സുരേഷ് ഗോപി തൃശൂരിൽ വിജയച്ചതിൽ അമ്പരന്നിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ

ചുവപ്പ് കോട്ടകളിൽ ബി.ജെ.പി കടന്നു കയറിയത് ഭയാനകം
സുരേഷ് ഗോപി തൃശൂരിൽ വിജയച്ചതിൽ അമ്പരന്നിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കുക എന്നതും ഒന്ന് മുൻകൂട്ടി വിലയിരുത്തുന്നത് നന്നായിരിക്കും. നൂറ് ശതമാനവും രാഷ്ട്രീയ പ്രവർത്തകനല്ലാതിരുന്ന സുരേഷ് ഗോപിയേക്കാൾ ശക്തരും അപകടകാരികളുമായ നേതാക്കൾക്കാണ് നിയമസഭയിൽ എത്താനുള്ള കളം ഒരുങ്ങിയിരിക്കുന്നത്. ശോഭാ സുരേന്ദ്രൻ, വി മുരളീധരൻ, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എം.ടി രമേശ്, വി.വി രാജേഷ്, സന്ദീപ് വാര്യർ തുടങ്ങിയ ബിജെപി നേതാക്കൾ കേരള നിയമസഭയിൽ എത്തുന്ന ഒരു ദൃശ്യം മനസ്സിൽ ആലോചിച്ചാൽ തന്നെ മതേതര കേരളത്തിൻ്റെ ഉറക്കം നഷ്ടപ്പെടും.

ഇവരാരും തന്നെ വിജയിക്കാൻ പോകുന്നില്ലെന്ന് പതിവ് പോലെ ഇനിയും വിളിച്ചു പറഞ്ഞാൽ അതൊന്നും തന്നെ ഏശുകയില്ല. കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് അസാധാരണമായ സ്ഥിതി വിശേഷമാണിത്. അതെന്തായാലും പറയാതെ വയ്യ. ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം പരിശോധിച്ചാൽ സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയാണ് ഒന്നാമതായി എത്തിയിരിക്കുന്നത്. ഒൻപതിടത്ത് രണ്ടാമത് എത്താനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. 121 ഇടങ്ങളിലും ഇടതുപക്ഷമാണ് പിന്നിൽ പോയിരിക്കുന്നത്. ഇതിൽ 13 ഇടത്തും മൂന്നാമതായി പോയിട്ടുണ്ട് എന്നതും ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.

110 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 19 മണ്ഡലങ്ങളിൽ മാത്രമേ ഇടതുപക്ഷത്തിന് മേൽക്കൈ നേടാൻ കഴിഞ്ഞിട്ടൊള്ളൂ. ലോക്‌സഭയിൽ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബിജെപി നിയമസഭാ കണക്കിലും ഇടതിനോട് ബലാബലത്തിൽ നിൽക്കുന്ന സ്ഥിതി ഭയാനകം തന്നെയാണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് ഇടതുപക്ഷം നേടിയപ്പോൾ 41 സീറ്റുകളിലാണ് യുഡിഎഫ് ഒതുങ്ങിപ്പോയിരുന്നത്. ബിജെപിക്ക് ആകട്ടെ ഒരു സീറ്റിൽ പോലും വിജയിക്കാനും കഴിഞ്ഞിരുന്നില്ല. ഒന്നാമതെത്തുമെന്ന് ബിജെപി ഉറച്ചുവിശ്വസിച്ചിരുന്ന നേമം ഉൾപ്പെടെ 9 മണ്ഡലങ്ങളിലാണ് ബിജെപി അന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നത്. നേമത്തെ കൂടാതെ വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലാണ് ബിജെപി 2021ൽ രണ്ടാമതെത്തിയത്. ആ ചരിത്രം പൊളിച്ചെഴുതിയാണ് ഇത്തവണ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും 9 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാമതും ബിജെപി എത്തിയിരിക്കുന്നത്. ഈ 20 സീറ്റുകൾ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇനി ബിജെപി നടത്താൻ പോകുന്നത്. അതിന് അവർക്ക് നേതൃത്വം കൊടുക്കാൻ സുരേഷ് ഗോപിയെന്ന കേന്ദ്ര മന്ത്രിയും ഉണ്ടാകും.

എതിർ പ്രചരണങ്ങളെ എങ്ങനെ വോട്ടാക്കി മാറ്റാൻ കഴിയുമെന്നത് കൃത്യമായി അറിയാവുന്ന ആള് തന്നെയാണ് സുരേഷ് ഗോപി. മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവച്ചത് മുതൽ സുരേഷ് ഗോപിയുടെ പെരുമാറ്റങ്ങളും പ്രയോഗങ്ങളും അദ്ദേഹത്തിനെതിരെ ശക്തമായി ഉയർത്തിയിട്ടും തൃശൂരിൽ അട്ടിമറി വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞത് ആ പാർട്ടിയുടെ ആത്മവിശ്വാസമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ നിരന്തരം വേട്ടയാടിയ സൈബർ ഇടങ്ങളും അദ്ദേഹത്തിൻ്റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒരാളെ ഒറ്റപ്പെടുത്തി വേട്ടയാടുമ്പോൾ അയാൾക്ക് അനുകൂലമായും ചില കേന്ദ്രീകരണങ്ങൾ ഉണ്ടാകുമെന്നത് ഓർക്കാതെ പോയതാണ് തിരിച്ചടിയായിരിക്കുന്നത്.

മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവച്ചത് ഒരു സ്ത്രീ പീഢനമായി ചിത്രീകരിക്കപ്പെട്ടതും സുരേഷ് ഗോപിക്ക് എതിരെ കേസെടുത്തതും യഥാർത്ഥത്തിൽ സുരേഷ് ഗോപിക്ക് അനുകൂലമായാണ് മാറിയിരിക്കുന്നത്. മാധ്യമ ക്യാമറകൾക്കു മുന്നിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവച്ചത് തെറ്റായ അർത്ഥത്തിൽ അല്ലന്ന നിലപാടിനാണ് സ്ത്രീകൾക്കിടയിൽ പോലും പ്രാമുഖ്യം കിട്ടിയിരുന്നത്. സുരേഷ് ഗോപിയെ അനാവശ്യമായി വേട്ടയാടുകയാണെന്ന പ്രചരണം വ്യാപകമായി അഴിച്ചുവിടാൻ ഈ സംഭവം ബിജെപിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

2021-ലെനിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതു മുതൽ തൃശൂരിൽ തമ്പടിച്ച് സുരേഷ് ഗോപി നടത്തിയ കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹത്തിന് അനുകൂലമായി ചിന്തിക്കാൻ വോട്ടർമാരെ പ്രേരിപ്പിച്ച ഘടകമാണ്. തൃശൂർ പൂര വിവാദവും ആത്യന്തികമായി നേട്ടമുണ്ടാക്കിയിരിക്കുന്നത് സുരേഷ് ഗോപി ക്കാണ്. ക്രൈസ്തവ വോട്ടുകളും നല്ലതു പോലെ സുരേഷ് ഗോപിക്ക് ലഭിച്ചതു കൊണ്ടാണ് ഭൂരിപക്ഷം 74,686-ൽ എത്തി നിൽക്കുന്നത്.

2019-ൽ ലഭിച്ചതിനേക്കാൾ 1,18,516 വോട്ടുകളാണ് തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിക്ക് അധികമായി ലഭിച്ചിരിക്കുന്നത്. ആലപ്പുഴയിൽ 1,13,370 വോട്ടുകളും ആലത്തൂരിൽ 98,393 വോട്ടുകളും കൊല്ലത്ത് 59,871 വോട്ടുകളും ഇത്തവണ അധികമായി ബിജെപി സ്ഥാനാർത്ഥികൾ നേടിയിട്ടുണ്ട്. മൂന്നിടങ്ങളിലൊഴികെ കേരളത്തിലെ 18 മണ്ഡലങ്ങളിലും വോട്ടുവിഹിതം വർധിപ്പിക്കാൻ ബിജെപി നേതൃത്വം കൊടുത്ത എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ 20 ശതമാനത്തോളം വോട്ട് നേടുന്ന പാർട്ടി ആയാണ് ബിജെപി ഇപ്പോൾ കേരളത്തിൽ മാറിയിരിക്കുന്നത്.

11 മണ്ഡലളിൽ ബിജെപി ഒന്നാമത് എത്തിയതും 9 മണ്ഡലങ്ങളിൽ രണ്ടാമത് എത്തിയതും ഇടതുപക്ഷമോ യുഡിഎഫോ ഒന്നാം സ്ഥാനത്ത് എത്തുന്നതു പോലെ സ്വാഭാവികമായി വിലയിരുത്താൻ കഴിയുന്നതല്ല. താമരയ്ക്ക് വോട്ട് ചെയ്യാൻ മടിയില്ലാത്ത മാനസികാവസ്ഥയിലേക്ക് കേരളത്തിലെ പൊതുമനസ്സ് മാറി തുടങ്ങിയതിൻ്റെ സൂചന ആയാണ് ഈ മുന്നേറ്റത്തെ നാം നോക്കി കാണേണ്ടത്.

പ്രത്യേകിച്ച് ഒരു തരംഗവും ഇല്ലാതെ നടന്ന തിരഞ്ഞെടുപ്പിൽ ഇതാണ് സ്ഥിതിയെങ്കിൽ രണ്ട് വർഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ അവസ്ഥ എന്തായിരിക്കും എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഇത്തരമൊരു അവസ്ഥ കേരളത്തിൽ സൃഷ്ടിച്ചതിൽ യുഡിഎഫും ഇടതുപക്ഷവും ഉത്തരവാദികളാണ്. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിൽ നിർണ്ണായകമായത് കോൺഗ്രസ്സിൻ്റെ വോട്ട് ബാങ്ക് ചോർന്നത് കൊണ്ടാണെങ്കിൽ മറ്റിടങ്ങളിൽ ഇടതുപക്ഷത്തിൻ്റെ ഈഴവ വോട്ട് ബാങ്കുൾപ്പെടെയാണ് ചോർന്നിരിക്കുന്നത്.

പിണറായി സർക്കാറിൻ്റെ തുടർ ഭരണത്തിലുള്ള അതൃപ്തിയും നേതാക്കളുടെ ധിക്കാരവും പരിസരം മറന്നുള്ള പ്രതികരണങ്ങളും എല്ലാം ഇടതുപക്ഷ വോട്ട് ബാങ്കിനെ ശരിക്കും ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച മത ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് കിട്ടിയില്ലെന്ന് മാത്രമല്ല ഇതുവരെ ലഭിച്ചിരുന്ന ഭൂരിപക്ഷ വോട്ടുകളിൽ വലിയ ചോർച്ചയും സംഭവിച്ചിട്ടുണ്ട്. പ്രീണന രാഷ്ട്രീയമല്ല പ്രായോഗിക രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കേണ്ടത് എന്ന സന്ദേശം കൂടിയാണ് ഈ തിരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തെ ഓർമ്മപ്പെടുത്തുന്നത്.

മുസ്ലീം ലീഗിനോട് സിപിഎം നേതൃത്വം കാണിച്ച മുദു സമീപനവും രാഷ്ട്രീയമായി വലിയ പിഴവ് തന്നെയാണ്. ലീഗ് വർഗ്ഗീയ പാർട്ടിയാണെന്ന് സിപിഎം ദേശീയ നേതൃത്വം പറയുമ്പോൾ വർഗ്ഗീയ പാർട്ടി അല്ലെന്ന സർട്ടിഫിക്കറ്റാണ് സംസ്ഥാന നേതൃത്വം നൽകുന്നത്. അതു പോലെ തന്നെ വിവിധ വിഷയങ്ങളിൽ കോൺഗ്രസ്സിനെതിരെ ആഞ്ഞടിച്ച സിപിഎം നേതാക്കൾ ലീഗിനെതിരെ അത്തരം കടുപ്പിച്ച നിലപാട് സ്വീകരിച്ചിട്ടില്ല. ലീഗ് യുഡിഎഫ് വിടണമെന്ന നിലപാടാണ് പലപ്പോഴും സിപിഎം നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിൻ്റെ ഈ സമീപനം യഥാർത്ഥത്തിൽ ലീഗിനും അതുവഴി ഇപ്പോൾ യുഡിഎഫിനുമാണ് ഗുണം ചെയ്തിരിക്കുന്നത്.

മുസ്ലീം വോട്ടുകൾ യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് മുസ്ലിംലീഗാണ്. അതല്ലായിരുന്നു എങ്കിൽ ഇത്ര വലിയ വിജയം അവർക്ക് സാധ്യമാകുമായിരുന്നില്ല. ബിജെപിയെയും കോൺഗ്രസ്സിനെയും എതിർക്കുന്ന രൂപത്തിൽ തന്നെ ലീഗിനെ എതിർക്കാൻ ഇനിയെങ്കിലും സിപിഎം നേതൃത്വം തയ്യാറാകണം. നിങ്ങൾ വർഗ്ഗീയ പാർട്ടി അല്ലെന്നു പറയുന്നവർ വടകരയിൽ എന്ത് കാർഡാണ് കളിച്ചതെന്നതും ഓർക്കുന്നത് നല്ലതാണ്. ഇന്ന് വടകരയെങ്കിൽ നാളെ , അത് മറ്റു തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്നതും തിരിച്ചറിയുന്നത് നല്ലതാണ്. ഭൂരിപക്ഷ വർഗ്ഗീയത പോലെ തന്നെ അപകടകരമാണ് ന്യൂനപക്ഷ വർഗ്ഗീയതയും. അത് വിളിച്ചു പറയാനും പ്രതിരോധിക്കാനും കമ്യൂണിസ്റ്റുകൾക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ഇടതുപക്ഷം കാണിക്കുന്നില്ലന്ന പരാതി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങൾക്കിടയിലും ശക്തമാണ്. ഇതും ലോകസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്.

തീവ്രനിലപാടുകൾ ഉള്ള സങ്കല സംഘടനകളും ഈ തിരഞ്ഞെടുപ്പിലും ലീഗിനെയാണ് പിന്തുണച്ചിരിക്കുന്നത്. നാളെയും അത് അങ്ങനെ തന്നെ ആയിരിക്കും. ഈ നിലപാടുകളെ തുറന്നു കാട്ടാതെ ഇനി ഇടതുപക്ഷത്തിന് മുന്നോട്ട് പ്രാകാൻ കഴിയുകയില്ല. ലീഗ് ഇടതുപക്ഷത്തേക്ക് വരുമെന്ന പ്രതീക്ഷ ഏതെങ്കിലും ഇടതുപക്ഷ നേതാക്കൾ വച്ചു പുലർത്തുന്നുണ്ടെങ്കിൽ അതും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് ലീഗിൻ്റെ അടിത്തറ. അത് വിട്ട് ആ പാർട്ടി വന്നാൽ നേതാക്കൾ വരുമെന്നല്ലാതെ അവരുടെ അണികളോ അനുഭാവികളോ ഒരിക്കലും വരികയില്ല. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.

അതേസമയം, ലീഗ് ഇടതുപക്ഷത്തേക്ക് വന്നാൽ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷ വോട്ട് ബാങ്കിനെയും സാരമായി ബാധിക്കും. അതു കൊണ്ട് ഇനിയെങ്കിലും ആ സാഹസത്തിന് മുതിരാതെയിരിക്കുന്നതാണ് സിപിഎം നേതാക്കൾക്ക് നല്ലത്.

സ്വയം തിരുത്തി മുന്നോട്ട് പോകാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് സിപിഎം ആദ്യം ശ്രമിക്കേണ്ടത്. നേതാക്കളുടെ പെരുമാറ്റത്തിലും കർശന നിയന്ത്രണം ആവശ്യമാണ്. സോഷ്യൽ മീഡിയകളും ദൃശ്യമാധ്യമങ്ങളും വലിയ സ്വാധീനം ചെലുത്തുന്ന ഈ പുതിയ കാലത്ത് ഒരു വില്ലൻ പരിവേഷമാണ് പ്രതികരണങ്ങൾ നടത്തുന്ന ചില കമ്യൂണിസ്റ്റ് നേതാക്കൾക്ക് ജനങ്ങളുടെ മനസ്സിൽ ഇന്നുള്ളത്. അത് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തിരുത്തുന്നതായിരിക്കും നല്ലത്.

ജനങ്ങൾക്ക് ഏത് പ്രതിസന്ധിയിലും സമീപിക്കാൻ കഴിയുന്ന നേതാക്കളായി നേതാക്കൾ മാറണം. താഴെ തട്ടുമുതൽ ആ രീതി നടപ്പാക്കണം. സംസ്ഥാന സർക്കാറിൻ്റെ ഭരണവും മെച്ചപ്പെടുത്തണം ആവശ്യമെങ്കിൽ മന്ത്രിസഭയിൽ അഴിച്ചു പണി നടത്താനും ഇടതുപക്ഷ നേതൃത്വം തയ്യാറാകണം. സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. കേന്ദ്ര സർക്കാർ സാമ്പത്തിപ്രതിസന്ധി ഉണ്ടാക്കുന്നെങ്കിൽ അത് ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം.

2019-ൽ പരാജയപ്പെട്ടപ്പോൾ 2021-ൽ തിരിച്ചു വരാൻ പ്രകൃതി തന്നെ ഒരുക്കി തന്ന ഒരുപാട് അനുകൂല ഘടകങ്ങൾ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റ പരാജയത്തിൽ നിന്നും 2026-ൽ കരകയറാൻ അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്നതും ഇടതുപക്ഷ നേതൃത്വം തിരിച്ചറിയണം.