അമേരിയ്ക്കന്‍ സ്പെല്ലിംഗ് ബീ മത്സരക്കാരില്‍ ഭൂരിഭാഗം ഇന്‍ഡ്യന്‍ കുട്ടികള്‍

കോര ചെറിയാൻ

ഫിലാഡല്‍ഫിയാ, യു.എസ്.എ.: കഴിഞ്ഞ മാസാവസാനം നടന്ന സ്ക്രിപ്പ്സ് നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം ഇന്‍ഡ്യന്‍ മാതാപിതാക്കളുടെ എഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ബൃഹത് സോമ – 12 കരസ്ഥമാക്കി. 90 സെക്കന്‍റിനുള്ളില്‍ 29 ഇംഗ്ലീഷ് വാക്കുകള്‍ കൃത്യമായി സ്പെല്‍ ചെയ്തു. അനേകലക്ഷം ജനങ്ങള്‍ ടെലിവിഷനില്‍ക്കൂടിയും ഓണ്‍ലൈനിലും വീക്ഷിച്ച സ്പെല്ലിംഗ് ബീ മത്സരം ഗേയ്ലോര്‍ഡ് നാഷണല്‍ റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍, മേരിലാന്‍ഡ് സ്റ്റേറ്റില്‍ ആണ് നടന്നത്. 1999 ന് മുന്‍പായി രണ്ടു ഇന്‍ഡ്യന്‍ വംശ പരമ്പരയിലുള്ള കുട്ടികള്‍ താത്ക്കാലിക വിന്നര്‍ സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2019-ലെ മത്സര വേദിയിലുണ്ടായിരുന്ന
8 മത്സരാര്‍ത്ഥികളില്‍ 7 ഉം ഇന്‍ഡ്യന്‍ പാരമ്പര്യത്തിലുള്ളവരായിരുന്നു.
ശക്തമായ മത്സരശേഷം നടന്ന പ്രസ്സ് കോണ്‍ഫറന്‍സില്‍ ഭഗവത്ഗീതയിലെ ഭക്തിനിര്‍ഭരവും കാവ്യാത്മകവുമായ വേദവചനങ്ങള്‍ 80 ശതമാനവും ഓര്‍മ്മയില്‍ ഉണ്ടെന്നും കാണാപാഠമായി ഉച്ഛരിക്കുവാന്‍ പ്രാപ്തനാണെന്നും സോമ മാദ്ധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ഏതാനും ശ്ലോകങ്ങള്‍ ഭക്തിയോടെ ആലപിക്കുകയും ചെയ്തു.
അമേരിക്കന്‍ കുടിയേറ്റത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഡ്യന്‍ വംശകരുടെ നിഷ്കപടമായ കുടുംബസ്നേഹവും കഠിനാദ്ധ്വാനവും വിദ്യാഭ്യാസത്തിനും സാമൂഹ്യ ബന്ധങ്ങള്‍ക്ക് ഉത്തജനവും ഊര്‍ജ്ജവും നല്‍കുന്നതായി പല സാമൂഹ്യ പ്രവര്‍ത്തകരും അവകാശപ്പെടുന്നു. 2022-ലെ ജനസംഖ്യാ ഗണനാനുസരണം ഇന്‍ഡ്യയില്‍ ജനിച്ചു അമേരിക്കയില്‍ എത്തിയ 31 ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ ശരാശരി പ്രതിവര്‍ഷ വരുമാനം 1,47,000 ഡോളറില്‍ എത്തിയതായി സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-ല്‍ സ്പെഷ്യലൈസ്ഡ് തൊഴിലിനുവേണ്ടി അമേരിക്കന്‍ ഗവണ്‍മെന്‍റ് അനുമതി നല്‍കിയ എച്ച്-1ബി വിസയില്‍ 74 ശതമാനവും ഇന്‍ഡ്യന്‍ യുവതീയുവാക്കള്‍ക്കു ലഭിച്ചതിനോടൊപ്പം 2022-23 കാലഘട്ടത്തില്‍ ഏകദേശം 2,69,000 ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അഡ്മിഷനും കിട്ടിയതായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ പ്രസ്താവനയില്‍ പറയുന്നു.
2016-ല്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‍റെ ജോയിന്‍റ് സെക്ഷനെ സംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ കോ-ചാംമ്പ്സായ ഇന്‍ഡ്യന്‍ വംശ മത്സരാര്‍ത്ഥികളായ നിഹാര്‍ ജാംഗയെയും ജയ്റാം ഹാത്വാറിനേയും പ്രത്യേകം അഭിനന്ദിച്ചു. ഇന്‍ഡ്യന്‍ വംശകരായ അമേരിക്കന്‍ സ്റ്റുഡന്‍റ്സിനെ വീണ്ടും പുകഴ്ത്തിയതിനോടൊപ്പം ഉന്നത നിലകളിലേയ്ക്കുള്ള പ്രയാണം കഠിനാദ്ധ്വാനത്തിലൂടെ തുടരണമെന്നും ഉപദേശിച്ചു.
വീട്ടില്‍ തെലുങ്ക് ഭാഷയില്‍ സംസാരിച്ചാലും അമേരിക്കന്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ മുഖ്യമായും പങ്കെടുക്കുന്നത് ആന്ധ്രാപ്രദേശില്‍നിന്നും തെലങ്കാനയില്‍നിന്നും കുടിയേറിപാര്‍ത്തവരുടെ കുട്ടികളാണ്. സ്പെല്ലിംഗ് ബീ മത്സരം വേദിയില്‍ നടക്കുമ്പോഴും പരസ്പരം മാതൃഭാഷയായ തെലുങ്കില്‍തന്നെ സംസാരിക്കുന്നതായി ഒരു മത്സരാര്‍ത്ഥിയുടെ പിതാവ് ദസാറി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് ആദ്യമായി ഗുജറാത്ത് സ്റ്റേറ്റിലെ ദേവ് ഷാ യ്ക്ക് കിട്ടിയതായി പിതാവ് ദേവല്‍ ഷാ അഭിമാന സമേതം വേദിയില്‍ സന്നിഹിതരായവരെ അറിയിച്ചു. 2022-ലെ വിജയിയായ ഹാരിനി ലോഗന്‍റെ പിതാവ് എന്‍ജിനീയറും മാതാവ് ഡോക്ടറുമാണ്.
സ്പെല്ലിംഗ് ബീ മത്സരവേദിയില്‍ എത്തിച്ചേരുവാന്‍ വേണ്ടി ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയിന്‍പ്രകാരം സാധാരണം ഉപയോഗത്തിലുള്ള 1,70,000 ത്തിലധികം വാക്കുകളുടെയും 47,000 ല്‍പ്പം പഴകിയതും കാലോചിതമല്ലാത്തതുമായ വാക്കുകളുടേയും സ്പെല്ലിംഗ് മനഃപാഠമാക്കുവാനുള്ള ഉദ്യമം വിഭാവനയിലും വിദൂരതയില്‍ തന്നെ.
കോര ചെറിയാന്‍