അതിനിടെ, എസ്.എഫ്.ഐക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ ട്രോള്‍ പ്രവാഹം ഇപ്പോഴും തുടരുകയാണ്.

ലോ അക്കാദമി വിഷയത്തിലെ ജനവികാരം പരമാവധി മുതലെടുക്കാനള്ള ശ്രമത്തിലാണ് ബി.ജെ.പി. ഭരണ രംഗത്തുണ്ടായിരുന്ന ഇടത്, വലത് മുന്നണികളെപ്പോലെ അക്കാദമി വിഷയത്തില്‍ കാര്യമായ പോറല്‍ ഏല്‍ക്കാത്ത പാര്‍ട്ടിയെന്നാണ് ബി.ജെ.പി. സ്വയം വിലയിരുത്തുന്നത്. പാര്‍ട്ടി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അയ്യപ്പന്‍ പിള്ളയാണ് ലോഅക്കാദമി ചെയര്‍മാന്‍ എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് മുന്നിലെ ഏക കീറാമുട്ടി. എന്നാല്‍ 102 വയസ്സുള്ള അയ്യപ്പന്‍ പിള്ളയുടേത് ആലങ്കാരിക പദവി മാത്രമാണെന്നും, അക്കാദമിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും നാരായണന്‍ നായരും മകള്‍ ലക്ഷ്മീ നാ യ രു മാ ണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം മുന്‍നിര്‍ത്തി, വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് ബി.ജെ.പി തീരുമാനം. പ്രിന്‍സിപ്പാളിന്റെ രാജി ആവശ്യത്തിന് അപ്പുറം ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച അക്കാദമിയുടെ ഭൂമി കൈയ്യേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ബി.ജെ.പി സമരമെന്നതും ശ്രദ്ധേയമാണ്. അക്കാദമിയുടെ കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട്,സി.കെ. ജാനുവിനെ മുന്‍നിര്‍ത്തിയുള്ള ആദിവാസി സമരത്തിനും ബി.ജെ.പി പദ്ധതിയിടുന്നുണ്ട്. ലോ അക്കാദമിസമരം സംസ്ഥാന വ്യാപകമാക്കാന്‍ എ.ബി.വി പി യും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ബഹുമുഖ സമരങ്ങള്‍ വഴി,
തുടക്കം മുതല്‍ തന്നെ സമരത്തോട് മൃദുസമീപനം സ്വീകരിച്ച നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്തിയുള്ള സി.പി.എം അനുഭാവികളെ തങ്ങളിലേക്ക് അടുപ്പിക്കാനാവുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ ദൗര്‍ബല്യം മുതലെടുത്ത് സമരം വിജയത്തിലെത്തിക്കാനായാല്‍ കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന സമരം ബി.ജെ.പിയെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്.