ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്

    ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്. അന്‍പത്തി ഒന്നാമത് ഫാല്‍ക്കെ പുരസ്‌കാരത്തിനാണ്  രജനീകാന്ത് അര്‍ഹനാകുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാല്‍, ശങ്കര്‍മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് രജനികാന്തിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അര നൂറ്റാണ്ട് കാലത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം.

    കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനി 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ കാലെടുത്തു വച്ചത്. ശിവാജി റാവു എന്ന പേര് രജിനികാന്ത് എന്നാക്കിയത് ബാലചന്ദറാണ്. അതേവര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. തുടര്‍ന്ന് മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി (1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

    എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമല്‍ഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവര്‍ഗള്‍ തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ഉപെടുന്നു. 2002ല്‍ രജനി അഭിനയം നിര്‍ത്തുന്നു എന്ന അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു.

    അക്ഷന്‍ രംഗങ്ങളിലെ ചടുലതയും പാട്ടു സീനുകളിലെ വേറിട്ട ശൈലിയും രജനി കാന്തിന്റെ പ്രത്യേകതകളാണ്. തൊണ്ണൂറുകളില്‍ മന്നന്‍, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി.

    നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. 2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം  ആദരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജിനി കാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

    രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെക്കാലമായി തമിഴ്‌നാട്ടില്‍ സജീവ ചര്‍ച്ചയാണ്. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സുപ്രധാന പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം നേരെത്തെ ചര്‍ച്ചയായിരുന്നു.

    ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.