ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പോരാട്ടനായകനായി രാഹുല്‍ഗാന്ധി

പരിഹസിച്ചവർക്ക് മുന്നില്‍ തല ഉയര്‍ത്തി രാഹുല്‍ ഗാന്ധി.
പപ്പു എന്നു വിളിച്ച് അവഹേളിച്ചിരുന്നവർക്ക് ഉചിതമായ മറുപടി നൽകി രാജീവ്ഗാന്ധി. കോണ്‍ഗ്രസ്സിനും ഇന്ത്യാ സഖ്യത്തിനും സീറ്റുകളുടെ എണ്ണത്തിലും വോട്ടിങ്ങ് ശതമാനത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും വലിയ മുന്നേറ്റം ഉണ്ടാക്കി കൊടുക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് കഴിഞ്ഞിരിക്കുകയാണ്. എന്‍.ഡി.എ സഖ്യം 290 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ 235 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. ഇത് വലിയ നേട്ടം തന്നെയാണ്. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയെ നടന്നളന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പോരാട്ടനായകനായി രാഹുല്‍ഗാന്ധി വളര്‍ന്നിരിക്കുന്നു. പണക്കൊഴുപ്പ് കൊണ്ട് വിലക്ക് വാങ്ങിയും ഇഡി, ഇന്‍കം ടാക്സ്, സി.ബി.ഐ എന്നീ കേന്ദ്ര ഏജന്‍സികളെകൊണ്ട് വേട്ടയാടിച്ചും കോണ്‍ഗ്രസ് ഫണ്ട് പോലും മരവിപ്പിച്ച് നിസഹായരാക്കിയ ബി.ജെ.പിയെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് രാഹുല്‍ ഗാന്ധി കൂടി നേതൃത്വം നല്‍കിയ ഇന്ത്യ സഖ്യം നേടിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ പപ്പു എന്നു വിളിച്ച് കോമാളിയായാണ് ബി.ജെ.പി ചിത്രീകരിച്ചത്.

56 ഇഞ്ച് നെഞ്ചളവവുമായി മോഡി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നായകനും രാഹുലിനെ പപ്പു എന്ന കോമാളിയുമായാണ് ഗോദി മീഡിയയും ചിത്രീകരിച്ചത്. രാജ്യത്തിന്റെ പ്രധാന സേവകനും കാവല്‍ക്കാരനുമാണ് താനെന്നാണ് മോഡി അവകാശപ്പെട്ടത്. 2019തില്‍ റഫാല്‍ വിമാന ഇടപാടിലെ അഴിമതി ഉയര്‍ത്തികാട്ടി ‘ചൗക്കീദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ് )എന്ന മുദ്രാവാക്യം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയപ്പോള്‍ അത് ഏറ്റു പിടിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. എ.കെ ആന്റണിയും ഗുലാംനബി ആസാദും അടക്കമുള്ള മുതിര്‍ന്ന നേതാക്കളൊന്നും രാഹുലിന് ഒരു പിന്തുണയും നല്‍കിയില്ല. മോഡിക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനും ഒരു ശ്രമവും ഉണ്ടായില്ല.

2014ല്‍ മോഡി പ്രധാനമന്ത്രിയായപ്പോള്‍ ബി.ജെ.പിക്ക് 282 സീറ്റ് ലഭിച്ചെങ്കിലും 31 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിനാവട്ടെ 44 സീറ്റും 19.31 ശതമാനം വോട്ടും ലഭിച്ചു. ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് പ്രതിപക്ഷ കക്ഷികള്‍ക്കാണ്. 2019തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ പോലും പിന്തുണയില്ലാതെയും സംസ്ഥാനങ്ങളില്‍ കാര്യമായ സഖ്യമില്ലാതെയുമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. രാഹുല്‍ഗാന്ധിയാണ് ഓടി നടന്ന് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വയനാട്ടിലും അമേത്തിയും മത്സരിച്ച രാഹുല്‍ നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായി അമേത്തിയില്‍ സ്മൃതി ഇറാനിയോട് അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഉത്തര്‍പ്രദേശ് അടക്കമുള്ള ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2014നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ സീറ്റ് 52ആയി വര്‍ധിക്കുകയും വോട്ടിങ് ശതമാനം 19.55 ശതമാനമായി ഉയരുകയും ചെയ്തു. 303 സീറ്റ് ലഭിച്ച് പ്രധാനമന്ത്രി പദത്തില്‍ മോഡി രണ്ടാംതവണ എത്തിയപ്പോഴും ബി.ജെ.പിക്ക് 37.38 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷം വോട്ടര്‍മാരും ബി.ജെ.പിക്ക് എതിരായാണ് വോട്ട് ചെയ്തത്. അവര്‍ സ്ഥാനങ്ങളില്‍ പരസ്പരം മത്സരിച്ചതാണ് ബി.ജെ.പിക്ക് തുണയായിരുന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കമാണ് മോഡിയും അമിത്ഷായും സ്വീകരിച്ചത്. രാഹുലിനെതിരെ ഇഡി അന്വേഷണം നടത്തിയും മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും കര്‍ണാടക പി.സി.സി പ്രസിഡന്റായിരുന്ന ഡി.കെ ശിവകുമാറിനെയും ജയിലിലടച്ചും വേട്ടയാടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച ഗോവയിലും കര്‍ണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കാലുമാറ്റത്തിലൂടെ ബി.ജെ.പി ഭരണം പിടിച്ചു. മധ്യപ്രദേശില്‍ ജ്യോതിരാധിത്യ സിന്ധ്യ അടക്കമുള്ളവരെ കാലുമാറ്റി ഒപ്പം കൂട്ടി. നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകുമ്പോഴും ഭയമില്ലാത്തവര്‍ക്ക് ഒപ്പം നില്‍ക്കാമെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. മോഡിയും അമിത്ഷായും വിദ്വേഷം പരത്തിയപ്പോള്‍ പരസ്പര സ്നേഹത്തെക്കുറിച്ചാണ് രാഹുല്‍ പ്രസംഗിച്ചത്. മോഡി ഹെലികോപ്റ്ററില്‍ പറന്ന് പ്രസംഗിച്ചപ്പോള്‍ രാഹുല്‍ ഭാരത് ജോഡോ യാത്രയിലൂടെ കാല്‍നടയായി ഇന്ത്യ മുഴുവന്‍ നടന്നാണ് ജനങ്ങളുമായി സംസാരിച്ചത്. 2022 സെപ്തംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരജ് ജോഡോ യാത്രയില്‍ 150 ദിവസംകൊണ്ട് കാല്‍നടയായി 3570 കിലോ മീറ്റര്‍ ദൂരം 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളും പിന്നിട്ട് കടുത്ത മഞ്ഞു വീഴ്ചയില്‍ 2023 ജനുവരി 19ന് കാശ്മീരിലാണ് യാത്ര സമാപിച്ചത്. ഭാരത്ജോഡോ യാത്രയിലൂടെയാണ് രാഹുല്‍ഗാന്ധി എന്ന ദേശീയ നേതാവിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍പോലും എഴുതിയത്. എന്നാല്‍ അപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങള്‍ രാഹുലിനെ കളിയാക്കല്‍ തുടരുകയായിരുന്നു.

മണിപ്പൂര്‍ കലാപത്തിന് ശേഷം ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗമായി മണിപ്പൂരില്‍ നിന്നും മഹാരാഷ്ട്രവരെ 355 ലോക്സഭാ സീറ്റുകള്‍ ഉള്‍പ്പെടുന്ന 4171 കിലോമീറ്ററുകള്‍ ദൂരം താണ്ടിയാണ് ഭാരത്ജോഡോ ന്യായ് യാത്ര നടത്തിയത്. കാല്‍നടയായും വാഹനത്തിലുമായിരുന്നു യാത്ര. ഈ 355 സീറ്റുകളില്‍ 236 സീറ്റുകളും 2019 ല്‍ ബി.ജെ.പി വിജയിച്ചവയായിരുന്നു. യാത്ര 11 ദിവസം ഉത്തര്‍പ്രദേശിലും 5 ദിവസം മഹാരാഷ്ട്രയിലൂടെയുമാണ് കടന്നുപോയത്. രാഹുലിന്റെ വിനോദയാത്രയെന്നാണ് ബി.ജെ.പി ഭാരത് ജോഡോ യാത്രയെ പരിഹസിച്ചത്. എന്നാല്‍ യു.പിയിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമടക്കം മികച്ച വിജയം നേടാന്‍ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്ക് കഴിഞ്ഞു. പ്രതിപക്ഷകക്ഷികളുടെ പരസ്പര മത്സരമാണ് കുറഞ്ഞ വോട്ടിങ് ശതമാനമുണ്ടായിട്ടും ബി.ജെ.പിയെ വിജയിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ രാഹുല്‍ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച് ഇന്ത്യ സഖ്യത്തിന് രൂപം നല്‍കി. കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ സമീപനം ഉപേക്ഷിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെകൊണ്ടാണ് കക്ഷികളുടെ യോഗം വിളിപ്പിച്ചത്. ഈ യോഗത്തില്‍ 16 കക്ഷികളുടെ നേതാക്കളാണ് പങ്കെടുത്തത്. മഹാസഖ്യത്തില്‍ നിന്നും നിധീഷിനെ അടര്‍ത്തിയെടുത്ത് ഇന്ത്യാസഖ്യത്തെ പൊളിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും രാഹുല്‍ അതിനെയും അതിജീവിച്ചു.

മമത അടക്കമുള്ളവര്‍ സഖ്യത്തിന്റെ ഭാഗമായി 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു. ഒടുവില്‍ സംസ്ഥാന പാര്‍ട്ടികളടക്കം 36 കക്ഷികള്‍ സഖ്യത്തിന്റെ ഭാഗമായി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമാകാഞ്ഞതോടെ മമത ബാനര്‍ജി തനിച്ച് മത്സരിച്ചു. ഇന്ത്യാ സഖ്യത്തിനെ ശക്തമാക്കാന്‍ സീറ്റ് വിഭജനത്തില്‍ വല്യേട്ടന്‍ സമീപനം കാട്ടാതെ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറായി. കഴിഞ്ഞ തവണ മത്സരിച്ചിരുന്ന 101 സീറ്റുകളോളം സഖ്യകക്ഷികള്‍ക്ക് മത്സരിക്കാനായി വിട്ടു നല്‍കി. 328 സീറ്റുകളിലാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസ് 400 സീറ്റില്‍ കുറഞ്ഞ് മത്സരിച്ചത് ഇതാദ്യമായിരുന്നു. മോഡിയും യോഗി ആദിത്യനാഥും കുത്തകയാക്കിയ ഉത്തര്‍പ്രദേശില്‍ രാഹുലും അഖിലേഷ് യാദവും ചേര്‍ന്നുള്ള ഇന്ത്യാസഖ്യം അട്ടിമറി മുന്നേറ്റമാണ് നടത്തിയത്. ബംഗാളില്‍ മമതയെ പിണക്കാത്ത നയമാണ് രാഹുല്‍ സ്വീകരിച്ചത്. കേരളത്തില്‍ പരസ്പരം മത്സരിക്കുമ്പോഴും സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും തമിഴ്നാട്ടിലും രാജസ്ഥാനിലും അടക്കം സഖ്യത്തിന്റെ ഭാഗമാക്കുകയും സീറ്റുകള്‍ നല്‍കുകയും ചെയ്തു. ജാതി സെന്‍സസ് ഉയര്‍ത്തിയും വനിതകള്‍ക്കും യുവാക്കള്‍ക്കും പാവപ്പെട്ടവര്‍ക്കു ന്യായ് ഗ്യാരണ്ടി ഉയര്‍ത്തിയും രാഹുല്‍നടത്തിയ പോരാട്ടം ഹിന്ദി ഹൃദയഭൂമിയില്‍ ഇന്ത്യാ മുന്നണിക്ക് മുന്നേറ്റം നല്‍കി. എണ്ണയിട്ട യന്ത്രം പോലെയുള്ള ആര്‍.എസ്.എസിന്റെ സംഘടനാ സംവിധാനം ഉണ്ടായിട്ടും വന്‍ സാമ്പത്തിക പിന്തുണയുണ്ടായിട്ടും ബി.ജെ.പിയെ നേരിടാന്‍ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞത് രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ ഇഛാശക്തികൊണ്ട് കൂടിയാണ്.