മെഡെക്‌സ് കാണാനുള്ള സുവര്‍ണാവസരം ഇനി 12 ദിവസം കൂടി

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തേയും ഏറ്റവും വലുതുമായ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്‌സ് കാണുന്നതിനുള്ള സുവര്‍ണാവസരം ഇനി 12 ദിവസംകൂടി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രദര്‍ശനം കാണാനെത്തിയവരില്‍ പകുതിയോളം സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളാണ്. ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് വിവിധ സ്‌കൂളുകളില്‍ നിന്നായി സംഘമായി മാത്രം അറുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണുന്നതിനായി എത്തിക്കഴിഞ്ഞു. നഴ്‌സിംഗ് കോളജുകള്‍, പാരാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വേറെ. തിരുവനന്തപുരം ജില്ലയ്ക്കു വെളിയില്‍ നിന്നുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളുമായി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആകെ പ്രദര്‍ശനം കണ്ടവരില്‍ ഏറിയ പങ്കും സ്ത്രീകളാണെന്നും സംഘാടകര്‍ പറയുന്നു.
സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം കാണുന്നതിന് പ്രത്യേക സൗകര്യങ്ങളാണ് മെഡെക്‌സ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. 31ന് അവസാനിക്കേണ്ടിയിരുന്ന പ്രദര്‍ശനം ഫെബ്രുവരി 12 വരെ നീട്ടിയതും പ്രധാനമായും വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ്. കന്യാകുമാരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് കുട്ടികളുമായി എത്തുന്നതിന് സ്‌കൂളുകള്‍ സംഘാടകരെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഒരു തവണ വന്നുപോയ സ്‌കൂളുകള്‍ പ്രദര്‍ശനം കാണാനാകാതെ പോയ കുട്ടികളുമായി വീണ്ടും വരുന്നതിനും തയ്യാറാകുന്നുണ്ട്. സംഘമായാണ് സ്‌കൂളുകളില്‍ നിന്ന് എത്തുന്നതെങ്കില്‍ ഒരു കുട്ടിക്ക് 50 രൂപ മാത്രമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികളെ വൈദ്യശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാനും ശരീരസംബന്ധിയായ സംശയങ്ങള്‍ പരിഹരിക്കുന്നതിനും ഉപയുക്തമായ ഒട്ടേറെ കാര്യങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കുട്ടികളുമായെത്തുന്ന സാധാരണക്കാരായ രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഏതാണ്ടെല്ലാ പവലിയനുകളിലും ഏറെ സമയം ചെലവഴിക്കുന്ന കാഴ്ചയാണ് മെഡക്‌സില്‍ കാണാന്‍ സാധിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കും മറ്റും തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണ് പ്രദര്‍ശനം കാണുന്നത്. തല്‍സമയ ശസ്ത്രക്രിയ ഉള്‍പ്പെടെ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പവലിയനുകളിലും സന്ദര്‍ശകരുടെ തിരക്കിനു കുറവില്ല. ദിവസേന പതിനായിരത്തിലേറെ ആളുകളാണ് ഇപ്പോള്‍ പ്രദര്‍ശനം കാണാനെത്തുന്നത്.