ടോംസ് കോളേജിന് താഴുവീഴും

വിദ്യാര്‍ത്ഥി പീഡനം നടത്തിയ കോട്ടയം ടോംസ് കോളേജിന് താഴുവീഴും. അടുത്ത അധ്യായന വര്‍ഷം മുതല്‍ കോളജിന്റെ അംഗീകാരം പുതുക്കി നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാടാണ് സാങ്കേതിക സര്‍വ്വകലാശാല കൈക്കൊണ്ടത്. എന്നാല്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന കാര്യങ്ങള്‍ സംബന്ധിച്ച് എ.ഐ.സി.ടി.ഇയുമായി ആലോചിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുവാനും ഇന്നലെ ചേര്‍ന്ന സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. നടപ്പ് അധ്യായന വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാമെന്നും കോളേജ് മാറണമെന്നു താല്‍പര്യമുള്ളവര്‍ക്ക് സാങ്കേതിക സര്‍വ്വകലാശാല വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ടോംസ് കോളേജിലെ വിദ്യാര്‍ത്ഥി പീഡനത്തെപ്പറ്റി അന്വേഷണം നടത്തിയ സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ വി.സി. പത്മകുമാറും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ എസ്. ഷാബുവും അംഗങ്ങളായുള്ള സംഘത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലയുടെ നിര്‍ണ്ണായക നടപടി.

കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും സര്‍വ്വകലാശാല അന്വേഷണസംഘം കണ്ടെത്തി.

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ടോംസ് കോളേജിനെതിരെ വ്യാപക പരാതികളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.

സംഭവം വിവാദമായതോടെ സാങ്കേതിക സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആദ്യഘട്ട തെളിവെടുപ്പിനു ശേഷം കോളേജിന്റെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട തെളിവെടുപ്പു നടത്താന്‍ സാങ്കേതിക സര്‍വ്വകലാശാല തീരുമാനിച്ചത്.

ടോംസ് കോളേജിലെ 30 രക്ഷിതാക്കള്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയിരുന്നു. 30 വിദ്യാര്‍ത്ഥികള്‍ പഠനം മതിയാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും രക്ഷിതാക്കളുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.