നാദിര്‍ഷായ്ക്കും ദിലീപിനും ട്രംപ് വക എട്ടിന്റെ പണി

തിരുവനന്തപുരം: വിസാ സിയന്ത്രണം ഏര്‍പ്പെടുത്തി, അമേരിക്കന്‍ പ്രസിഡന്റ് ലോകമെമ്പാടുമുള്ളരുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തുമ്പോള്‍ കേരളത്തില്‍ രണ്ട് പേര്‍ ആശങ്കയിലാണ്. നടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും.

ദിലീപിന്റെ നേതൃത്വത്തില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന സ്റ്റേജ്‌ഷോ ഏപ്രിലില്‍ അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ മുസ്‌ലിമായ നാദിര്‍ഷയ്ക്ക് വിസ ലഭിക്കുമോ എന്ന് ഉറപ്പില്ല. ഏഴ് മുസ്‌ലിം രാജ്യങ്ങള്‍ക്കാണ് വിസ നിഷേധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തിനുള്ളില്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രംമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം പൗരന്‍മാരെ വിമാനത്താവളങ്ങളില്‍ തടഞ്ഞ് വയ്ക്കുന്നുണ്ട്. ഇതെല്ലാം തങ്ങളുടെ യാത്രയെ ബാധിക്കുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

നാദിര്‍ഷയെ കൂടാതെ മറ്റ് മുസ്‌ലിം സോഹദരന്‍മാരും യാത്രാ സംഘത്തിലുണ്ട്. ദിലീപും കാവ്യയും പിഷാരടിയും ധര്‍മജനും അടങ്ങുന്ന സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുമ്പ് ഷാരൂഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞ് വയ്ക്കുകയും വസ്ത്രം ഉരിഞ്ഞ് ദേഹപരിശോധന നടത്തുകയും ചെയ്തത് വിവാദമായിരുന്നു. അതിന് ശേഷം മമ്മൂട്ടിയേയും ഇത്തരത്തില്‍ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. അതിന് ശേഷം അദ്ദേഹം അമേരിക്കയില്‍ പോയിട്ടില്ല. രഞ്ജിത്ത് അച്ചായന്‍ എന്നൊരു സിനിമ അമേരിക്കയില്‍ വെച്ച് പ്ലാന്‍ ചെയ്‌തെങ്കിലും അത് കാരണം മമ്മൂട്ടി പിന്‍മാറിയിരുന്നു.

സംയുക്താവര്‍മയും സംഘവും മുമ്പ് അമേരിക്കയില്‍ സ്റ്റേജ്‌ഷോയ്ക്ക് പോയപ്പോള്‍ വിമാനത്തിലിരുന്ന് സ്‌കിറ്റിന്റെ റിഹേഴ്‌സല്‍ നടത്തി. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്യാനുള്ള പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ച് എഫ്.ബി.ഐ വിമാനത്താവളത്തില്‍ വെച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇത്തരം ദുരനുഭവങ്ങളെല്ലാം അമേരിക്കയിലേക്ക് പോകുന്ന കലാകാരന്‍മാരെ ഭയപ്പെടുത്തുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമാണ് അമേരിക്ക ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.