കരുണാകരനെ തോല്‍പ്പിച്ച തൃശൂര്‍, കെ. മുരളീധരന് സമ്മാനിച്ചത് മൂന്നാം സ്ഥാനത്തുള്ള ദയനീയ പരാജയം

ലീഡര്‍ കെ. കരുണാകരനെ 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1480 വോട്ടിന് തോല്‍പ്പിച്ച തൃശൂര്‍, മകന്‍ കെ. മുരളീധരന് സമ്മാനിച്ചത് മൂന്നാം സ്ഥാനത്തുള്ള ദയനീയ പരാജയം. കരുണാകരന്റെയും ആന്റണിയുടെയും നേതൃത്വത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയം കത്തിനിന്നകാലത്താണ് കരുണാകരന്‍ സ്വന്തം തട്ടകമായ തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചത്. ഗ്രൂപ്പ് പോരില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയ ശേഷമായിരുന്നു 96ല്‍ കരുണാകരന്‍ സ്വന്തം തട്ടകമായ തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക് ജനവിധി തേടിയത്. തൃശൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി വി.വി രാഘവനോട് കേവലം 1480 വോട്ടിനാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ കരുണാകരന്‍ പരാജയപ്പെട്ടത്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി എന്നാണ് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനായ ലീഡര്‍ പ്രതികരിച്ചത്. എ ഗ്രൂപ്പുകാര്‍ മുന്നില്‍ നിന്നും ഒപ്പമുണ്ടായിരുന്ന ചില ഐ ഗ്രൂപ്പുകാര്‍ പിന്നില്‍ നിന്നും കുത്തിയെന്നാണ് ലീഡര്‍ മുനവെച്ച് പറഞ്ഞത്. ജനിച്ചത് കണ്ണൂരിലാണെങ്കിലും കെ.കരുണാകരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ലീഡറായി വളര്‍ന്നത് തൃശൂരിന്റെ മണ്ണില്‍ നിന്നാണ്. തൃശൂര്‍ സീതാറാം മില്ലിലെ ഐ.എന്‍.ടി.യു.സി നേതാവായായിരുന്നു സംഘടനാ പ്രവര്‍ത്തനം. 1945ല്‍ തൃശൂര്‍ നഗരസഭാംഗമായ കരുണാകരന്‍ 48ല്‍ കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു. തുടര്‍ച്ചയായി 8 തവണ തൃശൂരിലെ മാള നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച കരുണാകരനെ മാളയുടെ മാണിക്യമെന്നാണ് വിളിച്ചിരുന്നത്. തൃശൂരിനെ കൈവെള്ളയിലെന്നപോലെ അറിയുമായിരുന്ന ലീഡറെ 96ല്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസുകാര്‍ തന്നെയാണ് മുരളീധരനെ ഇത്തവണ അടപടലം വാരിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ മകള്‍ പത്മജയും തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്നാണ് പത്മജ പറഞ്ഞത്. ടി.എന്‍ പ്രതാപന്‍, മുന്‍ എം.എല്‍.എ വിന്‍സെന്റ് അടക്കമുള്ളവരുടെ പേരെടുത്ത്പറഞ്ഞ് ആരോപണം ഉയര്‍ത്തിയ പത്മജ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതിന് മറുഷോക്ക് നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വം പത്മജയുടെ സഹോദരനായ വടകര എം.പിയായ മുരളീധരനെ തൃശൂരില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാക്കിയത്. തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനെ മാറ്റി നിര്‍ത്തിയാണ് മുരളീധരനെ കൊണ്ടുവന്നത്. വടകരയില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പലിനെയും നിയോഗിച്ചു. കെ.പി.സി.സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ 2019തില്‍ വടകര ഒഴിഞ്ഞപ്പോഴാണ് വടകര നിലനിര്‍ത്താന്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന മുരളീധരന്‍ വടകരയില്‍ മത്സരിച്ചത്.

ഇ.പി ജയരാജനെതിരെ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച മുരളീധരന്‍ ജയന്റ് കില്ലറെന്ന പരിവേഷവും നേടി. ഈ പരിവേഷവുമായി തൃശൂര്‍ പിടിക്കാനിറങ്ങിയ മുരളീധരന്‍ സ്വന്തം പിതാവിന്റെ തട്ടകത്തില്‍ മൂന്നാം സ്ഥാനവുമായി നാണം കെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. തൃശൂരില്‍ സി.പി.എമ്മും ബി.ജെ.പിയും അന്തര്‍ധാരയുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനുനേരെ ആക്ഷേപം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമാണ് ഇനി മുരളീധരന്റെ തോല്‍വിയില്‍ ഉത്തരം പറയേണ്ടി വരിക. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാര്‍ രണ്ടാമതെത്തിയതിനാല്‍ കോണ്‍ഗ്രസ് വോട്ടുകളാണ് ബി.ജെ.പിയിലേക്ക് ഒഴുകിയതെന്ന് വ്യക്തമാണ്. മുരളീധരന്‍ തൃശൂരില്‍ പ്രചരണത്തിനെത്തിയപ്പോള്‍ മുഖം തുടച്ചും ഉമ്മവെച്ചും ഒപ്പം നിന്ന ടി.എന്‍ പ്രതാപനും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച വിന്‍സെന്റ് അടക്കമുള്ളവരും കോണ്‍ഗ്രസിന്റെ പരാജയത്തിന് ഉത്തരം പറയേണ്ടി വരും. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകരുടെ ശക്തമായ പിന്തുണയുള്ള മുരളീധരന്റെ തൃശൂരിലെ പരാജയം കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റമുണ്ടാക്കും.