ഇരവിപേരൂര്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി പുതുക്കിപ്പണിയുന്നു

ഇരവിപേരൂര്‍ : മാര്‍ത്തോമ്മാ സഭയിലെ ആദ്യത്തെ ഓടിട്ട പള്ളിയാണ് ഇരവിപേരൂര്‍ മാര്‍ത്തോമ്മാ പള്ളി. 106 വയസ്സാകുന്നു ആ പുതുമയ്ക്ക്. സഭാചരിത്രത്തില്‍ ആദ്യത്തെ എന്ന പദത്തിനു പല വിധത്തില്‍ ഉടമസ്ഥതയുള്ള ഈ പുരാതന ദേവാലയം ഇനി പുതുമോടിയോടെ ശോഭിക്കും. പള്ളിയുടെ പുനര്‍നിര്‍മ്മാണത്തിന് അഞ്ചാംതീയതി 11.30-ന് ശിലാസ്ഥാപനം നടക്കും.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം  വലിയ മെത്രാപ്പോലീത്തയും ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയും ചേര്‍ന്നാണ് പുതിയ പള്ളിക്കു ശില പാകുന്നത്. രാവിലെ എട്ടരയ്ക്ക് കുര്‍ബാനയും നടക്കും.

ഓലയും പുല്ലും മേഞ്ഞ മുള കൊണ്ടു കെട്ടിയുയര്‍ത്തിയ പള്ളികള്‍ മാത്രമുണ്ടായിരുന്ന കാലത്താണ് ഓടിട്ട മേല്‍ക്കൂരയുമായി ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി ഉയര്‍ന്നത്.

സ്വത്തുക്കളെല്ലാം കോടതിവിധിയിലൂടെ നഷ്ടമായ മാര്‍ത്തോമ്മാ സഭ വെറും കയ്യോടെ നില്‍ക്കുന്ന കാലമായിരുന്നു അത്. മാതൃ ഇടവകയായ കല്ലൂപ്പാറ പള്ളിയില്‍ 1875-ല്‍ അടങ്ങപ്പുറത്ത് യാക്കോബ് കത്തനാരുടെ നേതൃത്വത്തില്‍ ആരംഭിച്ച നവീകരണ ശ്രമങ്ങള്‍ കേസില്‍ എത്തിയിരുന്നു. കല്ലൂപ്പാറ പള്ളിയില്‍ തുല്യ അവകാശത്തോടെ ആരാധിക്കാന്‍ അനുകൂല കോടതിവിധി ലഭിച്ചിട്ടും സ്വന്തമായൊരു പള്ളിയെന്ന ആഗ്രഹം വിശ്വാസികളില്‍ പ്രാര്‍ത്ഥനയായി വളര്‍ന്നു.

പൂര്‍വ്വ പിതാക്കന്മാരുടെ സമര്‍പ്പണം ഏറ്റെടുത്ത അവര്‍ ഇപ്പോഴത്തെ ഇരവിപേരൂര്‍ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം 1892-ല്‍ വാങ്ങി. 1908-ല്‍ പള്ളി പണി തുടങ്ങി. ഇടവകക്കാരുടെ ഒരുമയുടെ ഫലമായി 1911 ഫെബ്രുവരി എട്ടിനു പണി പൂര്‍ത്തിയായി. പാലക്കുന്നത്ത് തീത്തൂസ് ദ്വിതീയനാണ് കൂദാശ നടത്തിയത്. ഓടിട്ട പള്ളി അന്ന് ആധുനികതയുടെ കാഴ്ചയായിരുന്നു. ഈ പള്ളിയുടെ ആത്മീയ സന്താനങ്ങളായി ഒട്ടേറെപ്പേരുണ്ട്. കാലം ചെയ്ത ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, കലമണ്ണില്‍ യാക്കോബ് കത്തനാര്‍, കലമണ്ണില്‍ വട്ടക്കോട്ടാല്‍ കെ.ഇ. ജേക്കബ് കശീശ തുടങ്ങിയവര്‍. മാര്‍ ക്രിസോസ്റ്റത്തിന്റെ പിതാവ് കെ.ഇ. ഉമ്മന്‍ കശീശ ഇവിടെ വികാരിയായിരുന്നു. അദ്ദേഹമാണ് സ്വമേധാ ദാനത്തിന് സഭയില്‍ തുടക്കമിട്ടത്.

സഭയിലെ വേറെയും ചില തുടക്കങ്ങള്‍ ഈ തിരുമുറ്റത്തു നിന്നായിരുന്നു. സന്നദ്ധ സേവനങ്ങളില്‍ മാതൃകയായ സഹോദര സംഘം ഇവിടെയാണു പിറന്നത്. ക്രിസ്തീയ യുവജന സംഘം രൂപം കൊണ്ടത് ഇവിടെയാണ്. സഭയില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ വൈദികനെ ആദ്യം നിയമിച്ചതും ഇവിടെയാണ്. മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങുന്നതിനു മുന്‍പ് ഇരവിപേരൂര്‍ പള്ളിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടന്നിരുന്നു. പ്രയാറ്റുകടവ് കണ്‍വെന്‍ഷന്‍.

ഈ പള്ളിമുറ്റവും പള്ളിയുടെ തട്ടിന്‍പുറവുമൊക്കെ പല സംരംഭങ്ങളുടെയും ഉറവിടമായിട്ടുണ്ട്. മാര്‍ ക്രിസോസ്റ്റവും മറ്റും പണ്ടു താമസിച്ചിരുന്നതു പള്ളിയുടെ തട്ടിലാണ്. അവിടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയ യുവാക്കളുടെ സാമൂഹിക ദര്‍ശനങ്ങള്‍ പല സ്ഥാപനങ്ങള്‍ക്കും മാര്‍ഗ്ഗരേഖയായി. ഈ ഒത്തുചേരലിന് ഫെലോഷിപ്പ് എന്നായിരുന്നു പേര്. അവരുടെ ചിന്തയില്‍ നിന്നാണ് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയുടെ തുടക്കം. കെ.ഇ. ഉമ്മന്‍ കശീശയായിരുന്നു. മാര്‍ഗ്ഗദര്‍ശകന്‍. മാര്‍ ക്രിസോസ്റ്റത്തിന്റെ സഹോദരന്‍ പരേതനായ ഡോ. ജേക്കബ് ഉമ്മനുമുണ്ടായിരുന്നു കൂട്ടത്തില്‍.

പള്ളിമുറ്റത്തുണ്ടായിരുന്ന ചൂളമരത്തിന്റെ ചുവട്ടിലാണ് മാര്‍ ക്രിസോസ്റ്റവും മറ്റും ഉള്‍പ്പെട്ട പ്രാര്‍ത്ഥനാസംഘം രൂപം കൊണ്ടത്. സഹോദരസംഘം എന്ന പ്രസ്ഥാനം വസൂരിക്കാലത്ത് സന്നദ്ധ സേവനത്തിനു പോയിരുന്നു. സംഘം ഇപ്പോഴില്ല.

ഇപ്പോഴത്തെ ദേവാലയം പുനര്‍നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുന്നത് റവ. ഡാനിയല്‍ വര്‍ഗ്ഗീസും റവ. റെന്‍സി തോമസ് ജോര്‍ജുമാണ്. രാമസ്വാമി അസോഷ്യേറ്റ്‌സ് രൂപരേഖ തയ്യാറാക്കി. ഇടവകാംഗമായ റിട്ട. ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗ്ഗീസ് സാങ്കേതിക ഉപദേശം നല്‍കുന്നു.

മനോഹരമായ ഈ കുന്നിന്‍പുറം പ്രാര്‍ത്ഥനയുടെ പുതിയ ഉന്നതികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. സഭയിലെ പല ദൗത്യങ്ങള്‍ക്കും തുടക്കം കുറിച്ച മണ്ണില്‍, കാലം നല്‍കുന്ന പുതിയ ചുമതലകളും വെല്ലുവിളികളും ഏറ്റെടുക്കാന്‍